മാനന്തവാടി : മൈനര്‍ സ്വത്ത് കേസ്സ് മൂലം വിവാദമായ അനന്തോത്ത് ഭൂമി ജൂണ്‍ രണ്ടിന് കോടതി ആമീന്‍ അളന്ന് തിരിക്കാനെത്തും. പ്രതിരോധിക്കാന്‍ തയ്യാറായി ഭൂഉടമകളും നാട്ടുക്കാരും. മുന്‍പ് മൂന്ന് തവണ ഭൂമി അളന്ന് തിരിക്കാന്‍ കോടതി ആമീന്‍ എത്തിയിരുന്നെങ്കിലും ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. മാനന്തവാടി, തിരുനെല്ലി, തൃശ്ലിലേരി,പയ്യംമ്പള്ളി, തവിഞ്ഞാല്‍, നല്ലൂര്‍നാട് വില്ലേജുകളിലായി160 ഹെക്ടര്‍ ഭൂമിയാണ് മൈനര്‍ സ്വത്തായികോടതി കണ്ടെത്തിയത്. അനന്തോത്ത് സ്വാമിയുടെ കൈവശമുണ്ടായിരുന്ന സ്വത്ത് ഭാര്യ പുഷ്പരാംബാള് വില്പന നടത്തുകയായിരുന്നു. അന്ന് മൈനര്‍ ആയിരുന്ന ഇവരുടെ മകന് രാമചന്ദ്രന് ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് കാണിച്ച് ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ 2005 ല്‍ ഹൈകോടതി രാമചന്ദ്രന് അനുകൂലമായി വിധിക്കുകയായിരുന്നു. തുടര്‍ന്ന് രാമചന്ദ്രന് മലപ്പുറം സ്വദേശിക്ക് ഭൂമി വില്‍പ്പന നടത്തുകയും ചെയ്തു. ഭൂമി വാങ്ങിയവര്‍ സ്ഥലം അളന്ന് തിരിക്കാന്‍ എത്തിയെങ്കിലും കൈവശക്കാരുടെയും നാട്ടുക്കാരുടെയും രാഷ്ട്രീയ കക്ഷികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് മൂന്ന് തവണ അളന്ന് തിരിക്കാന്‍ കഴിയാതെ കോടതി ആമീന്‍ മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്ന് ഭൂമി വിലക്കെടുത്ത മലപ്പുറം തിരുരങ്ങാടി സ്വദേശികളായ അബൂബക്കറും പി. സുധീഷും വിധി നടപ്പിലാക്കി കിട്ടാന്‍ വീണ്ടും കോടതിയെ സമീപിച്ചിരുന്നു. അളവ് തടസ്സപ്പെടുത്തിയതിന്റെ പേരില്‍ മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി, അഭ്യന്തര സെക്രട്ടറി,ഡിജിപി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെഎതിര് കക്ഷികളാക്കി ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസ്സ് ഹൈകോടതിയില്‍ നടകുന്നതിനിടയിലാണ് വീണ്ടും ഭൂമി അളന്ന് തിരിക്കാനുള്ള നീക്കം നടക്കുന്നത്. ഇതിനിടെ കൈവശക്കാരില്‍ പലരും കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ വാദവും കോടതിയില്‍ നടക്കുകയാണ്. ഇവരെ കൂടാതെ അഞ്ചും പത്തും സെന്റും സ്ഥലം വാങ്ങി വീട് വെച്ചവരും കേസ്സില്‍ കക്ഷി ചേരാത്തവരുടെയും ഭൂമിയായിരിക്കും രണ്ടാം തിയ്യതി അളന്ന് തിരിക്കുക. ഇതോടെ ഇത്തരക്കാര്‍ ആശങ്കയിലാണ്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തോടെയായിരിക്കും ആമീനും സംഘവും എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: