അടൂര്‍ : സിനിമാ നിര്‍മ്മാണത്തില്‍ പങ്കാളിത്വം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടിയ കേസില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ പള്ളിക്കുളം ജി. ബി. എസ് കോളേജിന് സമീപം പാര്‍വ്വതി വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവന്ന സഞ്ജീവ് കുമാര്‍ (43) നെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങനാട് അമ്മകണ്ടകര അരമനപ്പടി ബഥേല്‍ കോട്ടേജില്‍ അലക്സ് ജോണിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സഞ്ജീവ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവും, ലാഭത്തിന്റെ 20 ശതമാനവും നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി സഞ്ജീവ് കുമാറും കൂട്ടുകാരും ചേര്‍ന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കേസ്. അടൂര്‍ പൊലീസ് സ്റ്റേഷനില്‍ സിനിമയുടെ പേര്പറഞ്ഞ് തട്ടിപ്പ് നടത്തിയ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വസ്തു ഇടപാടിലും കബളിപ്പിക്കല്‍ നടത്തിയ വിവരം പുറത്തുവരുന്നത്. ഭൂമി ഇടപാടില്‍ നിക്ഷേപം നടത്താമെന്ന പേരില്‍ വ്യാജ രേഖകള്‍ ചമച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ മൂന്ന് കേസും. വളപട്ടണം സ്റ്റേഷനില്‍ രണ്ടുകേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. രണ്ടരക്കോടി രൂപ തട്ടിയ കേസില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത കേസില്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയളെ തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നിന്നുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും അടൂര്‍ എസ്. ഐ കെ. എസ്. ഗോകപകുമാര്, എ. എസ്. ഐ റിക്സണ്, സി. പി. ഒ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: