പത്തനംതിട്ട: ഇന്നലേയും തുടര്‍ന്ന ശക്തമായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടം. അടൂര്‍ പഴകുളത്ത് വീശിയടിച്ച കാറ്റില്‍ വീട്പൂര്‍ണ്ണമായും തകര്‍ന്നു. പന്തളത്ത് കിണര്‍ ഇടിഞ്ഞു താണു.കോന്നിയിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതിലൈനിലേക്ക് വൃക്ഷങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തകരാറിലായി. കോഴഞ്ചേരി -ആറന്മുള ആറ്റുതീര റോഡില്വഞ്ചിത്ര ഭാഗത്തുള്ള പുന്നൂക്കം പാലത്തിലേക്ക് മുളങ്കാടുകള്‍ ഒടിഞ്ഞുവീഴുകയും തിട്ടയിടിയുകയും ചെയ്തു.
അടൂര്‍-പഴകുളത്ത് ശക്തമായ കാറ്റില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. പെരിങ്ങനാട് തെന്നാപറമ്പ് മാവിളയില്‍ സരോജനിയുടെ വീടാണ് തകര്‍ന്നത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് സംഭവം. അവിവാഹിതയായ സരോജിനി ഒറ്റയ്ക്കാണ് താമസിച്ചിരുന്നതു. രാത്രി 10 മണിയോടെ കാറ്റില്‍ ഓടിളകി വീടിനുള്ളിലേക്കു വീണതോടെ അടുത്ത വീട്ടിലേക്ക് മാറിതാമസിച്ചതിനാല്‍ അപകടം ഒഴിവായി. വീട്ടുപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ജി. പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, അടൂര്‍ തഹസീല്‍ദാര്‍ ജി.രാജു, വില്ലേജ് ഓഫീസര്‍ സതീഷ്കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പന്തളത്ത് ശക്തമായ മഴയില്‍ കടയ്ക്കാട്ട് കിണറിന്റെ തൊടികള്‍ ഇടിഞ്ഞു താഴ്ന്നു. ഉളമയില്‍ താഴേതില്‍ ആമീന്‍ മന്‍സിലില്‍ അബ്ദുള്‍ വാഹിദിന്റെ വീടിനോട് ചേര്‍ന്നുള്ള കിണറാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
കോന്നി കൊന്നപ്പാറയില്‍ 11കെവി ലൈനിന് മുകളില്‍ വ്യാഴാഴ്ച വൈകിട്ട് മരം വീണ് വൈദ്യുതി വിതരണം മുടങ്ങി.കോന്നി ,തണ്ണിത്തോട്,കൂടല്‍,മല്ലശ്ശേരി,അരുവാപ്പുലം മേഖലയിലും മരം ഒടിഞ്ഞ് വീണ് വൈദ്യുതി തടസം പതിവാണ്. തണ്ണിത്തോട് തേക്കുതോട് റോഡില്‍ ബുധനാഴ്ച രാത്രിയില്‍ പ്ലാന്റേഷന് കരിങ്കുറ്റി ഭാഗത്ത് മഴകാരണം ഉണ്ടായ മണ്ണിടിച്ചില്‍ ഗതാഗത തടസത്തിന് കാരണമായി.
കോഴഞ്ചേരി -ആറന്മുള ആറ്റുതീര റോഡില്‍ വഞ്ചിത്ര ഭാഗത്തുള്ള പുന്നൂക്കം പാലത്തിലേക്ക് കനത്ത മഴയെ തുടര്‍ന്ന് സമീപത്തുള്ള മുളങ്കാടുകള്‍ വീഴുകയും തിട്ടയിടിയുകയും ചെയ്തു. അഗ്നിശമന സേനയും നാട്ടുകാരും സംയുക്തമായിട്ടാണ് മുളങ്കാടുകള്‍ വെട്ടിമാറ്റി തല്‍ക്കാലത്തേക്ക് സഞ്ചാരയോഗ്യമാക്കിയത്.
മൂന്നരകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് നാല് കോടി രൂപ ചിലവില്‍ ബിഎം ആന്റ് ബിസി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചുകൊണ്ടിരിക്കുന്നത്. കാലവര്‍ഷം നേരത്തേ ആരംഭിച്ചതിനാല്‍ പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലികളും അടിത്തട്ടിലുള്ള തൂണുകളുടെ നിര്‍മ്മാണവും കൃത്യസമയത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലായെന്ന് പിഡബ്ല്യൂഡി അധികൃതര്‍ പറഞ്ഞു. നിലവില്‍ നാല് മീറ്റര്‍ വീതിയുളള പാലം 8 മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മ്മിക്കുന്നത്. പാലത്തില്‍ കൂടി ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും മാത്രമേ കടന്നുപോകാന്‍ അനുവാദമുള്ളൂ. പാലത്തിന് സമീപം വിദ്യാലയങ്ങളും ആരാധനാലയങ്ങളും മറ്റുമുള്ളതിനാല്‍ സ്കൂള്‍ വാഹനങ്ങളും മറ്റുവാഹനങ്ങളും ഇതുവഴി കടന്നുപോകാന്‍ സാദ്ധ്യതയുള്ളതിനാലാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമേ വാഹനഗതാഗതത്തിന് തുറന്നു കൊടുക്കൂവെന്നും അധികൃതര്‍ പറഞ്ഞു.
അഞ്ചരമീറ്റര്‍ വീതിയുള്ള റോഡില്‍ കൂടി നിരവധി ആളുകളാണ് നിത്യവും സഞ്ചരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനകാലത്ത് മകരവിളക്ക് ഉത്സവത്തിനായി പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയിലേക്ക് തിരുവാഭരണ പേടകവും ഈ വഴിയിലൂടെ കടന്നുപോകുന്നതെന്ന പ്രത്യേകതയും റോഡിനുണ്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെയാണ് റോഡിന്റെ നവീകരണക പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും പിഡബ്ല്യൂഡി അധികൃതര്‍ പറഞ്ഞു.
കാലവര്‍ഷം കനത്തതിനെതുടര്‍ന്ന് റോഡുകള്‍ തോടുകളായി മാറി. തിരവല്ല -കുമ്പഴ സംസ്ഥാന പാതയിലെ കുമ്പനാട്-പുല്ലാട് പ്രദേശങ്ങളില്‍ റോഡുകള്‍ കവിഞ്ഞാണ് വെള്ളമൊഴുകുന്നത്. ഇതുകൂടാതെ റോഡിന്റെ ഇരുവശത്തുമുള്ള തോടുകള്‍ കൃത്യമായി ശുചീകരിക്കാത്തതിനാല്‍ മലിന ജലവും റോഡിലേക്കൊഴുകുകയാണ്. ദിവസേന നൂറുകണക്കിന് സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ വ്ന്നുപോകുന്ന കോഴഞ്ചേരിയിലെ സ്വകാര്യ ബസ് സ്റ്റാന്റ് ചെളിവെള്ളം കൊണ്ട് മൂടിയിരിക്കുകയാണ്. വെള്ളത്തില്‍ ചവിട്ടാതെ യാത്രക്കാര്‍ക്ക് ബസില്‍ കയറാനോ ഇറങ്ങാനോ കഴിയില്ല. ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ചന്തയിലേക്കുള്ള റോഡിന്റെ സമീപത്തും വെള്ളക്കെട്ടുകളുണ്ട്. പകര്‍ച്ചവ്യാധികള്‍ പടരാനും സാധ്യതയേറെയാണ്. ചന്തയില്‍നിന്നുള്ള മാലിന്യവും മലിനജലവും പമ്പാനദിയിലേക്കാണ് ഒഴുകുന്നത്. കാലവര്‍ഷം ശ്ക്തമായതിനെതുടര്ന്ന് കോഴഞ്ചേരിയിലെ ഗതാഗത നിയന്ത്രണവും താളംതെറ്റിയിരിക്കുകയാണ്. മണിക്കൂറോളമാണ് വാഹനങ്ങളുടെ കുരുക്കനുഭവപ്പെടുന്നത്. ഇതിനോടൊപ്പം സന്ധ്യയായാല്‍ പാലത്തിലെ വൈദ്യുതി ബള്‍ബുപോലും പ്രകാശിക്കുന്നില്ല.
ടികെ റോഡിന് സമാന്തരമായിട്ടുള്ള റോഡുകളിലും വെള്ളകെട്ടുകള്‍ നിറഞ്ഞിരിക്കുകയാണ്. മുട്ടുമണ്‍ ചെറുകോല്‍പ്പുഴ റോഡ് , നെടുംപ്രയാര്‍, ഇളപ്പുങ്കല്‍ തോണിപ്പുഴ റോഡ്, ആത്മാവുകവല കുരിശുകവല റോഡ് എ്ന്നിവയിലെല്ലാംതന്നെ കുഴികള്‍ രൂപപ്പെട്ട് വെള്ളം നിറഞ്ഞുകിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടസാദ്ധ്യതയും ഏറെയാണ്. കോഴഞ്ചേരി കോയിപ്രം തോട്ടപ്പുഴശ്ശേരി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി വ്യാപകമായ കൃഷി നാശം ഉണ്ടായിരിക്കുകയാണ്. തോടുകളും നീര്‍ച്ചാലുകളും ശരിയായ രീതിയില്‍ നവീകരിച്ചില്ലെങ്കില്‍ വരും നാളുകളില്‍ റോഡിലേക്ക് മറ്റും വെള്ളം കയറാനുളള വളരെ കൂടുതലാണ്. തോടുകളും നീര്‍ച്ചാലുകളും നവീകരിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു തികഞ്ഞ അലംഭാവമാണെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: