കല്‍പ്പറ്റ : വരണ്ട ഭൂമിക്ക് കുടചൂടാന്‍ നന്മയുടെ ഓര്‍മ്മമരങ്ങള്‍ മണ്ണിലേക്ക് വേരാഴ്ത്തുന്നു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ 5 ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വെച്ച് പിടിപ്പിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്ന മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനി നദീതീരത്തെ കൊളവള്ളിയില്‍ രാവിലെ 9 ന് മരത്തൈകള്‍ നട്ടുപടിപ്പിച്ചു കൊണ്ട് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മാറുന്ന ജൈവ ലോകത്തില്‍ ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാന്‍ ഹരിത വയനാട് പുനര്‍ജനിക്കുകയാണ്. ഒഴുക്ക് നിലച്ച കാട്ടരുവിക്കും വരണ്ടുപോയ പുഴകള്‍ക്കും പുതു ജീവന് നല്കാന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്കൊരുമിക്കാമെന്ന് ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ഭരണകൂടം വിഭാവനം ചെയ്ത ‘ഓര്‍മ്മരം’ പദ്ധതിയില്‍ സ്വീപ്പിന്റെ ഭാഗമായി വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് നിയമ സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി ആസുത്രണം ചെയ്തത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി വെച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ജല സ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാ ഭരണകൂടം, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത്, വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഐ. സി. ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.ഐ.ഷാനവാസ് എം പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്, ഒ.ആര്.കേളു, എച്ച്.ഡി കോട്ട എം.എല്‍.എ ചിക്ക് മാതു എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, മൈസൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പരിമള ശ്യാംസുന്ദര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, സബ്കളക്ടര്‍ ശീറാം സാംബശിവ റാവു, പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാകൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ്, ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡണ്ട് തിരുപ്പതി, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴിയില്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, എ.എന്‍.പ്രഭാകരന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, ഷിനു കത്തറയില്, പി. ഡി. സജി, ഗ്രാമപഞ്ചായത്തംഗം ജീന ഷാജി, ജനപ്രതിനിധികള്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: