ബത്തേരി: ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിയമനവുമായി നടന്നതായി പറയപ്പെടുന്ന അഴിമതിയെപ്പറ്റി വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാങ്കില്‍ പ്യൂണ്‍, വാച്ച്മാന്, പാര്‍ട്ട്ടൈം സ്വീപ്പര്‍ എന്നിങ്ങനെ 17 ഓളം തസ്തികയിലേക്കാണ് വഴിവിട്ട് നിയമനം നടത്തിയത്.
നിയമനവുമായി ബന്ധപ്പെട്ട് 400ഓളം ഉദ്യോഗാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ഉദ്യോഗാര്‍ഥികളെയെല്ലാം കബളിപ്പിച്ചാണ് മുന്‍കൂട്ടി പണം വാങ്ങിയവര്‍ക്കായി പ്രത്യേകം പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കി നിയമനം നടത്തിയതെന്ന് ഇവര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് ഭരണം നടത്തുന്ന ഈ ബാങ്കില്‍ നിയമനത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചിരുന്നു. 2012ല്‍ ബാങ്കില്‍ നടത്തിയ 12 നിയമനങ്ങള്‍ക്കും ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് അന്ന് ബാങ്ക് ഡയറക്ടറായ ഈ കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ഭരണം നടത്തുന്ന ബാങ്കിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ബാങ്കില്‍ നടന്ന മുഴുവന്‍ നിയമനങ്ങളെപ്പറ്റിയും അന്വേഷണം നടത്തണം.
സഹകരണമേഖലയിലെ നിയമനം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് ധന സമ്പാദനത്തിനുള്ള മാര്‍ഗമായിട്ടാണ് കാണുന്നത്.
ബാങ്കുകളിലെ നിയമനം കാശുള്ളവര്‍ക്ക് മാത്രമായി ഒതുക്കിയിരിക്കുകയാണ് ജില്ലയിലെ ചില സഹകരണ ബാങ്കുകളെന്നും ഇവര്‍ പറഞ്ഞു.പത്രസമ്മേളനത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: