തിരുവനന്തപുരം: കേരളത്തിന് ഓള് ഇന്ത്യ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന് ആയിരുന്നു. അതും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍. പക്ഷെ, പ്രഖ്യാപനം അതേരീതിയില്‍ ഉള്‍ക്കൊള്ളാന്‍ കേരളത്തിനായില്ല. തീരെ പ്രതീക്ഷിക്കാത്ത വിഷയം പോലെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപനത്തെ കണ്ടത്.
എയിംസിന് ചുരുങ്ങിയത് 200 ഏക്കര്‍ സ്ഥലം ആവശ്യമാണ്. സംസ്ഥാനം സ്ഥലം അനുവദിച്ചാല്‍ എയിംസ് സ്ഥാപിക്കുന്ന നടപടികള്‍ കേന്ദ്രം സജീവമാക്കുമെന്നും കേന്ദ്രം ലോക്സഭയിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളം ഇതിന് ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ അനാസ്ഥ എയിംസ് കേരളത്തിന് നഷ്ടമാക്കുമെന്ന അവസ്ഥയിലായി. എയിംസ് എവിടെ സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തെ അറിയിക്കാത്തതാണ് പ്രശ്നം. നാല് ജില്ലകളില്‍ സ്ഥലമുണ്ടെന്നു കാണിച്ച് റിപ്പോര്‍ട്ട് നല്‍കുകമാത്രമാണ് കേരളം ചെയ്തത്.
യുഡിഎഫിലെ ഘടകകക്ഷികളെ എല്ലാം തൃപ്തിപ്പെടുത്താന്‍ അവര്‍ നിര്‍ദ്ദേശിച്ച സ്ഥലങ്ങളുടെ പട്ടിക കൈമാറി ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എഗ്രൂപ്പ്, ഐ ഗ്രൂപ്പ് എന്നിവരുടെ താല്പര്യപ്രകാരം യഥാക്രമം കോഴിക്കോട് കിനാലൂരില്‍ 154.43 ഏക്കര്‍, കോട്ടയം മെഡിക്കല്‍ കോളേജിന്റെ 194.85 ഏക്കര്‍, തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ 263.45 ഏക്കര്‍, എറണാകുളം എച്ച്എംടിയുടെ 123.5 ഏക്കര്‍ എന്നിവയായിരുന്നു നിര്‍ദ്ദേശിച്ചത്്. ഇതിന് പുറമെ ഓരോ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ എയിംസ് വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയെ സമീപിക്കുകയും ചെയ്തു. ഇക്കാര്യം ലോക്സഭയില്‍ തന്നെ വ്യക്തമാക്കിയ ഹര്ഷവര്ധന്, സ്ഥലം ചൂണ്ടിക്കാണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തും എഴുതി. എന്നിട്ടും നടപടി ഒന്നും ഉണ്ടായില്ല.
കേന്ദ്ര സ്ഥാപനം വരുന്നതിനേക്കള്‍ നല്ലത് കേന്ദ്രത്തിന്റെ ഫണ്ട് നേരിട്ട് കിട്ടുന്നതിനോടായിരുന്നു സംസ്ഥാനത്തിന് താല്പര്യം. കേന്ദ്ര സ്ഥാപനമാകുമ്പോള്‍ കരാറുകളും മറ്റും കേന്ദ്രം നേരിട്ട്് നടത്തുന്നതിനാല്‍ കമ്മീഷനുകള്‍ തരപ്പെടില്ല എന്നതായിരുന്നു കാരണം. ഇതിനിടെ, കേരളത്തിനൊപ്പം പരിഗണിച്ച മഹാരാഷ്ട്ര, ആന്ധ്ര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ് സ്ഥാപിക്കാനുള്ള 4900 കോടിരൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റില്‍ തന്നെ ഇതിന്റെ പ്രഖ്യാപനം ഉണ്ടായി. അഞ്ചുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം. മൂന്നും ബിജെപി ഇതര സര്‍ക്കാരുകളായിരുന്നു എന്നത് ഇക്കാര്യത്തില്‍ രാഷ്ടീയ ആരോപണം പോലും ഉന്നയിക്കാന്‍ കേരളത്തിന് അവസരമില്ലാതായി (മഹാരാഷ്ട്രയില്‍ പിന്നീടാണ് എന്‍ഡിഎ സര്‍ക്കാര്‍ വന്നത്്)
ഇതിനിടെ ഹര്ഷവര്ധന് മാറി ജഗത് പ്രകാശ് നദ്ദ പുതിയ ആരോഗ്യമന്ത്രിയായി. സ്ഥലം ലഭ്യമാക്കിയാല്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. എന്നിട്ടും സ്ഥലം കണ്ടെത്തല്‍ നടന്നില്ല. 1956 മുതല്‍ ന്യൂദല്‍ഹിയിലുള്ള എയിംസ് നൂറു കോടിയിലധികം വരുന്ന ഭാരതീയര്‍ക്ക് ആകെയുള്ള ഒരേയൊരു ലോകോത്തര ചികിത്സാകേന്ദ്രമായിരുന്നു. ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ പ്രവിശ്യാ തലങ്ങളില്‍ വ്യാപിപ്പിക്കണമെന്ന നിര്‍ദ്ദേശം 2003 ല്‍ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവെച്ചു. ആ ചടങ്ങില്‍ അധ്യക്ഷയായിരുന്ന അന്നത്തെ ആരോഗ്യമന്ത്രി സുഷമ സ്വരാജ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് എയിംസുകള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു.
ഭോപ്പാല്‍ (മധ്യപ്രദേശ്), ഭുവനേശ്വര്‍ (ഒറീസ), ജോധ്പ്പൂര്‍ (രാജസ്ഥാന്), പാട്ന (ബീഹാര്‍), റായ്പ്പൂര്‍ (ഛത്തീസ്ഗഢ്), ഋഷികേശ ്(ഉത്തരാഖണ്ഡ്) എന്നിവിടങ്ങളില്‍ എയിംസ് തുടങ്ങാന്‍ വാജ്പേയി സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. 2012 മുതല്‍ ഇവയുടെ പ്രവര്‍ത്തനം തുടങ്ങി. 10 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒരു എയിംസ് സെന്റര്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തു.
സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായിബറേലിയില്‍. മംഗലഗിരി (ആന്ധ്രപ്രദേശ്), കല്ല്യാണി (ബംഗാള്‍), നാഗപ്പൂര്‍ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലെ എയിംസുകള്‍ക്കാണ് മോദി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പുറമെ ഏഴ് പുതിയ എയിംസുകള്‍ കൂടി ആരംഭിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പഞ്ചാബ്(ഭട്ടിണ്ഡ), ജമ്മുകശ്മീര്‍ (ശ്രീനഗറിലും ജമ്മുവിലും), മധുര (തമിഴ്നാട്), സഹര്‍ഷ (ബീഹാര്‍), ബിലാസ്പൂര്‍ (ഹിമാചല്‍ പ്രദേശ്), ദിസ്പൂര്‍ (ആസാം) എന്നിവയാണ് എന്നിവയാണവ. എന്നിട്ടും കേരളത്തിന് പ്രഖ്യാപിച്ച എയിംസ് കിട്ടാന്‍ ഭരണതലത്തിലോ രാഷ്ട്രീയമായോ സമ്മര്‍ദ്ദമൊന്നും ഉണ്ടായില്ല എന്നത് ദുരൂഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: