പത്തനംതിട്ട: അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പത്തനംതിട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന് മുന്‍പിലൂടെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം എത്തുന്ന ഇടവഴിയാണ് വെള്ളക്കെട്ടായി മാറിയത്. നഗരസഭ വഴി കോണ്‍ക്രീറ്റ് ചെയ്തെങ്കിലും മഴവെള്ളം ഒഴുകിപോകാന്‍ സംവിധാനം ഇല്ലാത്തതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നത്. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഭൂമി മതില്കെട്ടിതിരിച്ചിരിക്കുന്നതിനാല് മഴവെള്ളം റോഡില്‍ നിന്നും ഒഴുകിപ്പോകാന്‍ സംവിധാനവുമില്ല. കഴിഞ്ഞ ദിവസം ഒരു മഴ പെയ്തപ്പോഴേക്കും പാതയുടെ പലഭാഗത്തും മുട്ടോളം വെള്ളം ഉയര്‍ന്നിരുന്നു. ധന്യ, രമ്യ സിനിമാതീയേറ്ററിന് പിന്‍ഭാഗത്തെ വളവിലാണ് കൂടുതല്‍ വെള്ളം കെട്ടിനില്‍ക്കുന്നത്. ഇതിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കെട്ടിടത്തില്‍ കഴിഞ്ഞ ദിവസം ശബരിമല എക്സിക്യൂട്ടീവ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സമ്മേളനത്തിന് തൊട്ടുമുമ്പ് പെയ്ത മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞതോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരും വലഞ്ഞു. ഉദ്ഘാടകനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, എംഎല്‍എമാരായ രാജു എബ്രഹാം, വീണാജോര്‍ജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, നഗരസഭാ അദ്ധ്യക്ഷ് രജനിപ്രദീപ് അടക്കമുള്ളവര്‍ വെള്ളക്കെട്ടും കടന്നാണ് സമ്മേളന ഹാളില്‍ എത്തിയത്. കാലവര്‍ഷം കൂടുതല്‍ ശക്തമാകുന്നതോടെ ഈ പാത കാല്‍നട യാത്രക്കാര്‍പോലും ഉപയോഗിക്കാതെയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: