പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ അനധികൃത കെട്ടിടം ഒഴിപ്പിക്കാനെത്തിയ നഗരസഭാ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും നേരെ അക്രമം. നഗരസഭയുടെ ഭൂമി കൈയേറിയ ആളിന്റേയും മകന്റേയും ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട, വെട്ടിപ്പുറം പീരുക്കണ്ണ് പുരയിടത്തില്‍ ഷമീര്‍(30)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരന്റെ മകന് അജീസിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡിനുള്ളില്‍ കുലശേഖരപതി സ്വദേശി സലീംഖാന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന കെട്ടിടം അടിയന്തിരമായി ഒഴിപ്പിക്കാന്‍ രാവിലെ ചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ തീരുമാനം എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയ്ക്ക് ശേഷം നഗരസഭാ ചെയര്‍പേഴ്സണ്‍ രജനീ പ്രദീപിന്റെ നേതൃത്വത്തില്‍ നഗരസഭാ ജീവനക്കാര്‍ സ്ഥലത്തെത്തുകയും കട ഒഴിപ്പിച്ച് താഴിട്ടു പൂട്ടാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സലീം ഖാനും മകന് അജീസും ചേര്‍ന്ന് നഗരസഭാ ജീവനക്കാര്‍ക്കു നേരെ ആക്രമണം അഴിച്ചുവിടുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവര്‍ സംഭവം കണ്ടുനിന്നവര്‍ക്കു നേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെയാണ് സമീപത്തു നിന്ന ഷമീറിന്റെ തലയ്ക്ക് അടിയേല്‍ക്കുന്നത്. പരിക്കേറ്റു വീണ ഷമീറിനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സലീം ഖാനും മകനും സ്ഥലത്തു നിന്നു രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് പോലിസ് നടത്തിയ തിരച്ചിലിലാണ് അജീസ് പിടിയിലാവുന്നത്.
ഇതേത്തുടര്‍ന്ന് നഗരസഭാ ചെയര്‍പേഴ്സണിന്റെ നിര്‍ദേശ പ്രകാരം അനധികൃത കെട്ടിടം ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി. ജീവനക്കാരെ തടഞ്ഞുവച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നഗരസഭ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ലതാകുമാരി, ഹൈല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ്, അഷ്റഫ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്തു. വൈസ് ചെയര്മാന് പി കെ ജേക്കബ്, കൗണ്‍സിലര്‍മാരായ കെ ജാസിംകുട്ടി, റോഷന്‍നായര്‍, പി മുരളീധരന്, വി ആര് ജോണ്സണ്, സജി കെ സൈമണ്‍, നഗരസഭാ സെക്രട്ടറി സുബോധ് എസ് തുടങ്ങിയവരും സംഭവസ്ഥലത്തുണ്ടായിരുന്നു.
നഗരസഭയുടെ കെട്ടിടങ്ങളും പൊതുസ്ഥലങ്ങളും കൈയേറുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചെയര്‍പേഴ്സണ്‍ രജനിപ്രദീപ് അറിയിച്ചു. നഗരസഭാ കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണ് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കുവാന്‍ ഉദ്യോഗസ്ഥര്‍ ചെന്നത്. ഉഗ്യോഗസ്ഥരെ അക്രമിക്കുവാനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിക്കാനുമാണ് കൈയേറ്റക്കാര്‍ ശ്രമിച്ചത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്വ്വഹണംതടസ്സപ്പെടുത്തിയവര്ക്കെതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കുന്നതിനും നടപടി സ്വീകരിക്കും. നഗരസഭയുടെ പലഭാഗങ്ങളിലായി അനധികൃത കൈയേറ്റം നടത്തിയിട്ടുള്ളവര്ക്കെതിരേ വരുംദിവസങ്ങളില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: