കാഞ്ഞങ്ങാട്: നഗരത്തിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎസ്ടിപി അധികൃതര്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കാത്തത് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ദിരുതമാകുന്നു. തൃക്കണ്ണാട് പ്രദേശത്ത് ഓവുചാലില്ലാത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നതെങ്കില്, കാഞ്ഞങ്ങാട് നഗരത്തില്‍ നിലവിലുള്ള ഓവുചാല്‍ വൃത്തിയാക്കിയതാണ് ദുരിതമായത്. ടിബി റോഡ് ജംഗ്ഷന് മുതല്‍ കോട്ടച്ചേരി ബസ്സ്റ്റാന്റ് വരെയുള്ള ഭാഗത്തെ ഓവുചാലാണ് റോഡ് നിര്‍മാണത്തിന് മുന്നോടിയായി സ്ലാബുകള്‍ മാറ്റി വൃത്തിയാക്കിയത്. നേരത്തെ ഓവുചാല്‍ നിര്‍മാണം നടത്തിയില്ലെന്നാരോപണത്തെ തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്നു റോഡ് പ്രവര്‍ത്തികള്‍ കെഎസ്ടിപി അധികൃതര്‍ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും വിണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റോഡ് നിര്‍മാണം യാത്രക്കാര്‍ക്ക് അസൗകര്യമാകുന്ന രീതിയിലാണെന്നുള്ള ആരോപണം വ്യാപകമായിട്ടുണ്ട്.
കോട്ടച്ചേരി ബസ്സ്റ്റാന്റ് മുതല്‍ ടി.ബി.റോഡ് വരെയുള്ള ഭാഗത്തെ ഓവുചാലുകളാണ് സ്ലാബുകള്‍ നീക്കി വൃത്തിയാക്കിയത്. എന്നാല്‍ വൃത്തിയാക്കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സ്ലാബ് മൂടാത്തതാണ് യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരോ പോലെ ദുരിതമായത്. കഴിഞ്ഞ ദിവസം നഗരത്തിലെത്തിയ വൃദ്ധ ഓവുചാലിനകത്ത് വീണ് നട്ടെല്ലിന് പരിക്ക് പറ്റി ചികിത്സ തേടിയിരുന്നു. ഇപ്പൊഴും നിരവധി പേരാണ് കുഴിയില്‍ വീഴുന്നത്. ടിബി റോഡിന് സമീപം പാണത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ബസ് പാര്‍ക്കിംഗ് സ്ഥലത്ത് യാത്രക്കാര്‍ക്ക് നടന്നുപോകാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇവിടെ റോഡിലൂടെയാണ് കാല്‍നടയാത്രക്കാര്‍ പോകുന്നത്.
ഒരാഴ്ച മുമ്പാണ് നവീകരണത്തിന്റെ ഭാഗമായി കോ ണ്ക്രീറ്റ് സ്ലാബുകള്‍ മുഴുവനായും എടുത്ത് മാറ്റിയത്. മാലിന്യം നീക്കിയശേഷം പുനസ്ഥാപിക്കുമെന്ന് കരുതിയിരുന്ന സ്ലാബുകള്‍ ദിവസങ്ങള്‍ കഴിഞ്ഞും അതേ നിലയില്‍ തന്നെയാണ്. ജെസിബി ഉപയോഗിച്ച് സ്ലാബൂകള് നീക്കിയപ്പോള്‍ പഴക്കം മൂലം ഒട്ടുമിക്ക സ്ലാബുകളും തകര്‍ന്നിട്ടുണ്ട്. ഓവുചാലുകള്‍ മൂടാത്തത് വ്യാപാരികള്‍ക്കും കടുത്ത ബുദ്ധിമുട്ടായിട്ടുണ്ട്. കടകള്‍ക്ക് മുന്നിലെ ഓവുചാല്‍ ചാടിക്കടന്ന് ഉപഭോക്താക്കള്‍ വരാന്‍ മടിക്കുന്നതായും സമീപത്തെ വ്യാപാരികള്‍ പറയുന്നു. ഇവര്‍ക്ക് കടകളിലേക്ക് സാധനമെത്തിക്കാനും സാധിക്കാതെയായി. കെഎസ്ടിപി അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഓടകള്‍ സ്ലാബിട്ട് മൂടണമെന്നാവശ്യപ്പട്ട് നഗരസഭ അധ്യക്ഷന്‍ വ്യാപാരികള്‍ നിവേദനം നല്‍കിയിട്ടുണ്ട്.
ഓടകള്‍ വൃത്തിയാക്കുമ്പോള്‍ ഇരുവശവും സംരക്ഷണവേലി നിര്‍മ്മിക്കാത്തത് യാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ കാരണമാകുന്നു. ഓടകളില്‍ നിന്ന് നീക്കം ചെയ്ത മാലിന്യം സമീപത്ത് തന്നെ കൂട്ടിയിട്ടത് മഴയത്ത് ഓട്ടോറിക്ഷകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും ദുരിതമാകുന്നു. കാഞ്ഞങ്ങാട് സൗത്തില്‍നിന്നും ആ രംഭിച്ച റോഡ് പൂര്‍ണമായും അടച്ചുള്ള പ്രവര്‍ത്തികള്‍ ഗ താഗതത്തെയും സാരമായി ബാധിക്കുന്നു. സൗത്തില്‍ നിന്നും ആറങ്ങാടി, അലാമിപ്പള്ളി പുതിയബസ് സ്റ്റാന്റ് വഴിയാണ് ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നത്. സ്കൂള്‍ തുറന്ന സമയമായതിനാല്‍ രാവിലെയും വൈകുന്നേരവും ഗതാഗതക്കുരുക്കും പതിവാണ്. ആറങ്ങടി റോഡിന് വീതി കുറവാണെന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡ് നിര്‍മാണപ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ നഗരസഭ അധികാരികള്‍ ശ്രമിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: