വൈത്തിരി : ദന്തഗോപുരങ്ങളില്‍ നിന്ന് നീതി വീട്ടുപടിക്കലെത്തണമെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്. വൈത്തിരിയില്‍ മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയ (ഗ്രാമ കോടതി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കണം. ഓരോ വ്യക്തിക്കും ആവശ്യമായ സമയത്തും സ്ഥലത്തും നീതി ലഭിക്കണം. വൈകി ലഭിക്കുന്ന നീതി ഒരാളുടെ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ പര്യാപ്തമല്ല. ഭാരത സങ്കല്‍പ്പത്തില്‍ നീതി ദേവത കണ്ണ് മൂടിക്കെട്ടിയാണുള്ളത്. എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കാനാണിത്. കാണാന്‍ പാടില്ലാത്തത് കാണാതിരിക്കാനാണ് നീതി ദേവത കണ്ണ് മുടിക്കെട്ടിയത്. ജഡ്ജിമാരും വക്കീല്‍മാരും കോടതി ജീവനക്കാരും നിയമ പാലകരുമാണ് നീതി ദേവതയുടെ പൂജാരിമാര്‍. ഇവരുടെ ഭാവം ദാസ്യമാവണം. ആജ്ഞയാവരുത്. ഇവിടത്തെ വേദഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. ഈ പൂജാരിമാര്‍ക്ക് അറിവും പക്വതയും വിനയവും ആവശ്യമാണ്. സേവകരാണെന്ന ബോധം മനസ്സില്‍ വേണം. ഭൂമിയെ മറന്നിട്ട് മനുഷ്യന് നിലനില്ക്കാനാവില്ല. മനുഷ്യന് മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കടന്ന് ചെന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നങ്ങള്‍. യഥാര്‍ത്ഥ കയ്യേറ്റക്കാര്‍ മനുഷ്യരാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണമെങ്കില്‍ അന്തസുറ്റ ഒരു നീതിന്യായ വ്യവസ്ഥ രാജ്യത്ത് നില്‍ക്കണമെന്ന് ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് പറഞ്ഞു. ലോകത്തെ മഹോന്നത മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം നല്‍കിയത്. ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് സമത്വ സുന്ദരമായ ഒരു മതേതര സമൂഹ സൃഷ്ടിക്കാണ്. മുതലാളിത്തം വളര്‍ത്താനല്ല മറിച്ച് നിരാലംബര്‍ക്കും മരുന്നിനും ഭക്ഷണത്തിനും വകയില്ലാത്തവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും തുല്യ അവസരവും നീതിയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഊന്നല്‍ നല്‍കുന്നുണ്ട്. ഭരിക്കുന്നവരുടെ മതമനുസരിച്ചല്ല ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ് ഭരിക്കേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് അദ്ധ്യക്ഷനായി. സി.കെ ശശീന്ദ്രന് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പോലീസ് മേധാവി എം. കെ. പുഷ്കരന്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി, ബാര്‍അസോസിയേഷന്‍ പ്രസിഡന്റുമാരായ പി.ഡി ഷാജി, ബാബു സിറിയക്, കെ. നാണു, എന്‍.ജെ ഹനസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: