ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ് ഫൈനലിന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം അരങ്ങൊരുക്കുമ്പോള്‍ കരുത്തുറ്റ രണ്ടു ടീമുകളുടെ മുഖാമുഖത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. കന്നിക്കിരീടത്തിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ബാംഗ്ലൂര്‍ ഇതിനു മുന്‍പ് ഫൈനലിലെത്തിയിട്ടുണ്ട്.
അന്ന്, എതിരാളികളായെത്തിയത് ഹൈദരാബാദ് ടീം ഡെക്കാണ് ചാര്‍ജേഴ്സ്. എന്നാല്‍, ഉടമകള്‍ ഡെക്കാണ് ടീമിനെ വിറ്റു. പുതിയ ഉടമകള്‍ സണ്‍റൈസേഴ്സ് എന്നു പേരുമാറ്റി ടീമിനെ അണിയിച്ചൊരുക്കി. ഹൈദരാബാദ് എന്ന നഗരം രണ്ടാം കിരീടം ഉറ്റുനോക്കുമ്പോള്‍, പക്ഷേ, സണ്‍റൈസേഴ്സിനു ലക്ഷ്യം ആദ്യ നേട്ടം. ഇന്ന് രാത്രി എട്ടിന് മത്സരം.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ്, ബൗളിങ ടീമുകള്‍ തമ്മിലാണ് ഫൈനലിലെ പോരാട്ടം. വിരാട് കോഹ്ലി, എ.ബി. ഡിവില്ലേഴ്സ്, ഫോമിലല്ലെങ്കിലും ക്രിസ് ഗെയ്ല് തുടങ്ങിയ ക്രിക്കറ്റിലെ എക്കാലത്തെയും അപകടകാരികളാണ് ബാറ്റ്സ്മാന്മാരാണ് ബാംഗ്ലൂരിന്റെ ശക്തി. ഇവര്‍ക്കു പിന്തുണയുമായി കെ.എല്‍. രാഹുല്‍, ഷെയ്ന് വാട്സണ്, സച്ചിന് ബേബി, സ്റ്റുവര്‍ട്ട് ബിന്നി തുടങ്ങിയവരുണ്ട്. മുസ്തഫിസുര്‍ റഹ്മാന് നയിക്കുന്ന ഹൈദരാബാദ് ബൗളിങ് എതിരാളികളെ പലപ്പോഴും കെട്ടിയിട്ടു. ഭുവനേശ്വര്‍ കുമാര്‍, ട്രെന്റ് ബൗള്‍ട്ട്, ബരീന്ദര്‍ സ്രന്‍, ബിപുല്‍ ശര്‍മ, ബെന്‍ കട്ടിങ്, മോയ്സസ് ഹെന്റിഖസ് എന്നിവരും കരുത്ത്. മുസ്തഫിസുര്‍, ബൗള്‍ട്ട് എന്നിവരില്‍ ഒരാളേ ടീമിലുണ്ടാകു.
ബാംഗ്ലൂരിന്റെ ഏറ്റവും വലിയ കോട്ടം ബൗളിങ്. വലിയ സ്കോറുകള്‍ പടുത്തുയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കാകുന്നില്ല. തുടക്കത്തിലിത് ടീമിന് തിരിച്ചടിയുമായി. അവസാന ഘട്ടത്തിലേക്കു കടന്നതോടെ ഫോമിലേക്കുയര്‍ന്നു ബൗളര്‍മാര്‍. ഷെയ്ന് വാട്സണ്, യുസ്വേന്ദ്ര ചഹല്‍, ശ്രീനാഥ് അരവിന്ദ്, ഇഖ്ബാല്‍ അബ്ദുള്ള, ക്രിസ് ജോര്‍ദന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ബാംഗ്ലൂരിന്റെ ആക്രമണം നയിക്കും.
ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ പ്രകടനത്തിലാണ് ബാംഗ്ലൂരിന്റെ പ്രതീക്ഷ. ഹൈദരാബാദിന്റെ ബാറ്റിങ് നിരയും മോശക്കാരല്ല. രണ്ടാം ക്വാളിഫയറില്‍ നായകന് ഡേവിഡ് വാര്‍ണറുടെ ഒറ്റയാള്‍ പോരാട്ടമാണ് ഹൈദരാബാദിനെ ഫൈനലിലെത്തിച്ചത്. 58 പന്തില്‍ 11 ഫോറും മൂന്നു സിക്സറും സഹിതം പുറത്താകാതെ 93 റണ്‍സെടുത്തു വാര്‍ണര്‍. ശിഖര്‍ ധവാന്, മോയ്സസ് ഹെന്റിഖസ്, യുവരാജ് സിങ്, നമന്‍ ഓജ, ബെന്‍ കട്ടിങ്, ദീപക് ഹൂഡ എന്നിവരും ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കുന്നു.
പോരാട്ടം ബാംഗ്ലൂരിലെന്നത് റോയല്‍ ചലഞ്ചേഴ്സിന് ആശ്വാസവും ആത്മവിശ്വാസവും. പ്രാഥമിക ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓരോ ജയം വീതം. അതും സ്വന്തം മൈതാനത്ത്. ക്വാളിഫയറുകളില്‍ ഇരു ടീമുകളും ജയിച്ചു വന്നതിനും സമാനത. ഗുജറാത്ത് ലയണ്‍സിനെ രണ്ടാമത് ബാറ്റ് ചെയ്താണ് ഇരുവരും മറികടന്നത്. ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ ഡിവില്ലേഴ്സും വാര്‍ണറും ഒറ്റയ്ക്ക് ടീമിന് ജയവും സമ്മാനിച്ചു. ബെംഗളൂരു ആരായെകും തുണയ്ക്കുകയെന്നറിയാന് ഇനി മണിക്കൂറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: