കാസര്‍കോട്: കേരള പോലീസ് സംവിധാനം രാഷ്ട്രീയ പകപോക്കാനുള്ള ആയുധമാക്കി മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിക്കരുതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന് പറഞ്ഞു. വോട്ടെടുപ്പ് ദിനം മുതല്‍ മുസ്ലിം ലീഗും സിപിഎമ്മും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ നടത്തി കൊണ്ടിരിക്കുന്ന് അക്രമണങ്ങളില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കളക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.കെ.പി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് കേരളത്തിലെത്തുമ്പോള്‍ പറഞ്ഞ വാക്കുകള്‍ മറന്ന് മാര്‍കിസ്റ്റ് നേതാവും ഗുണ്ടയെ പോലെ പെരുമാറുന്നയാളുമായ പിണറായി വിജയന് ഞങ്ങളെ സമാധാനത്തിന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞ് പഠിപ്പിക്കേണ്ട ആവശ്യമില്ല. ഗുണ്ടകളോട് ഗുണ്ടകളെ പോലെ പെരുമാറാന്‍ ബിജെപിക്ക് അറിയാം. പക്ഷെ ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തി പിടിക്കാനുള്ള പ്രവര്‍ത്തനം മാത്രമേ എന്നും ബിജെപിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളു. പിണറായി സര്‍ക്കാറിന്റെ ഭാഗത്തു നിന്നും അതുണ്ടാകണം. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയാല്‍ ബിജെപി അകമഴിഞ്ഞ പിന്തുണ നല്‍കും. മഞ്ചേശ്വരത്ത് ബിജെപിക്ക് സംഭവിച്ചത് സാങ്കേതികമായ തോല്‍വി മാത്രമാണ് യഥാര്‍ത്ഥത്തില്‍ ബിജെപിയാണ് അവിടെ വിജയിച്ചത്. അത് സിപിഎം മനസ്സിലാക്കണം. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച പാര്‍ട്ടിയല്ല ബിജെപി. നിരവധി ഐതിഹാസികമായ സമര പരമ്പരകള്‍ തന്നെ നടത്തി കേരളത്തില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണ് ഭാരതീയ ജനതാ പാര്‍ട്ടി.
ബിജെപിയെ നിരന്തരമായി അക്രമിച്ചു കൊണ്ടിരിക്കുന്ന അക്രമികളെ കണ്ടെത്തി അവര്‍ ചെയ്ത കുറ്റം രേഖപ്പെടുത്തി കൃത്യമായ വകുപ്പ് ചാര്‍ത്തി ശിക്ഷ വാങ്ങി കൊടുക്കുവാനുള്ള നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകണം. അല്ലാതെ ഓന്തിന്റെ നിറം മാറുന്നത് പോലെ ഭരണ മാറ്റം ഉണ്ടാകുമ്പോള്‍ കാക്കിയുടെ നിറം മാറുകയല്ല വേണ്ടത്. നിയമാനുസൃതം ഭരണ ഘടന ഉറപ്പ് നല്കുന്ന ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അത് ഉറപ്പ് വരുത്തേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാറിനുണ്ട്. നിരന്തരമായി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിക്കപ്പെട്ടിട്ടും ആത്മ സംയമനം പാലിക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് സിപിഎം അക്രമണ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് സി.കെ.പി കൂട്ടിച്ചേര്‍ത്തു.
അക്രമണത്തിന് ഇരയായവരുടെ ആത്മ രോഷമിരമ്പിയ മാര്‍ച്ച് അണങ്കൂര്‍ ഭജന മന്ദിര പരിസരത്ത് നിന്ന് ആരംഭിച്ചു. നഗരത്തെ ഹരിത വര്‍ണ്ണ പതാകകളാല്‍ മൂടി 2000 ലധികം പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി കളക്ടറേറ്റ് പരിസരത്തേക്ക് നീങ്ങിയതോടെ മുസ്ലിം ലീഗ് സിപിഎം അക്രമണത്തിനെതിരെയുള്ള താക്കീതായി മാറി. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത് അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ ഭരണഘടനാ വിരുദ്ധമായ അക്രമണ രാഷ്ട്രീയത്തിന് മുന്‍ എംഎല്‍എ കെ.കുഞ്ഞിരാമന് ഉള്‍പ്പെടെ നേതൃത്വം നല്‍കിയത് സിപിഎമ്മിന്റെ ക്രിമിനല്‍ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു. ചാത്തമത്ത് മാത്രമല്ല എവിടെയും സിപിഎം അക്രമണത്തെ ഭയന്ന് ബിജെപി പ്രവര്‍ത്തനം നിര്‍ത്താന്‍ പോകുന്നില്ലെന്ന വ്യക്തമായ സൂചന നല്‍കാനാണ് കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം ലീഗ് അക്രമണ രാഷ്ട്രീയത്തിന്റെ പുതിയ മുഖമാണ് ചാത്തമത്ത് ഉള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെ തുറന്ന കാട്ടുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു. ജനാധിപത്യവും നീതിയും പുലരാന്‍ സിപിഎം, ലീഗ് ക്രിമിനല്‍ സംഘങ്ങള്‍ അക്രമണം അവസാനി#്പിക്കാന് തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന് സ്വാഗതവും പി.രമേശ് നന്ദിയും പറഞ്ഞു.
ബിജെപി ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്, എം സജ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, കര്‍ഷക മേര്ച്ചാ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്, ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് ഗോപാലകൃഷ്ണന്, ജില്ലാ കാര്യ വാഹക് എ.പി.ഉണ്ണിക്കൃഷ്ണന്, പ്രചാരക് എ.ഷൈജു, ജില്ലാ കാര്യകാരി സദസ്യന്‍ കൃഷ്ണന് ഏച്ചിക്കാനം, കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശന് മഠപ്പുര, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ നഞ്ചില്‍ കുഞ്ഞിരാമന്, ശിവകൃഷ്ണ ഭട്ട്, സെക്രട്ടറി പി.കുഞ്ഞിരാമന്, ട്രഷറര്‍ ജി.ചന്ദ്രന്, ജില്ലാ സമിതിയംഗം സുജാത ആര് തന്ത്രി, കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി, മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ മുരളീധര യാദവ്, എ.കെ.കൈയ്യാര്‍, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ഇ.കൃഷ്ണന്, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുരാജ് പരവനടുക്കം, യുവമോര്‍ച്ചാ സംസ്ഥാന ട്രഷരര്‍ വിജയ കുമാര്‍ റൈ, ജില്ലാ പ്രസിഡണ്ട് പി.ആര് സുനില്‍, വൈസ് പ്രസിഡണ്ട് ധനഞ്ജയന് മധൂര്‍, ജനറല്‍ സെക്രട്ടറി എ.പി ഹരീഷ്കുമാര്‍, എം. ഭാസ്കരന്, വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച്ബിജെപി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച് മുന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യുന്നു
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ മുസ്ലിം ലീഗും സിപിഎമ്മും നടത്തി കൊണ്ടിരിക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ കളക്ട്രേറ്റ് മാര്‍ച്ച്
പ്രതികരിക്കാൻ ഇവിടെ എഴുതുക: