പത്രക്കാര്, മാധ്യമ തമ്പുരാക്കന്മാര്, ദൃശ്യന്മാര് തുടങ്ങിയ ലവന്മാരൊക്കെ ഈരേഴു പതിനാല് ലോകത്തെയും കാര്യങ്ങള്‍ അറിയുന്നവരാണ്. അവരെ ഒന്ന് അടക്കി നിര്‍ത്താന്‍ എന്താണ് വഴിയെന്ന് പലരും പല തരത്തില്‍ ആലോചിക്കാറുണ്ട്. പ്രത്യേകിച്ചും രാഷ്ട്രീയക്കാര്‍. ഒരു പാര്‍ട്ടിയുടെ ഭരണം വന്നാല്‍ എല്ലാം ശരിയാകും എന്നാണല്ലോ പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ മേപ്പടി വിദ്വാന്മാരും ശരിയായേ തീരൂ. കാരണം ഭരണം മാറിയിട്ട് ഏതാണ്ട് മൂന്നാഴ്ചയാവുന്നു.
ഇത്തരക്കാരെ എങ്ങനെയാണ് ശരിയാക്കുക എന്നതിനെക്കുറിച്ച് നമ്മുടെ പ്രിയങ്കരനായ മന്ത്രിയദ്യം ഒരു തീരുമാനത്തിലെത്തിയിരുന്നു. ഇവന്മാരെയൊന്ന് പരീക്ഷിക്കുക. അതിന് പറ്റിയ സമയം നോക്കിയിരിക്കുമ്പോഴാണ് വന്നല്ലോ വനമാല എന്ന പോലെ നമ്മുടെ മുഹമ്മദലി അന്ത്യശ്വാസം വലിക്കുന്നത്. കണിശമായും തന്റെ പ്രതികരണത്തിനായി കൊമ്പും കുഴലും മറ്റുമായി ഇവന്മാര് ഓടിക്കൂടും എന്നുറപ്പിച്ചു. പറ്റിയ സമയം ഇതു തന്നെ. എല്ലാ വിജ്ഞാനവും കരതലാമലകമായ വിദ്വാന്മാര്‍ക്കിട്ടൊരു പണികൊടുക്കാന്‍ ഇതില്പരം നല്ല സമയം കിട്ടാനുണ്ടോ?
അങ്ങനെ, ചാനല്‍ വിദ്വാന് വിളിച്ചപാടേ നേരത്തെ തീരുമാനിച്ചുറപ്പിച്ച വരികള്‍ നല്ല സ്വയമ്പനായിത്തന്നെയങ്ങു കാച്ചി. അതു പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഒരാശ്വാസമായത്. പണ്ട് മോഹന്‍ലാല്‍ അവതരിപ്പിച്ച ഒരു കഥാപാത്രത്തെ ഓര്‍മ്മയില്ലേ. അവന്റെ തന്തയ്ക്കു വിളിച്ചുകഴിഞ്ഞപ്പോള്‍ എന്തൊരു സുഖമാ എന്നായിരുന്നു ആ ഡയലോഗ്. അതേപോലെ കേരളത്തിന് മെഡല്‍ കൊണ്ടുവന്ന, ലോകത്തിന്റെ നെറുകയില്‍ കേരളത്തിന്റെ കായിക സ്വപ്നങ്ങളെ എത്തിച്ച മമ്മാലിയെക്കുറിച്ചു പറഞ്ഞപ്പോഴും കിട്ടി ഒരു മാതിരി സുഖം. ആ സുഖാലസ്യത്തില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോഴാണ് പിബിയും സീസിയും തുടങ്ങി സര്‍വമാന കുണ്ടാമണ്ടികളും വിളിച്ച് സൈ്വരം കെടുത്തുന്നത്.
കായിക കേരളത്തിന്റെ ഏതു മൂലയ്ക്കാണ് മുഹമ്മദാലിയുള്ളതെന്നും, ഇത്രവലിയ മണ്ടത്തരം എഴുന്നളളിക്കുന്നവനെ എങ്ങനെയാണ് ഈ പദത്തില്‍ വെച്ചുകൊണ്ടിരിക്കുകയെന്നും മറ്റുമുള്ള ചോദ്യം കേട്ടതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ഇവന്മാരൊക്കെ എത്ര പറഞ്ഞിട്ടും വിശ്വസിക്കുന്നില്ല. എല്ലാം ആലോചിച്ചുറപ്പിച്ചാണ് പറഞ്ഞത്. കുറെ കാലമായി ഈ മാധ്യമപ്പട കൊത്തിപ്പിളര്‍ക്കുകയാണ്. അതിനൊരു പണികൊടുക്കാമെന്ന് കരുതി വീശിയപ്പോള്‍ നിലതെറ്റുന്ന അവസ്ഥയായി. ആരോടാണിനി കാര്യങ്ങള്‍ ഒന്ന് വിശദീകരിക്കുക. തന്നെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനല്ലേ ശ്രമം.
സംഗതി ബൂമറാങ് ആവുമെന്ന് ആരു കരുതി. ഏതായാലും ഇതുകൊണ്ട് ഒരു ഗുണമുണ്ടായി. പ്രചാരണത്തിന് വേറെയൊരു മാര്‍ഗവും സ്വീകരിക്കേണ്ടിവന്നില്ല. ലോകത്തിന്റെ ഏതു മൂലയിലും കേരളത്തിന്റെ മന്ത്രിയെക്കുറിച്ചുള്ള വിവരം എത്തി. ഇത് ചില്ലറക്കാര്യമാണോ? ഒരുവേള ആ മോദിയെക്കാള്‍ കൂടുതല്‍ പ്രചാരണമല്ലേ ചുളുവില്‍ അടിച്ചെടുത്തത്. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയോടൊപ്പം മന്ത്രിയുടെ പേരിനും കിട്ടിയില്ലേ ഒരു അംഗീകാരം. ഈ പിബിക്കും സീസിക്കും കാര്യം പറഞ്ഞാല്‍ എന്താണ് മനസ്സിലാവാത്തത്. പിന്നെ ഇതില്‍ നിന്ന് ഒരു പാഠം ഏതായാലും പഠിച്ചു.
അതെന്താണെന്നുവെച്ചാല്‍ നേര് നേരത്തെ അറിയുന്ന പത്രവും ചാനലും മാത്രം ശ്രദ്ധിച്ചാല്‍ പോര. മറ്റുളളവയും ഇടയ്ക്കൊന്നു നോക്കണം. മനസ് മുഴുവന്‍ മലപ്പുറത്തെ മമ്മാലിയായിരുന്നു. പ്രതികരണം ചോദിച്ചവന് നേരെചൊവ്വെ സംസാരിക്കാത്തതും ഒരു പ്രശ്നമായി. പ്രബുദ്ധ കേരളത്തില്‍ ഇനി എങ്ങനെ പിഴയ്ക്കുമെന്ന് കണ്ടുതന്നെ അറിയണമെന്ന് ആരൊക്കെയോ പറയുന്നുണ്ട്. അതൊന്നും അത്ര കാര്യമാക്കുന്നില്ല. എന്തിനും ഏതിനും പ്രതികരണം ആരായുന്ന വിദ്വാന്മാര് ജാഗ്രതൈ എന്നോ മറ്റോ പറയാനാണ് തോന്നുന്നത്. മുഹമ്മദലിയില്‍ നിന്ന് ഒരു പഞ്ച് കിട്ടിയ പരുവമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.
******** ************ ***********
പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠത്തില്‍ ഒളിഞ്ഞിരുന്ന് ശക്തിപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. സൂക്ഷ്മ നിരീക്ഷണം. അതിന്റെ വഴിയിലൂടെ പോയെങ്കിലേ വാര്‍ത്തയുടെ ആത്മാവ് എവിടെയാണെന്ന് അറിയാനാവൂ. കലാകാരന്മാര്ക്കും വേണം ഈ നിരീക്ഷണം. പക്ഷേ, അത് ഭാവനയുടെ ലോകത്തേതായിരിക്കുമെന്നു മാത്രം. അങ്ങനെയെങ്കില്‍ പത്രപ്രവര്‍ത്തനവും കലയും ഒരാളില്‍ സംഗമിച്ചാല്‍ അതൊരു ഒന്നൊന്നര കലാവസന്തമാവും. അത്തരമൊരു അനുഗ്രത്തിന്റെ തലോടല്‍ ഏല്ക്കാന് ഭാഗ്യം ചെയ്തയാളാണ് ടി.കെ. ബാലനാരായണന്‍. അദ്ദേഹം അസാമാന്യമായ കലാവിരുതോടെ രചിച്ച കഥ പാഠപുസ്തകങ്ങള്‍ കേരള കൗമുദി (ജൂണ്‍ 08) വാരികയില്‍ വായിക്കാം. യഥാര്‍ത്ഥ പാഠപുസ്തകത്തിന്റ അനുഭവതീക്ഷ്ണമായ വികാരവിചാരങ്ങളിലൂടെ നമുക്കു യാത്ര ചെയ്യാനാവുന്നു.
ഇന്ന് മുപ്പതിലേറെ പ്രായമുള്ളവര്‍ക്ക് ഒരു പക്ഷേ ഓര്‍മയുണ്ടാവുന്ന കുട്ടിക്കാലത്തിന്റെ കൗതുകങ്ങളിലേക്കാണ് ബാലനാരായണന്‍ തൂലിക ചലിപ്പിക്കുന്നത്. വല്ലാത്തൊരു നിര്‍വൃതിയോടെ വായിച്ചുപോകാന്‍ കഴിയുന്ന കഥ. അതിലെ സംഭവഗതികളുമായി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോരുത്തരും താദാത്മ്യപ്പെട്ടുപോകുമെന്ന് നിസ്സംശയം പറയാന്‍ കഴിയും. അച്ഛന് പൊന്നുപോലെ സൂക്ഷിച്ച ഒന്നാം ക്ലാസിലെ മലയാളം പാഠാവലി യാദൃച്ഛികമായി കാണുന്ന മകന്റെ ഓര്‍മകളിലൂടെ ഇതള്‍ വിരിയുന്ന സുന്ദരമായ കഥ. കഥയുടെ ക്രാഫ്റ്റ് ബാലനാരായണന്റെ കൈയില്‍ സുഭദ്രം. ഇതാ രണ്ടുമൂന്നു വരി കണ്ടാലും:
ഒന്നാനാം കുന്നിന്മേല്
ഓരടി മണ്ണിന്മേല്
ഓരായിരം കിളി കൂടുവെച്ചു
കൂട്ടിന്നിളംകിളി താമരപൈങ്കിളി
താനിരുന്നാടുന്ന പൊന്നോല
സാമ്പാദേവി ടീച്ചറാണ് ആ കവിത ചൊല്ലിപ്പഠിപ്പിച്ചത്……………… പൊന്നോല വരെ പഠിപ്പിക്കുമ്പോഴേയ്ക്കും ടീച്ചര്‍ വിയര്‍ത്ത് കുളിച്ചിരിക്കും. കണ്ണുകള്‍ക്ക് താഴെ കവിളുകളില്‍ കുങ്കുമം വിതറിയ പോലെ ചുവക്കും. നെറ്റിക്കു മുകളില്‍ തലയിലെ കുങ്കുമപ്പൊട്ട് വിയര്‍പ്പില്‍ ഒലിച്ചിറങ്ങും. മുഖത്താകെ വിയര്‍പ്പ് തുള്ളികള്‍. ചുണ്ടുകള്‍ ചോര നിറമാകും. അപ്പോള്‍ ടീച്ചര്‍ ഇടതു കൈ പിന്നിലൂടെയെടുത്ത് സാരിത്തുമ്പുകൊണ്ട് മുഖം തുടയ്ക്കും. മലയാള അക്ഷരങ്ങള്‍ പഠിപ്പിച്ച കുറിയ വെളുത്ത് തടിച്ച, കണ്മഷിയിട്ട സാമ്പാദേവി. കുട്ടികളെ സ്നേഹിക്കാന്‍ മാത്രമറിയുന്ന ടീച്ചര്‍.
ഇന്ന് മധ്യവയസ് പിന്നിട്ട ആരുടെ മനസ്സിലുമുണ്ടാവും ഇത്തരം ഒരു അദ്ധ്യാപിക/അദ്ധ്യാപകന്. അന്നത്തെ സ്കൂള്‍ യാത്രയും മറ്റും കഥാകൃത്ത് വിവരിക്കുമ്പോള്‍ ഓര്‍മയുടെ വസന്തകാലം ഓരോരുത്തരുടെ ഉമ്മറത്തേക്കും വിരുന്നുവരുന്നു എന്നതാണ് വാസ്തവം. അതേ സമയം പുതുതലമുറ ഇതില്‍ നിന്നൊക്കെ അന്യം നിന്നു പോവുന്നു എന്ന വേദനയിലേക്കും കഥാകൃത്ത് വിരല്‍ ചൂണ്ടുന്നു. കൊച്ചുമോന് പഴയ പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ കാണുന്ന ചിത്രങ്ങള്‍ അവനെ അത്ഭുതപ്പെടുത്തുകയാണ്. ജീവിതത്തില്‍ അവന് ഇതുവരെ കണ്ടിട്ടില്ലാത്ത കാളവണ്ടി, കാളപൂട്ട്, നുകം, കലപ്പ, എഴുത്തോല, എഴുത്താണി, ഉറി, ഉരല്, പനയോലയുടെ തലക്കുട, തോണി, കോമരം, റിക്ഷ എന്നിവയൊക്കെ.
അതിനെക്കുറിച്ചെല്ലാം പറഞ്ഞുകൊടുത്തെങ്കിലും അവന്റെ മറുപടി ഇങ്ങനെ: അച്ഛമ്മ പറയുമ്പോലെ ഇതെല്ലാം പുരാണ കാലത്തെങ്ങാനുളളതല്ലേച്ഛാ? തന്റെ അച്ഛന് പൊന്നുപോലെ സൂക്ഷിച്ച കേരള പാഠാവലിയിലെ ചിത്രങ്ങള്‍ കൊച്ചുമോന് പുരാണ വസ്തുക്കളായി തോന്നുന്നതിലെ കാലപ്പകര്‍ച്ച നമ്മെ വല്ലാതെ അസ്വസ്ഥരാക്കും.
പുതിയ പാഠപുസ്തകത്തിലെ കംപ്യൂട്ടര്‍ എസ്കവേറ്റര്‍, ടിവി, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ചിത്രങ്ങള്‍ കണ്ട് പഠിക്കാന്‍ അച്ഛനോട് കൊച്ചുമോന് ഉപദേശിച്ച് തുള്ളിച്ചാടിപ്പോവുന്ന ചിത്രം അത്രവേഗമൊന്നും മനസ്സില്‍ നിന്ന് മായില്ല. പാഠപുസ്തകങ്ങളുടെ കാവ്യനീതി ഇങ്ങനെ തന്നെയായിരിക്കുമെന്നു തന്നെ കരുതി ആശ്വസിക്കയല്ലാതെ എന്തുചെയ്യാന്‍. മലയാള കഥാസാഹിത്യത്തിലെ നിശ്ശബ്ദനായ എഴുത്തുകാരനില്‍ നിന്ന് ഇനിയും അനുഗൃഹീതങ്ങളായ സൃഷ്ടികള്‍ കിട്ടുമെന്ന് കാലികവട്ടത്തിന് ഉറപ്പുണ്ട്. കാലം അതിനായി കാത്തിരിക്കുന്നു.
തൊട്ടുകൂട്ടാന്‍
നീതിയെന്നത്
നീറിക്കൊണ്ടിരിക്കുന്ന
വാക്കായി തുടരും,
മറ്റൊരു ഇരയുടെ
വാര്‍ത്തയെ കൊത്തുംവരെ
വിജില ചിറപ്പാട്
കവിത: പോസ്റ്റ്മോര്‍ട്ടം
മാധ്യമം ആഴ്ചപ്പതിപ്പ് (ജൂണ്‍ 13)
കടപ്പാട്:
മാതൃഭൂമി ദിനപത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക: