കൊല്‍ക്കത്ത: ഡേ-നൈറ്റ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് ചുവടുവയ്ക്കാന്‍ ഇന്ത്യയുമൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായി ഡേ-നൈറ്റ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ് വേദിയാകും. മത്സരങ്ങളില്‍ പിങ്ക് നിറത്തിലുള്ള പന്തുകള്‍ ഉപയോഗിക്കും. 17 മുതല്‍ 20 വരെയുള്ള സൂപ്പര്‍ ലീഗ് ഫൈനല്‍ പകല്‍-രാത്രി മത്സരമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം അവസാനം ഓസ്ട്രേലിയയും ന്യൂസിലന്‍ഡും തമ്മിലാണ് ആദ്യ പകല്‍ രാത്രി ടെസ്റ്റ് നടന്നത്. ഇന്ത്യയില്‍ ഇത്തരം മത്സരങ്ങള്‍ക്ക് ബിസിസിഐ തയാറെടുപ്പ് തുടങ്ങി. ഈ സീസണിലെ രഞ്ജി ട്രോഫി അടക്കമുള്ള ചില ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഈ രീതിയില്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നു. ദുലീപ് ട്രോഫിയുള്‍പ്പെടെ ആഭ്യന്തര മത്സരങ്ങള്‍ പകല്‍-രാത്രിയാക്കണമെന്നും ഗാംഗുലി.
അതേസമയം, രാജ്യാന്തര ടെസ്റ്റിനു മുന്‍പ് ടെസ്റ്റ് താരങ്ങള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്ന് മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടിട്ടുണ്ട്.
ആരാധക പിന്തുണ ഏറെ ലഭിക്കുന്നു പകല്‍-രാത്രി ടെസ്റ്റിനെങ്കിലും ചില പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. പിങ്ക് നിറത്തിലുള്ള പന്തുകളുടെ ഉപയോഗക്ഷമത പ്രശ്നം. വേഗത്തില്‍ ഇവ തകരാറിലാകുന്നതിനാല്‍ പകല്‍ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന പന്തിനേക്കാള്‍ പെട്ടെന്ന് മാറ്റേണ്ടിവരും. ഇടയ്ക്കിടെ പന്തു മാറ്റുന്നത് കളിയുടെ ഒഴുക്കിന് തടസമാകുമെന്നാണ് വാദം. ഉപയോഗക്ഷമത കൂടിയ പന്തുകള്‍ നിര്‍മിക്കാനുള്ള ശ്രമവും തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: