ഞാന്‍ തിരുവനന്തപുരം തമ്പാനൂരെത്തുമ്പോള്‍ സമയം ഒട്ടുവൈകിയിരുന്നു. പതിവ് ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തു. കുളിച്ചു, ഫ്രഷായി. ഇനി ഒന്നുവിളിച്ച് അപ്പോയ്മെന്റ് ഫിക്സ് ചെയ്യണം. ഒരു വാരികയുടെ മൂന്നാം പേജിലേക്കു വേണ്ട അഭിമുഖം. അതിനാണ് തിരുവനന്തപുരത്ത് എത്തിയത്. രണ്ടുമൂന്ന് ദിവസം കൊണ്ട് കുറച്ചുപേരുടെ അഭിമുഖങ്ങള്‍ എടുക്കേണ്ടതുണ്ട്.
അതിലൊന്ന് നടന് നെടുമുടി വേണുവിന്റേതായിരുന്നു.
അദ്ദേഹത്തിന്റെ വീടായ തമ്പിലേക്ക് ഫോണ്‍ ചെയ്തു. ആള് സ്ഥലത്തില്ല. അടുത്തത് പ്രൊഫ. എം. കൃഷ്ണന് നായര്‍ എന്ന നിരൂപകന്. അദ്ദേഹത്തെ വിളിച്ചു. (അക്കാലത്ത് ഞാനെഴുതിയ ഒരു കഥയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. അതിനുമുമ്പ് എപ്പോഴോ ഒരു കഥയെക്കുറിച്ച് പിശുക്കി പ്രശംസിക്കുകയും ചെയ്തിരുന്നു).
ആളെ കിട്ടി. പേരുപറഞ്ഞപ്പോഴേക്കും ആളെ മനസ്സിലായി(എന്തൊരു ഓര്‍മശക്തി).പിറ്റേന്ന് ഉച്ചതിരിഞ്ഞ നേരത്ത് കാണാമെന്നേറ്റു. ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വീട്ടിലാണ് കൂടിക്കാഴ്ച.
സമയം സന്ധ്യയാകാന്‍ തുടങ്ങിയിരുന്നു.
പ്രമുഖ സൈക്കോളജിസ്റ്റ്, പ്രശ്സ്ത കോളമിസ്റ്റ്, നടന് എന്ന നിലയിലുള്ള ഡോക്ടറെയാണ് പിന്നീട് കോണ്ടാക്റ്റുചെയ്തത്.
”പത്തുമണിക്ക് ശേഷം കാണാം”. അദ്ദേഹം പറഞ്ഞു. ”നാളെയാണോ”?. ഞാന്‍ ചോദിച്ചു.
” അല്ല, ഇന്നുരാത്രി. പത്തുമണിവരെ എനിക്ക് പേഷ്യന്‍സും ചില കാര്യങ്ങളും ഉണ്ട്. ദേ, ഭക്ഷണം കഴിച്ചിട്ടുവേണം വരാന്‍. ഇവിടെ ഭക്ഷണം ഉണ്ടാവില്ല.” ഏതാണ്ട് ചിരപരിചിതനെപ്പോലെയാണ് കക്ഷിയുടെ ഇടപെടല്‍. ഏതാനും മണിക്കൂര്‍ മുമ്പ് സംസാരം നിര്‍ത്തി വച്ചത് വീണ്ടും തുടരുന്നതുപോലുള്ള സാധാരണത്വം.
എന്നെ അദ്ദേഹവുമായി പരിചയപ്പെടുത്തിയത് പത്രപ്രവര്‍ത്തകനും നോവലിസ്റ്റുമായ തോപ്പില്‍ രാമചന്ദ്രപിള്ളയായിരുന്നു.
” ശരി”. ഞാന്‍ സമ്മതിച്ചു. വീട്ടിലേക്കുള്ള വഴി ചോദിച്ചുമനസ്സിലാക്കി. അത്താഴത്തിനുശേഷം ഞാന്‍ അവിടേക്ക് വച്ചുപിടിച്ചു. ഏതാണ്ട് പത്ത്, പത്ത് സമയം. അദ്ദേഹം എന്നെ കാത്തിരിക്കുകയായിരുന്നു. അഭിമുഖം കഴിഞ്ഞു. എനിക്കുവേണ്ട മെറ്റീരിയലുകള്‍ ഞാന്‍ കുറിച്ചെടുത്തു. പിന്നീട് സംസാരം മറ്റുപലതിലേക്കുമായി.
ആ സമയത്താണ് അദ്ദേഹത്തിന്റെ മകള്‍ ഞങ്ങള്‍ക്ക് ചായയുമായി വന്നത്. സുന്ദരിയായ യുവതി!. ഫാഷന്‍ ഡ്രസ്സിങ്!. ചായ വാങ്ങുന്നതിനിടയില്‍ പരിചയപ്പെട്ടു. ഡോക്ടര്‍ പെട്ടന്ന് ഒരു ചോദ്യം ചോദിച്ചു.
”മോഹന്‍ ഇവള്‍ക്കിപ്പോള്‍ എത്ര പ്രായമായി എന്ന് ഊഹിച്ചുപറയാമോ?” ഞാന്‍ പെട്ടന്ന് ഒന്നമ്പരന്നു. പിന്നെ, അല്പം വൈഷമ്യത്തോടെ പറഞ്ഞു. ‘ഡിഗ്രിക്കു പഠിക്കുകയാകും’.
കുട്ടി ചിരിച്ചു. കുട്ടിയുടെ പിതാവ് ഡോക്ടര്‍ ചിരിച്ചു. കുട്ടി മുറിയില്‍ നിന്നും മറഞ്ഞു.ഡോക്ടര്‍ പറഞ്ഞു. ചിരി ഒതുക്കാതെ-”അവള് എംബിബിഎസ് കഴിഞ്ഞു.
എംഡിയും ചെയ്തു. ഒരു കുട്ടിയുടെ അമ്മയാണ”. ഞാന്‍ അത്ഭുതത്താല് മിഴിച്ചു. ഡോക്ടര്‍ തുടര്‍ന്നു. ”മോഹന്‍ എന്തുകൊണ്ട് ഉത്തരം തെറ്റി എന്ന് ഞാന്‍ പറയാം. ഈ അന്തരീക്ഷം, പെട്ടെന്നുള്ള എന്റെ ചോദ്യം. അവളുടെ സൗന്ദര്യം, ഡ്രസ്സിങ്, ഞാന്‍ അവളുടെ പിതാവാണെന്ന ബോധം, മോഹന്റെ പ്രായം. ഇത്രയുമായപ്പോള്‍ ഉത്തരം തെറ്റി. അതുകൊണ്ട് ആദ്യപാഠം, ജീവിതത്തില്‍ പ്രജുഡിയസ്(മുന്‍ധാരണ) വേണ്ട. ധാരണകള്‍ പലപ്പോഴും ആ സമയത്തെ പല കാരണങ്ങള്‍ക്കൊണ്ട് രൂപപ്പെടുന്നതാണ്. അത് ശരിയാവണമെന്നില്ല. പകരം മുന്‍ധാരണയില്‍ ഉറച്ചുനില്ക്കാതെ ഇടപെടുക. സംസാരം ആ വഴിക്കായി.
‘നോക്കൂ, മോഹന്‍. നിങ്ങള്‍ ഒരെഴുത്തുകാരനല്ലെ. നിങ്ങള്‍ പലപ്പോഴും നിങ്ങളേക്കാള്‍ മുതിര്‍ന്ന എഴുത്തുകാരോട്, പ്രമുഖരായ എഴുത്തുകാരോട് മത്സരിക്കാന്‍ ശ്രമിക്കാറുണ്ടാകാം. അത് ഗുണം ചെയ്തു എന്നുവരില്ല’.
മനസ്സിലായില്ല എന്ന മട്ടില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി.
‘ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഒ.വി. വിജയനോട് മത്സരിക്കാന്‍ തീരുമാനിച്ചു എന്നിരിക്കട്ടെ. ജയിക്കാന്‍ സാധ്യത തീരെയില്ല. അപ്പോഴോ നിങ്ങള്‍ക്ക് നിരാശയാകും ഫലം. പിന്നെ, മനസ്സില്‍ ദേഷ്യമാകാം. വിജയന്റെ കുറവുകളെ പെരുപ്പിക്കുന്ന നെഗറ്റീവ് രീതിയിലേക്ക് മനസ്സ് മാറാം. അത്രമാത്രം.
ഞാന്‍ കേട്ടിരുന്നു. ഗീതയിലെ കാമക്രോധത്തെ ജനിപ്പിക്കുന്നു എന്നതിന്റെ മറുഭാഷ്യം. ‘അതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് മെച്ചമാണുള്ളത്. ദോഷം ഉണ്ടുതാനും. വേണ്ടത് നിങ്ങള്‍ നിങ്ങളോട് തന്നെ മത്സരിക്കുക. ഇന്നു ചെയ്തതിനേക്കാള്‍ നന്നായി നാളെ ചെയ്യാന്‍ ശ്രമിക്കുക. ഇപ്പോ ചെയ്തതിനേക്കാള്‍ നന്നായി അടുത്തതു ചെയ്യാന്‍ ഒരുങ്ങുക. നിങ്ങളോടുതന്നെ മത്സരിക്കുമ്പോള്‍ ഉറപ്പായും നിങ്ങള്‍ ഉന്നതിയിലേക്ക് കുതിക്കും. നിങ്ങള്‍ മത്സരിക്കാനുദ്ദേശിച്ച എഴുത്തുകാരനിലും പ്രാപ്തനായി മാറാനും സാദ്ധ്യതയുണ്ട്’.
സംസാര മധ്യേ വീണ്ടും ചായവന്നു. പഴയ ചമ്മല് കാണാതിരിക്കാന്‍ അദ്ദേഹത്തിന്റെ മകളില്‍ നിന്നും ഞാന്‍ മുഖം മാറ്റാന്‍ ശ്രമിച്ചുവോ? എന്തോ?.
ഒരു ദീര്‍ഘദര്‍ശിയെപ്പോലെ ഡോക്ടര്‍ സംസാരിച്ചു.’ നിങ്ങള്‍ ഒരു ദിവസം ചെരിപ്പിടാതെ നടന്നു നോക്കൂ. നിങ്ങളുടെ വിചാരം എന്താണ്. എല്ലാവരും നിങ്ങളുടെ കാലിലേക്ക് നോക്കുന്നുണ്ടോ എന്നല്ലേ?. അങ്ങനെ തോന്നിപ്പോകാറുണ്ട്.
‘ ആളുകള്‍ക്ക് നിങ്ങളുടെ കാലിലേക്ക് നോക്കലാണോ തൊഴില്‍. പകരം നിങ്ങള്‍ നിങ്ങളുടെ കുറവിലെന്തോ വിഷമിക്കുന്നു. അഥവാ, ആളുകളെ എല്ലാം നിങ്ങള്‍ ശ്രദ്ധിക്കുന്നു എന്നല്ലേ…’
ശരിയാണല്ലോ-
‘അതുകൊണ്ട് എല്ലാകാര്യങ്ങളിലും ആളുകളെ നോക്കണം എന്നില്ല. ശരിയെന്ന് ഉത്തമവിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കതു വേണ്ടതാണെങ്കില്‍ നിങ്ങളത് ഉറപ്പിച്ചു ചെയ്യുക. പ്രവൃത്തിക്കുമുമ്പ് ചിന്തിക്കുക, പലവട്ടം. തീരുമാനിച്ചാല്‍ നടപ്പാക്കുക. ആളുകള്‍ എതിര്പ്പുപറഞ്ഞേക്കാം. പക്ഷെ. കാലം കഴിയുമ്പോള്‍ അവര്‍ മറ്റുപലകാര്യങ്ങളിലേക്കും ശ്രദ്ധതിരിച്ചുപോകും. അവരുടെ വാക്ക് സ്ഥിരമാണെന്നോര്ത്ത് ചെയ്യാതിരുന്നാലോ’.
സുഭാഷിതങ്ങളായി ആ വാക്കുകള്‍ ഞാന്‍ കേള്‍ക്കുകയായിരുന്നു.
‘പണം കടംകൊടുക്കയാണെങ്കില്, തിരിച്ചുകിട്ടണം എന്നുണ്ടെങ്കില്‍ അതിനുവേണ്ട രേഖാമൂലമായ എഗ്രിമെന്റ് ഉണ്ടാക്കിയിരിക്കണം. ഒരുപക്ഷെ, ഉറ്റ സുഹൃത്തായിരിക്കാം. എങ്ങനെ ഉടമ്പടി ഉണ്ടാക്കും എന്ന് വിഷമിക്കാം. നാളെ നിങ്ങളോ അയാളോ മരിച്ചേക്കാം. ജീവിച്ചിരിക്കുന്നവര്‍ക്ക് പണം വേണ്ടെ. കൊടുത്തതിന്, വാങ്ങിയതിന് തെളിവ് വേണ്ടെ. തെളിവ് വേണം എന്നുപറയുമ്പോള്‍ എതിര്‍കക്ഷിക്ക് അല്പം നീരസം തോന്നിയേക്കാം. തന്നോടെന്താ വിശ്വാസമില്ലെ എന്ന് സംശയിച്ചേക്കാം. കാര്യമാക്കണ്ട.
ആ നീരസം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മാറാനാണ് സാധ്യത. പക്ഷെ, തെളിവില്ലാതെ പണം കൊടുത്താല്‍ നീരസം ജീവിതം മുഴുവന്‍ തുടരാനാണ് സാധ്യത. ഏതു സാധനവും ഒരാളുടെ കൈയില്‍ അധികകാലമിരുന്നാല് അയാളുടേതാണെന്ന് തോന്നും. പിന്നെ തിരിച്ചുതരാനാണ് ബുദ്ധിമുട്ട്. തിരിച്ചുകൊടുക്കേണ്ട പണം സ്വന്തം ആവശ്യം കഴിഞ്ഞിട്ടാകാം എന്നു കരുതും. അവരുടെ ആവശ്യം തീരുകയില്ലല്ലോ. അവരാണെങ്കില്‍ അടിയന്തിര ആവശ്യമായി പണം തിരിച്ചുകൊടുക്കേണ്ടത് പെടുക്കുകയും ഇല്ല. അപ്പോള്‍…പിന്നെ, ഒരാള്‍ക്ക് ഒരു സഹായം ചെയ്താല്‍ അയാള്‍ തന്നെ കാണുമ്പോഴേക്കും ചിരിക്കണം, വിധേയത്വം കാണിക്കണം എന്നും ശഠിക്കരുത്.
അത് മനപ്രയാസം ഉണ്ടാക്കുകയേ ചെയ്യു. നമ്മളെ സഹായിച്ചത് മറക്കാതിരിക്കുക. നമ്മള് സഹായിച്ചത് ഓര്‍മയില്‍ സൂക്ഷിക്കാതിരിക്കുക.
-നിഷ്കാമ കര്‍മം എന്ന ഗീതാതത്വം വീണ്ടും അദ്ദേഹം ലളിതമായി പറയുന്നതുകേട്ടിരിക്കുകയായിരുന്നു ഞാന്‍.
‘പലരും അവനെന്നോട് ഇങ്ങനെ ചെയ്തല്ലോ, അങ്ങനെ ചെയ്തല്ലോ എന്ന് പറഞ്ഞ് കരയാറും വിഷമിക്കാറുമുണ്ട്. നോക്കൂ, എന്തിനാ അത്. നിങ്ങള്‍ വല്ലാതെ അയാളെ പ്രതീക്ഷിച്ചുപോയി അല്ലെ. കുറ്റം ചെയ്തത് അയാളല്ലെ. വേണമെങ്കില്‍ ്അയാള്‍ സങ്കടപ്പെടട്ടെ. നിങ്ങളെന്തിന് അതിന്റെ പേരില്‍ സങ്കടപ്പെടണം’?.
എനിക്ക് രസം തോന്നി. ഒരു പുതിയ ചിന്ത.’ കുട്ടികളോട് മുതിര്‍ന്നവര്‍ പറയുന്ന ഒരു വാചകമുണ്ട്. നിങ്ങള്‍ മറ്റുള്ളവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണം എന്ന്. വേണ്ടതു തന്നെ. എന്നാല്‍ ഒന്നാലോചിച്ച് നോക്കു. നല്ലത് പറയിപ്പിക്കാന്‍ എന്തൊക്കെ തന്ത്രങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ വേണ്ടത് നിങ്ങള്‍ നല്ലവരായി ജീവിക്കൂ എന്നല്ലേ. മറ്റുള്ളവര്‍ എന്തുപറഞ്ഞാലും നന്മ കളയാതിരിക്കൂ എന്നതല്ലെ. ക്രിസ്തുവിനേയും സോക്രട്ടീസിനേയുമൊക്കെ അതതുകാലത്ത് ആളുകള്‍ എങ്ങനെയാണ് കണക്കാക്കിയിരുന്നത്.
നല്ലത് എപ്പോഴും കാലം കഴിഞ്ഞും തിരിച്ചറിയും. ചിലപ്പോഴൊക്കെ കാലം കഴിഞ്ഞാവും തിരിച്ചറിയുക.
എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംസാരമൊക്കെ ഉണ്ടായത്. എങ്കിലും ആ രാത്രി ഞാന്‍ ഇപ്പോഴും മറക്കാതെ മനസ്സില്‍ സൂക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞ് ഏതാനും കാര്യങ്ങള്‍ മാത്രമാണ് ഞാനിവിടെ കുറിയ്ക്കുന്നത്. ഇതിലും എത്രയോ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. അതെല്ലാം സ്ഥലപരിമിതി മൂലം ഈ കോളത്തില്‍ കുറിക്കാനാവില്ല.
ജീവിതത്തിന് ഊര്‍ജ്ജദായകങ്ങളായ ആ വാക്കുകള്‍ കേട്ട് സംസാരം അവസാനിപ്പിച്ച് ഞാന്‍ തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ഗെയിറ്റുവരെ എന്നോടൊപ്പം വന്ന അദ്ദേഹം പറഞ്ഞു. ‘ മോഹന്‍, നമ്മള് അടുത്ത നിമിഷം ഉണ്ടായിരിക്കുമോ എന്നറിയില്ല. ഈ പോകുന്ന പോക്കില്‍ മോഹനനോ, ഇവിടെ ഞാനോ മരിച്ചുപോയേക്കാം.
അതുകൊണ്ട് ഒരുകാര്യം കൂടി. ഇന്നു ചെയ്യേണ്ടത് ഇന്നുതന്നെ ചെയ്യുക. നാളത്തേക്ക് മാറ്റിവയ്ക്കാതിരിക്കുക. നാളെ നമ്മള് ഉണ്ടാകുമോ എന്ന് ആര്‍ക്കറിയാം. അതുതന്നെയല്ല, നാളെ എന്നൊന്നുണ്ടോ?!. അടുത്ത ദിവസം ജനിക്കുമ്പോള്‍ അത് ഇന്ന് തന്നെയല്ലേ?.
അദ്ദേഹത്തിന്റെ ജീവിതോര്ജ്ജദായകങ്ങളായ വാക്കുകള്‍ വായനക്കാരില്‍ പലര്‍ക്കും ഊര്ജ്ജദായകങ്ങളായിരിക്കാം. എങ്കിലും ലക്ഷ്യത്തിലേക്കോടുന്ന നാം ഒന്നു ശ്രദ്ധിക്കുക. അത് തോമസ് ഹക്സ്ലിയുടെ കഥ പോലാകരുതെന്ന് മാത്രം. ആരായിരുന്നു തോമസ് ഹക്സ് ലി. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ശിഷ്യനായിരുന്നു തോമസ് ഹക്സ്ലി.
ഗ്രന്ഥകാരനും അദ്ധ്യാപകനുമായിരുന്ന ഈ ബ്രിട്ടീഷുകാരന്റെ ഒരു കഥ പ്രശസ്തമാണ്.
അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തിലെ പ്രഭാഷണത്തിനുശേഷം അടുത്തുള്ള പട്ടണത്തിലേക്ക് തിടുക്കത്തിലെത്താന്‍ കുതിച്ചു. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്നും സാധനങ്ങളെടുത്ത് ഒരു കുതിരവണ്ടി വിളിച്ച് അതില്‍ കയറി. എന്നിട്ട് വണ്ടിക്കാരനോട് പറഞ്ഞു. വേഗം പോണം. ഒട്ടും സമയമില്ല. കുതിരക്കാരന് കേട്ടപാതി കേള്‍ക്കാത്ത പാതി കുതിരയെ വേഗം പായിച്ചു. ഇപ്പോള്‍തന്നെ ലക്ഷ്യസ്ഥാനത്തെത്തുമല്ലോ എന്നു കരുതി സ്വസ്ഥമായി അദ്ദേഹം വണ്ടിയിലിരുന്ന് കണ്ണടച്ചു വിശ്രമിച്ചു.
കുറേക്കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ അദ്ദേഹം കണ്ടത്, തനിക്കുപോകേണ്ട സ്ഥലത്തിന്റെ എതിര്‍ദിശയിലേക്കാണ് വണ്ടി പായുന്നത്. അദ്ദേഹം വണ്ടിക്കാരനോട് ചോദിച്ചു.
‘ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്?’
‘ എനിക്കറിയില്ല. പക്ഷെ, ഏറ്റവും കൂടിയ വേഗതയിലാണ് നമ്മള് യാത്ര ചെയ്യുന്നത്.’
നമ്മുടെ നാട്ടുകഥപോലെയായി കാര്യം
(വേലക്കാരന് രാമന് ചന്തക്കുപോയപോലെ)
വേഗത്തില്‍ കുതിക്കുന്നത് നല്ലത്. യാത്ര സുരക്ഷിതമാണെങ്കില്‍ അതിലും നല്ലത്. ലക്ഷ്യം നമുക്ക് ഉള്ളിലുറച്ചില്ലെങ്കിലോ?
ഈ യാത്രകൊണ്ടും വേഗതകൊണ്ടും എന്തുപ്രയോജനം. അപ്പോള്‍ ആദ്യം കാക്കേണ്ടത് ലക്ഷ്യമല്ലെ-അവിടേക്കല്ലേ യാത്ര വേണ്ടത്.
ആദ്യം ലക്ഷ്യം ഉറപ്പിക്കാം. പിന്നെ പരമാവധി ആ യാത്രക്കുപറ്റിയ സുരക്ഷിത വണ്ടി തരപ്പെടുത്താം. വേഗത്തോടെ കുതിക്കാം. അല്ലേ.
പുതുമൊഴി:
മലയാളിക്ക് ലക്ഷ്യം സുഖകരം-
മൂക്കിലൂടെ മൂക്കില്‍പൊടി, ചുണ്ടില്‍ പുകക്കുഴല്‍, നാവിനടിയില്‍ പാന്‍പരാഗ്, വായില്‍ മുറുക്കാന്‍, വയറ്റില്‍ മദ്യം. ഞരമ്പില്‍ ഇഞ്ചക്ഷന്-ഹഹഹ
പ്രതികരിക്കാൻ ഇവിടെ എഴുതുക: