ഞങ്ങളുടെ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ ഏഡു മൂത്ത് എസ്.ഐ. ആയ ഒരാള്‍ ഉണ്ടായിരുന്നു. നരേന്ദ്രന് എന്നായിരുന്നു അയാളുടെ പേര്. ഗ്രാമം ഉള്‍ക്കൊള്ളുന്ന സ്റ്റേഷനില്‍ തന്നെയായിരുന്നു എസ്ഐ ഉദ്യോഗം ഭരിച്ചതും. എസ്ഐ എന്ന ധാര്‍ഷ്ട്യം എന്നും എപ്പോഴും അയാളില്‍ നിറഞ്ഞുനിന്നു. റിട്ടയര്‍ ചെയ്യാന്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രം ബാക്കി.
സീന്‍ നമ്പര്‍ ഒന്ന്.
പകല്‍ പത്തുമണി, റോഡ്-
സിവില്‍ ഡ്രസില്‍ റോഡിലൂടെ നടന്നുപോകുന്ന എസ്ഐ തന്നെ കണ്ട് ആളുകള്‍ ഭയക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടോ എ്ന്ന് അയാള്‍ ഗൂഢമായി ശ്രദ്ധിക്കുന്നുണ്ട്. പാതയോരത്ത് ചാക്കുവിരിച്ച് പലതരം സാധനങ്ങള്‍ കച്ചവടം ചെയ്യുന്നവര്‍. അവരെ ഒന്ന് രൂക്ഷമായി നോക്കി എസ്ഐ അമര്‍ത്തി മൂളുന്നു. എസ്ഐയെ മനസ്സിലായവര്‍ ഭവ്യതയോടെ-
മനസ്സിലാകാത്ത ഒരു കച്ചവടക്കാരന്: നോക്കീട്ടുപോയിട്ടെന്താ കാര്യം…
വാങ്ങണോങ്കി വാങ്ങ്- കാലത്ത് വന്നിരുന്നിട്ട് ഒരു പൂച്ചപോലും വന്നിട്ടില്ല.
അങ്ങനെ പറയുന്നതിനെ വിലക്കി, അടുത്തിരുന്ന കച്ചവടക്കാരന് അയാളെത്തോണ്ടുന്നു. കാര്യം അറിയാത്ത പുതു കച്ചവടക്കാരന്: നീ എന്തിനാ വെറുതെ തോണ്ടുന്നെ- നമ്മള് വന്നിരിക്കുന്നത് കച്ചവടം ചെയ്യാനല്ലേ. രണ്ടു സാധനം വിറ്റിട്ടുവേണ്ടേടാ അരിമേടിക്കാന്‍.
അവിടെ നിന്ന എസ്ഐ ക്രോധത്തോടെ: ഇവിടെ വാടാ
തോണ്ടിയ കച്ചവടക്കാരന് പുതുകച്ചവടക്കാരനോട്- ചതിച്ചു, എസ്ഐ ആണെടാ അത്.
അതുകേട്ട പുതുക്കച്ചവടക്കാരന്‍ മടക്കിക്കുത്ത് അഴിച്ച് ഭവ്യതയോടെ ഭയന്നു നില്ക്കുന്നു. എസ്ഐ: ഇപ്പോത്തന്നെ ഇവിടുന്ന് കൊണ്ടുപോയ്ക്കൊള്ളണം. ഞാന്‍ ജീപ്പുമായി വരുമ്പോള്‍ ഒന്നും കണ്ടുപോയേക്കരുത്
കച്ചവടക്കാരന്: അറിയാതെ…
എസ്ഐ: ഛെ…നിര്‍ത്തടാ…പറഞ്ഞത് കേട്ടല്ലോ..ങാ
എസ്ഐ മുഴുവന്‍ ദേഷ്യവും പ്രകടിപ്പിച്ച് കടന്നുപോകുന്നു.
നിസ്സഹായനായി ഭയന്നുനില്‍ക്കുന്ന കച്ചവടക്കാരന്…
കട്ട്-
മേല്പ്പടിയാന് എസ്ഐ റിട്ടയര്‍ ചെയ്തശേഷം ഗ്രാമത്തിന് തൊട്ടടുത്തുള്ള ടൗണിലെ കവലയില്‍ ഒരു ഇരുമ്പുകട ആരംഭിച്ചു.
സീന്‍ നമ്പര്‍ 2
പകല്‍, പതിനൊന്ന് മണി-കട
കടയില്‍ ജോലിക്കിടെ വിയര്‍ത്തൊലിച്ച ശരീരവുമായി എളുപ്പം സാധനം വാങ്ങിപ്പോകാന്‍ എത്തിയിരിക്കുന്ന തൊഴിലാളി. കടയില്‍ സാധനങ്ങള്‍ എടുക്കുന്ന റിട്ട. എസ്ഐ തൊഴിലാളി സമയം വൈകുന്നതില്‍ അസ്വസ്ഥനാണ്.
തിരഞ്ഞിട്ടും തിരഞ്ഞിട്ടും കൃത്യമായ സാധനം കിട്ടാതെ ഏതോ ഒന്നെടുത്ത് ജാള്യതയോടെ റിട്ട എസ്ഐ: ഇതാണോ വലുപ്പം?
ദേഷ്യം വന്ന് അസ്വസ്ഥനായ തൊഴിലാളി: താനൊക്കെ എന്തു കോപ്പിനാണോ കച്ചവടം ചെയ്യാന്‍ വന്നിരിക്കുന്നെ… ഒരു മണിക്കൂറായല്ലോ-ശരിയായ ഒരു സാധനം പോലും എടുത്തുതരാന്‍ പറ്റൂല്ലങ്കി വേറെ വല്ല പണിക്കും പോ.
വല്ലാതായ റിട്ട എസ്ഐ: അല്ല; ഞാനിപ്പോ എടുത്തുതരാം.
തൊഴിലാളി: ഞങ്ങളെ തച്ചിന് പണിക്കുനിര്‍ത്തിയേക്കണത് ഇവിടെ തന്നെ പരിശീലിപ്പിച്ചെടുക്കാനല്ല. മെനക്കെടുത്താന്‍ ഓരോരോ കടക്കാര്.
അപമാനിതനായപോലെ റിട്ട എസ്ഐ: അല്ല ഞാന്‍…
തൊഴിലാളി: താനെന്തേലും ചെയ്യ്. ഞാന്‍ പോണ്…വേറെം കടേണ്ടല്ലോ?
തൊഴിലാളി പോകുന്നത് നോക്കി നില്ക്കുന്ന റിട്ട എസ്ഐ. പിന്നീട് നോക്കുമ്പോള്‍ അയാളെ നോക്കി പരിഹാസ പുച്ഛം ചിരിക്കുന്ന ആളുകളെ കണ്ട് വല്ലാതെ വിഷണ്ണനാകുന്നു.
കട്ട്-
ക്ഷുഭിതമനസ്സുകളുടെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു അയാള്‍. അലച്ചിലും ദാരിദ്രവും ചിട്ടയില്ലാത്ത ജീവിതവും. ഒരു നിയോഗം പോലെ കൊണ്ടു നടന്നു. അപ്പോഴാണ് തത്വശാസ്ത്രം കൊണ്ട് ഒരിക്കലും യോജിക്കാത്ത ഒരാള്‍. അയാള്‍ക്ക് ഒരു ജോലി നല്‍കിയത്. ജോലി സ്വീകരിച്ചെങ്കിലും നല്കിയ ആളെ ഒരു പുച്ഛത്തോടെയാണ് എഴുത്തുകാരന് കണ്ടിരുന്നതെന്ന് തോന്നുന്നു.
വടക്ക് ഒരു സാഹിത്യസമ്മേളനം കഴിഞ്ഞ് അമ്പാസിഡര്‍ കാറില്‍ എഴുത്തുകാരനും ജോലി നല്കിയ ഗാന്ധിയനും മറ്റുചില മാന്യന്മാരായ സാംസ്കാരിക പ്രവര്‍ത്തകരും കൂടെ എറണാകുളത്തേക്ക് പോന്നു
സീന്‍ നമ്പര്‍ 1
പകല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണി. റോഡ്
റോഡിലൂടെ ഒരു വെളുത്ത അമ്പാസിഡര്‍ കാറില്‍ എഴുത്തുകാരനോടൊപ്പം സാംസ്കാരിക പ്രവര്‍ത്തകര്‍ യാത്ര ചെയ്യുന്നു. ദൂരെ നിന്നുതന്നെ മാമംഗലത്തുള്ള കള്ളുഷാപ്പിന്റെ(ഇന്ന് ആ ഷാപ്പില്ല) ബോര്‍ഡ് കണ്ട് ഉഷാറാകുന്ന ക്ഷുഭിതയൗവന എഴുത്തുകാരന്. ഷാപ്പിനടുത്ത് വണ്ടി എത്തുമ്പോള്‍ ഡ്രൈവറോട്.
എഴുത്തുകാരന്: വണ്ടി നിര്‍ത്ത്
ഗാന്ധിയന്‍: എന്തിനാ…വണ്ടി നിര്‍ത്തുന്നെ
എഴുത്തുകാരന്: എനിക്ക് ഒരു ലിറ്റര്‍ കള്ളുകുടിക്കണം
വിളറിയ സാംസ്കാരിക പ്രവര്ത്തകന്: അയ്യോ…അതിപ്പോ വേണോ?
എഴുത്തുകാരന്: ഞാനപ്പോ കുടിക്കണം കുടിക്കണ്ട എന്ന് നിങ്ങളല്ല, ഞാനാ തീരുമാനിക്കുന്നത്.
മറ്റുള്ളവര്‍ ആകെ വല്ലാത്ത അവസ്ഥയില്‍
ഗാന്ധിയന്‍: ഞങ്ങള്‍…പോയി ഇറങ്ങിയിട്ടുപോരെ..
എഴുത്തുകാരന്: അതുപോര
വണ്ടി വഴിയോരത്ത് ഒതുക്കി നിര്‍ത്തുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങി കള്ളുഷാപ്പിലേക്ക് പോകുന്ന എഴുത്തുകാരന്. മാനക്കേടോടെ ഷാപ്പിനുമുന്നില്‍ വണ്ടിയിലിരിക്കുന്ന ഗാന്ധിയനും മറ്റുള്ളവരും. വഴിയേ പോകുന്നവര്‍ ഗാന്ധിയനേയും മറ്റുള്ളവരേയും കണ്ട് അടക്കം പറയുന്നു.
ഒരാള്‍: വല്യ മദ്യവിരുദ്ധന്മാരാ. കള്ളുകുടിച്ചാലെ രണ്ടുവാക്ക് പറയാന്‍ പറ്റൂ. ഇതാ ഇവരുടെയൊക്കെ ആദര്‍ശം.
തലകുമ്പിട്ടിരിക്കുന്ന ഗാന്ധിയനും കൂട്ടരും.
കട്ട് ടു-
വര്‍ഷങ്ങള്‍ക്കുശേഷം- എറണാകുളം കച്ചേരിപ്പടിയിലെ ഒരു ബാര്‍. എഴുത്തുകാരന് ഭേദപ്പെട്ട സാമ്പത്തിക സ്ഥിതിയിലും. വെള്ളക്കോളറുകാരനും ആയികഴിഞ്ഞിരുന്നു. ബാറില്‍ സീരിയല്‍ രംഗത്തെ ഊഡായിപ്പ് എന്നറിയുന്ന ഒരു സംവിധായകനും കൂട്ടാളികളും ഇരിപ്പുണ്ട്. എഴുത്തുകാരന്റെ ദാരിദ്രകാലത്ത് ഒന്നിച്ചുകുടിച്ച് കൂത്താടി നടന്നവരാണ്.
സീന്‍ നമ്പര്‍ 2
സമയം സായാഹ്നം-ബാര്‍
ബാറിലേക്കുകയറുന്ന എഴുത്തുകാരന്. എഴുത്തുകാരനെ കണ്ട ഊഡായിപ്പ്: ഹലോ…ഇവിടെ വാടാ
എഴുത്തുകാരന് മൈന്‍ഡ് ചെയ്യാതെ കൗണ്ടറില്‍ പോയിനിന്ന് പെഗ്ഗ് ഓഡര്‍ ചെയ്യുന്നു. ഊഡായിപ്പ് പിന്നെയും വിളിക്കുന്നു. എഴുത്തുകാരന് തന്റെ ഏറ്റവും അടുത്തയാള്‍ എന്നൊക്കെ അനുയായികളെ പരിചയപ്പെടുത്തുന്നുണ്ട്. എഴുത്തുകാരന് ഒരു പരിചയവും കാണിക്കാതെ മദ്യം കഴിച്ച് പുറത്തേക്കിറങ്ങുന്നു. അപമാനിതനായെന്നുതോന്നിയ ഊഡായിപ്പ് സംഘാങ്ങളോടൊപ്പം എഴുത്തുകാരന്റെ പിന്നാലെ.
സീന്‍ നമ്പര്‍ 2 എ
സായാഹ്നം- കച്ചേരിപ്പടി റോഡ്.
ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന എഴുത്തുകാരന്, പിന്നാലെ ഊഡായിപ്പ്: നിനക്കിപ്പോ എന്നെ അറിയത്തില്ല. അല്ലേടാ…കഴു…മോനെ…
വല്ലാതായ എഴുത്തുകാരന്. ആളുകള്‍ ശ്രദ്ധിക്കുന്നു. എഴുത്തുകാരനെ വിളിക്കുന്ന തെറികേട്ട് ചിരിക്കുന്നു. ഊഡായിപ്പ് തെറിവിളികള്‍ നിര്‍ത്തുന്നില്ല.
തിരിഞ്ഞുനിന്ന എഴുത്തുകാരന്: പ്ലീസ്… എന്നെ നാറ്റിക്കല്ലെ…
ഊഡായിപ്പ്: ആഹാ! ഇപ്പോ നിനക്ക് ഞങ്ങളെ അറിയാം. മാനാഭിമാനോം ഉണ്ട്. അല്ലേടാ…
ഊഡായിപ്പ് വായില്‍ വന്ന തെറിവാക്കുകള്‍ പറയുമ്പോള്‍ രക്ഷപെടാനായി ആദ്യം കണ്ട ബസ്സില്‍ കയറി. എഴുത്തുകാരന് സ്ഥലം വിടുന്നു.
കട്ട്
മലയാളത്തിലെ പ്രശസ്തനായ നിരൂപകനാണ്. സിനിമാ രംഗത്ത് എത്തി. അവിടേയും പ്രതിനായകനായും സ്വഭാവനടനായുമൊക്കെ ശോഭിച്ചു. സ്വന്തമായൊരു അഭിനയശൈലിയും വ്യക്തിത്വവും നേടി. അങ്ങനെയിരിക്കെയാണ് സീരിയല്‍ രംഗത്തേക്ക് അദ്ദേഹം അഭിനയിക്കാനെത്തിയത്. ദിവസപ്രതിഫലമാണ് സീരിയലില്‍ ലഭിക്കുക. ഡബ്ബിങിലും അദ്വതീയനാണ് അദ്ദേഹം. ഒരു കാലത്ത് ആ ഡബ്ബിഘും മോഡുലേഷനും മനസ്സിലാക്കാന്‍ ഡബ്ബിങ് സ്റ്റുഡിയോയുടെ പുറത്ത് കാതോര്‍ത്തു നിന്നിട്ടുള്ളവരാണ് ഞാനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളായ പ്രവീണും ബിന്ദു ശിവദാസും ഒക്കെ. ഒരിക്കല്‍ അദ്ദേഹം ഒരു സീരിയലില്‍ അഭിനയിക്കാന്‍ വന്നു. അഭിനയം കഴിഞ്ഞ് റൂമില്‍ പോയാല്‍ സൗഹൃദക്കൂട്ടായ്മയും അച്ചടക്കം തെറ്റിക്കുന്ന മദ്യപാനവും. പിറ്റേന്ന് ഉണരാന്‍ വൈകും.
സീന്‍ 1
പ്രഭാതം, ലൊക്കേഷന്‍
ക്യാമറയും ലൈറ്റനിങും മേക്കപ്പും ഒക്കെയായാല്‍ ലൊക്കേഷന്‍ സജീവം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവിനോട് ഡയറക്ടര്‍: ദേ…മാഷിന് വണ്ടി പോയില്ലെ. ഏഴരയ്ക്ക് സ്റ്റാര്‍ട്ട് പറഞ്ഞാലെ ഒന്നര എപ്പിസോഡ് തീരു…എളുപ്പം മാഷിനെ എത്തിക്ക്.
പ്രൊഡക്ഷന്‍ മാനേജരോട് എക്സിക്യൂട്ടീവ്: ഉടനെ…മാഷിന് വണ്ടി പോ. അതിന് മുമ്പ് ഒന്ന് വിളിച്ച് റഡിയായിട്ടിരിക്കാന്‍ പറയ്.
മാനേജര്‍ മാഷിനെ വിളിക്കുന്നു.
ടെലഫോണ്‍ കട്ട്
മനേജര്‍: ഹലോ..മാഷല്ലെ
മാഷ്
വോയ്സ് ഓവര്‍(മദ്യത്തിന്റെ കെട്ടുവിടാതെ): നീ ആരാടാ…ഈ രാത്രീല് ബുദ്ധിമുട്ടിക്കണെ.
മാനേജര്‍: അല്ല മാഷെ ഞാന്‍——ആണ്
ലോക്കേഷനീന്നാ. വണ്ടി വിടു്ന്നുണ്ട്. റഡിയായിരിക്കാന്‍ പറയാന്‍ വിളിച്ചതാ.
മാഷ്: പ്ഫ!. പാതിരാത്രിയ്ക്കവന്റെ ഷൂട്ടിങ്. കുറച്ചുകഴിഞ്ഞിട്ട് വിളിക്ക്.
വല്ലാതായിപ്പോയ പ്രൊഡക്ഷന്‍ മാനേജര്‍. അപ്പോള്‍ തിരിയുമ്പോള്‍ എക്സിക്യൂട്ടീവ്: എന്ത്. വണ്ടിവിട്ടില്ലെ. ദേ ഡയറക്ടര്‍ അവിടെ കിടന്ന് ബഹളം ഉണ്ടാക്കുകയാണ്.
എന്തുപറയണം എന്നറിയാതെ മാനേജര്‍ വീണ്ടും ഫോണിലേക്ക്: ഹലോ…മാഷെ…
മാനേജരുടെ മുഖം ക്ലോസില്‍ കാണാം. പ്രതികരണം മുഖത്തുനിന്നും വായിച്ചെടുക്കാം. അനാവശ്യം കേട്ട് മ്ഞ്ഞളിക്കുന്നു.
വീണ്ടും അവിടെ എത്തുന്ന എക്സിക്യൂട്ടീവ്: എടോ…നോക്കി നിക്കാതെ മാഷിനെം കൂട്ടി വാ. ക്യാമറ വയ്ക്കാറായി.
എക്സിക്യൂട്ടീവ് ഡയറക്ടറുടെ അടുത്തേക്ക് പോകുന്നു. ഡയറക്ടര്‍ എക്സിക്യൂട്ടീവീനെ ശാസിക്കുന്നു. വിദൂരദൃശ്യം നോക്കിനില്ക്കുന്ന പ്രൊഡക്ഷന്‍ മാനേജര്‍. രണ്ടും കല്പിച്ച മുഖഭാവം. ഫോണ്‍ വയ്ക്കുന്ന മാനേജര്‍: ഹലോ…തനിക്ക് പല പാതിരാത്രിം ഉണ്ടാകും.
ഫോണ്‍ കട്ട്- വിളറി നില്ക്കുന്ന നിരൂപക നടന്.
മാനേജരുടെ ഫോണ്‍ വോയ്സ് ഓവര്‍: എടോ കാശ് മേടിക്കാനൊരു പ്രശ്നോമില്ലല്ലോ. കള്ളും കുടിച്ചും തോന്നണത് പറഞ്ഞുകിടന്നാലൊണ്ടല്ലോ. താന്‍ വിവരോറിയും. ഞാനും പിള്ളേരും കൂടി അങ്ങോട്ട് വരുന്നുണ്ട്. റഡിയായില്ലെങ്കി ഞങ്ങള്‍ റഡിയാക്കിത്തരാം.
ഇന്നേവരെ മാഷെന്നും സാറെന്നും മാത്രം കേട്ട അദ്ദേഹം ആകെ ചൂളുന്നു. മുഖത്തെ അപ്രമാദിത്തം പോയി. അഭിമാനക്ഷതം കുടിയേറുന്നു.
കട്ട് ടു-
സീന്‍ നമ്പര്‍ ടു
പ്രഭാതം, ലൊക്കേഷന്‍
ലൊക്കേഷനിലേക്ക് കാറില്‍ വന്നിറങ്ങുന്ന—-മാഷ്, വിനീത വിധേയന്. അതുകണ്ട് ഊറിച്ചിരിച്ചുനില്‍ക്കുന്ന പ്രൊഡക്ഷന്‍ മാനേജര്‍.
കട്ട്
ബൈബിളില്‍ ഒരു കഥയുണ്ട്. യേശുവിനെ കൊണ്ടുനടന്ന കഴുതയുടെ കഥ. യേശുവുമായി പോകുമ്പോള്‍ ആളുകള്‍ ആദരവോടെ വഴിയൊരുക്കി. മാലയിട്ടു. സ്വീകരിച്ചു.
കഴുത കരുതി ഈ ആദരവൊക്കെ തനിക്കുള്ളതാണെന്ന്. അതുകൊണ്ടുതന്നെ യേശു ഇറങ്ങിപ്പോയശേഷവും കഴുത ധാര്‍ഷ്ട്യത്തോടെ ആള്‍ക്കൂട്ടത്തിലേക്ക് നടന്നു. ഉടനെ ആളുകള്‍ പോ കഴുതെ എന്ന് പറഞ്ഞ് കഴുതയെ ആട്ടിയോടിച്ചു.
തന്റെ കഴിവിനെയാണ് അംഗീകരിക്കുന്നത്. ആദരിക്കുന്നതെന്നും ആ കഴിവുലഭിച്ചതില്‍ വിനീതനാകണമെന്നും എന്നാണാവോ ചിലരെങ്കിലും ഓര്‍ക്കുക.
ഓടക്കുഴലില്‍ കഴിവൊത്ത അംഗുലി ചലിക്കകുയും വായു കൃത്യമായി പ്രവഹിക്കുകയും ചെയ്തില്ലെങ്കില്‍ അതുവെറും ജഡവസ്തു.
ഞാന്‍ മാത്രമാണ് എന്റെ കഴിവാണ് സ്വരസുധയുടേതെന്നു കരുതി അഹങ്കരിക്കുകയാണോ സ്വരസുധയൊഴുക്കാന്‍ ദൈവം തന്നെ തിരഞ്ഞെടുത്തല്ലോ എന്നു കരുതി പ്രകൃതിയോട്, സഹജീവികളോട് വിനയവിധേയനാകുകയാണോ വേണ്ടത്?
പുതുമൊഴി
കണ്ണാടിയും ആളുകളും ഇല്ലാത്ത
ലോകത്ത് ഞാന്‍ എത്ര വേഷം കെട്ടീട്ടും എന്തുകാര്യം?!
പ്രതികരിക്കാൻ ഇവിടെ എഴുതുക: