മൂവാറ്റുപുഴയാറിന്റെ തീരത്തെ പ്രശസ്തമായ രാമമംഗലം ഗ്രാമം പണ്ടുമുതലേ പ്രശസ്തം തന്നെയാണ്. വാദ്യരംഗത്തെ രാമമംഗലം പാരമ്പര്യം ഇന്നും കെടാതെയുണ്ട്. പഞ്ചാരിമേളവും പാണ്ടിയും പഞ്ചവാദ്യവും പരിഷവാദ്യവും അതിന്റെ അനുബന്ധവാദ്യമായ പഞ്ചവാദ്യവും വായിക്കുന്നതില്‍ പ്രശസ്തരായിരുന്നു ഇവിടുത്തെ ആചാര്യന്മാര്. ഒന്നല്ല ഒട്ടേറെ ഗംഭീരന്മാര് അവിടെ നിലനിന്നിരുന്നു. പെരുവനം എന്ന മേളഗ്രാമം പോലെ. ബുദ്ധിയിലും പ്രവൃത്തിയിലും ഇവരെല്ലാം ശക്തര്‍ തന്നെയായി നിലനിന്നിരുന്നു.
സ്വാതിതിരുനാളിന്റെ കാലത്ത് മുതല്‍ അറിയപ്പെട്ടിരുന്ന ഷഡ്ക്കാല ഗോവിന്ദമാരാര്‍ രാമമംഗലത്തിന്റെ യശസ്സുയര്‍ത്തിയ വ്യക്തിയാണ്.ഇവിടെ വിളങ്ങിയിരുന്ന പഞ്ചഗോവിന്ദന്മാര്‍ ഒന്നുചേര്‍ന്ന പഞ്ചാരി എറണാകുളം ജില്ലയിലെ പുകള്‍പെറ്റ പൂരപ്പറമ്പിന്റെ പര്യായമായിരുന്നു. ഇപ്പോള്‍ രംഗത്ത് നിന്നൊഴിഞ്ഞ വന്ദ്യവയോധികനായ കരവട്ടേടത്ത് നാരായണമാരാര്‍, യശഃശരീരനായ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മരാര് എന്നിവരായിരുന്നു അടുത്തകാലം വരെ രാമമംഗലത്തിന്റെ കീര്‍ത്തി നിലനിര്‍ത്തി വന്നിരുന്നത്.
രാമമംഗലത്തിന്റെ അയല്‍പ്രദേശമായ ഊരമനയിലും നടപ്പുതലമുറക്കാര് വാദ്യരംഗത്ത് സിദ്ധിനിറഞ്ഞ് നില്‍ക്കുന്നുണ്ട്. അതില്‍ ഊരമന അജിതന്, ഊരമന വേണു എന്നിവര്‍ പഞ്ചവാദ്യത്തിലെ അറിയപ്പെടുന്നവരായി നിലനില്ക്കുന്നു. വേണുമാരാര്‍ വാദ്യരംഗത്ത് നില്‍ക്കുന്നുണ്ടെങ്കിലും അതുപോലെതന്നെ വാദ്യനിര്മ്മിതിയിലും അദ്ദേഹത്തിന്റെ സ്ഥാനം ചെറുതല്ല. ക്ഷേത്രത്തിനകത്തെ പ്രയാസവും, അതുപോലെതന്നെ ശ്രദ്ധയോടെയും കൈകാര്യം ചെയ്യേണ്ട കലശാദികള്ക്കുള്ള പാണി മുതലായവയിലും വേണു ജ്ഞാനിതന്നെയാണ്.
എന്നാല്‍ അജിതന്മാരാര് പഞ്ചവാദ്യത്തില്‍ നിറഞ്ഞുനില്ക്കുന്നു. തൃശൂര്‍പൂരം മുതലുള്ള പ്രശസ്ത പൂരങ്ങളില്‍ അദ്ദേഹം പങ്കാളിയാണ്. അന്നമനടയിലെ ആചാര്യന്മാര്ക്കൊപ്പം പങ്കെടുത്തുള്ള പഴക്കവും, ഇപ്പോഴത്തെ പ്രശസ്തരായ അന്നമനട പരമേശ്വരന്, ചോറ്റാനിരക്കര വിജയന് തുടങ്ങിയവര്‍ക്കൊപ്പം നിലകൊണ്ടുവരുന്ന തഴക്കവും ഇദ്ദേഹത്തിലുണ്ട്. രാമമംഗലത്തിന്റെ പുതിയതലമുറക്കാര്‍ക്ക് ഗുരുസ്ഥാനീയരാണ് ഈ കലാകാരന്മാര്.
ഉത്സവക്കാലത്ത് ക്ഷേത്രങ്ങളിലുള്ള പരിഷവാദ്യത്തില്‍ രാമമംഗലത്തുള്ളത് ഏറെവിശദവും വിസ്തരിച്ചുള്ളവയുമാണ്. പഞ്ചവാദ്യത്തില്‍ തിമിലക്കാര്ക്ക് ഉള്ളതിലും സാദ്ധ്യത ഏറെകുടുതല് പരിഷവാദ്യത്തില്‍ വിരിഞ്ഞ്നില്ക്കുന്നു. പരിഷവാദ്യത്തില്‍ നിന്ന് വരുന്ന എണ്ണങ്ങളില്നിന്നും കൂടുതലൊന്നും പഞ്ചവാദ്യത്തില്‍ പ്രയോഗിക്കാനില്ല. വേണുവും അജിതനും പരിഷവാദ്യത്തിലും സിദ്ധിനേടിയവരാണ്. വരും തലമുറയെ രാമമംഗലത്തുനിന്നും ഇവരാണ് വളര്‍ത്തിവരുന്നത്. ഈരണ്ടു കലാകാരന്മാരേയും രാമമംഗലത്തിനടുത്ത ഊരമനയില്‍ ഇന്ന് ആദരിക്കുകയാണ്. സാംസ്കാരിക രംഗത്തെ പ്രശസ്തര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: