തളിപ്പുഴ: വകുപ്പ് മന്ത്രി അനുമതി നല്‍കിയിട്ടും ആര്.ടി.ഒ ഉത്തരവ് പുറപ്പെടുവിച്ചിട്ടും തളിപ്പുഴയിലെ സ്റ്റോപ്പില്കെ.എസ്.ആര്.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്തിയില്ല. ഒടുവില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ റോഡിലിറങ്ങി. പ്രതിഷേധക്കാര്‍ തളിപ്പുഴ സ്റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ തടഞ്ഞു. വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൂക്കോട് തടാകത്തിന് സമീപത്തെ ടൗണിലാണ് ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്താത്തത്. ഇത് യാത്രക്കാര്‍ക്ക് തെല്ലൊന്നുമല്ല ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കോഴിക്കോട് നിന്നും വരുന്ന ബസുകളെ മാത്രം ആശ്രയിക്കുന്നവരാണ് ഇവിടത്തുകാര്‍. എന്നാല്‍ കോഴിക്കോട് നിന്നും വരുന്ന ഭൂരിഭാഗം ബസുകള്‍ക്കും ഇവിടെ സ്റ്റോപ്പില്ല. ഇതേത്തടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് വകുപ്പ് മന്ത്രിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് സ്റ്റോപ്പില്‍ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ നിര്‍ത്താന്‍ അനുമതിയായി. എന്നാല്‍ ബസുകള്‍ നിര്‍ത്താന്‍ ജീവനക്കാര്‍ കൂട്ടാക്കാത്ത അവസ്ഥയാണ് നിലവില്‍. ഇത് നൂറു കണക്കിന് വിനോദ സഞ്ചാരികളെയും നാട്ടുകാരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുകയാണ്. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് ജില്ലാ കലക്ടറെ പരാതി അറിയിച്ചിട്ടുണ്ട്. ഇന്നലെ ടൗണ്‍ ടു ടൗണ്‍ ബസുകള്‍ തളിപ്പുഴയില്‍ തടഞ്ഞ നാട്ടുകാര്‍ ജീവനക്കാര്‍ക്ക് ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
ജൂണ്‍ ഒന്ന് മുതല്‍ ബസുകള്‍ നിര്‍ത്തിയില്ലെങ്കില്‍ ഈ റൂട്ടില്‍ ഓടുന്ന മുഴുവന്‍ ബസുകളും തടയുവാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: