ഭാരതത്തിലെ വീട്ടമ്മമാര്‍ക്ക് വേണ്ടി ആദ്യം ഉയര്‍ന്ന ശബ്ദം ആരുടേതാണെന്ന് ചോദിച്ചാല്‍ തെല്ലും സംശയംകൂടാതെ പറയാം അത് ഇള ഭട്ടിന്റേതാണെന്ന്. കുടുംബം പോറ്റുന്നതിന് വേണ്ടി തൊഴില്‍ കരാറോ, പെന്‍ഷനോ ആരോഗ്യ ഇന്‍ഷുറന്‍സോ ഒന്നും തന്നെയില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ ലക്ഷക്കണക്കിന് ഭാരതീയ വനിതകള്‍ക്കുവേണ്ടിയാണ് ഇള സംസാരിക്കുന്നത്.
ദരിദ്രരും അവകാശങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുംവേണ്ടി ഒരു കൂട്ടായ ശബ്ദം ഉയരേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി അവര്‍ ചിന്തിച്ചതിന്റെ ഫലമായി രൂപംകൊണ്ട സംഘടനയാണ് സെല്‍ഫ് എംപ്ലോയ്ഡ് അസോസിയേഷന്. സേവ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംഘടന രൂപം കൊണ്ടത് 1971 ലാണ്.
ഗുജറാത്തിലെ അഹമ്മദാബാദില്‍ 1933 ല്‍ ജനിച്ച ഇള ഭട്ടിന്റെ അച്ഛന് സുമന്ത്രൈ ഭട്ട് അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. അമ്മ വനലീല വ്യാസ് സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന വ്യക്തിയാണ്. അച്ഛന്റേയും അമ്മയുടേയും വഴി പിന്തുടര്‍ന്ന ഇള അഭിഭാഷകവൃത്തിയിലും സമാജസേവനത്തിലും ഒരുപോലെ അറിയപ്പെടുന്നു.
സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയില്‍ അനുപമ വ്യക്തിത്വമാണ് ഇളയുടേത്. ജീവിതത്തിലുടനീളം ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ഇള.
ഭാരതത്തില്‍ അതിരുവല്കരിക്കപ്പെട്ട സ്ത്രീകളുടെ ദാരിദ്രം നിറഞ്ഞ ജീവിതത്തെ കുറിച്ച് അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ളതിനാല്‍ അതിനൊരു പരിഹാരം തേടുന്നതിനായാണ് ജീവിതത്തില്‍ ഉടനീളം അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.
ഭാരതം സ്വാതന്ത്ര്യം നേടുന്നതിനുള്ള പോരാട്ടവഴിയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ജനിച്ചതുകൊണ്ടുതന്നെ ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ കാണുന്നതിന് ഇളക്ക് കഴിഞ്ഞിരുന്നു.
കൂടാതെ ഗാന്ധിയന്‍ ആശയങ്ങളുടെ സ്വാധീനവും. തൊഴില്‍ നിയമസംരക്ഷണത്തിന്റെ പരിധിയിലില്ലാത്ത അനേകായിരം പേര് സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക സേവനങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കഴിയുന്നു. അവര്‍ അസംഘടിതരും പരിഹാരം തേടാന്‍ ശേഷിയില്ലാത്തവരുമാണ്. അതുകൊണ്ടുതന്നെ അവര്‍ ദരിദ്രരായി തുടരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ഒരു സംഘടന തുടങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇള ചിന്തിച്ചത്. അങ്ങനെയാണ് സേവ രൂപംകൊണ്ടത്. രാജ്യത്തെതന്നെ ഏറ്റവും വലിയ സംഘടനകളിലൊന്നാണിത്. 1.2 ദശലക്ഷത്തോളം സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്.
ഇള ഭട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം അര്‍ഹമായ ഒട്ടനവധി പുരസ്കാരങ്ങളാണ് തേടിയെത്തിയിട്ടുള്ളത്. രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളായ പത്മശ്രീ, പത്മഭൂഷണ്‍ എന്നിവ കൂടാതെ അന്തര്‍ദ്ദേശീയ പുരസ്കാരങ്ങള്‍ വരെ ലഭിച്ചിട്ടുണ്ട്. 1977 ല്‍ മാഗ്സസെ പുരസ്കാരത്തിനും 2011 ഇന്ദിരാഗാന്ധി പുരസ്കാരത്തിനും അര്‍ഹയായി.
തന്റെ ആരാധ്യവനിതകളില്‍ ഒരാളാണ് ഇള ഭട്ടെന്ന് ഹിലരി ക്ലിന്റണ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
‘സേവ’ കോഓപ്പറേറ്റീവ് ബാങ്കിന്റെ സ്ഥാപകയും ഈ അഭിഭാഷകയാണ്. മനുഷ്യാവകാശ, സമാധാന പ്രചാരണത്തിനായി 2007ല്‍ ദക്ഷിണാഫ്രിക്കന്‍ നേതാവ് നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ‘എല്‍ഡേഴ്സ്’ എന്ന ലോക നേതാക്കളുടെ കൂട്ടായ്മയിലെ അംഗം കൂടിയാണിവര്‍. 1956 ല്‍ രമേശ് ഭട്ടിന്റെ ജീവിതസഖിയായി. അമിമയി, മിഹിര്‍ എന്നിവരാണ് മക്കള്‍. 83-ാം വയസ്സിലും തന്റെ കര്‍മരംഗത്ത് വിട്ടുവീഴ്ചയില്ലാതെ പോരാടുകയാണ് ഇള ഭട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: