റിപ്പണ്‍ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ പൊറുതിമുട്ടി ഒരു സര്‍ക്കാര്‍ വിദ്യാലയം. മൂപ്പൈനാട് പഞ്ചായത്തിലെ റിപ്പണ്‍ ഗവ. ഹൈസ്കൂളാണ് അതികൃതരുടെ അനാസ്ഥയില്‍ ദുരിത കലാലയമാകുന്നത്. എഴുനൂറിലധികം വിദ്യാര്‍ഥികളുള്ള സ്കൂളിന്റെ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് നാട്ടുകാരും പിടിഎ ഭാരവാഹികളും നിരവധി തവണ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല. ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടത്തിലാണ് കഴിഞ്ഞ വര്‍ഷം വരെ വിദ്യാര്‍ഥികള്‍ പഠനം നടത്തിയിരുന്നത്. അപകട ഭീഷണിയെ തുടര്‍ന്ന് ഇത്തവണ ഈ കെട്ടിടം ഉപയോഗിക്കുന്നില്ല. നാലു വര്‍ഷം മുമ്പ് തുടങ്ങിയ പുതിയ കെട്ടിടത്തിന്റെ പണി ഇതുവരെ പൂര്ത്തിയായാകാത്തതും വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുകയാണ്. എന്നാല്‍ പഞ്ചായത്ത് ഫണ്ട് വച്ചിട്ടും കരാറുകാര്‍ എത്താത്തതാണ് കെട്ടിടം വൈകാന്‍ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിലവില്‍ സ്കൂള്‍ കെട്ടിടത്തിനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗം സ്കൂളിന്റെ പ്രവൃത്തി പൂര്‍ത്തികരിക്കാനുള്ള നടപടി കൈക്കൊള്ളുമെന്നും വാര്‍ഡ് മെമ്പര്‍ റസിയ ഹംസ അറിയിച്ചു.
ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ സ്കൂളില്‍ അധ്യാപക നിയമനവും നടക്കുന്നില്ല. നിലവില്‍ 700ഓളം വിദ്യാര്‍ഥികള്‍ക്ക് ഒന്‍പത് അധ്യാപരാണുള്ളത്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്. കൂടാതെ സമീപത്തെ എസ്റ്റേറ്റ് പാടികളില്‍ നിന്നുള്ള മാലിന്യം സ്കൂള്‍ മുറ്റത്തേക്കാണ് ഒഴുകുന്നത്. ഇതിനെതിരേ പരാതി നല്‍കിയിട്ടും എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിയുണ്ട്. അതേ സമയം പ്രവേശനോത്സവ ദിനത്തില്‍ ജില്ലാ കലക്ടര്‍ സ്കൂളിലെത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ന ല്കിയ പരാതി ഗൗനിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: