ബെംഗളൂരു: ക്രിക്കറ്റില്‍ ഇപ്പോഴുള്ളതില്‍ മികച്ച ബാറ്റ്സ്മാന് എ.ബി. ഡിവില്ലേഴ്സെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് നായകനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനുമായ വിരാട് കോഹ്ലി. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡിവില്ലേഴ്സിന്റെ മികവില്‍ ഗുജറാത്ത് ലയണ്‍സിനെ കീഴടക്കി ഫൈനലിലെത്തിയ ശേഷം വിരാടിന്റെ പുകഴ്ത്തല്‍. നിര്‍ണായക മത്സരത്തില്‍ 47 പന്തില്‍ അഞ്ചു വീതം ഫോറും സിക്സറും പറത്തി പുറത്താകാതെ 79 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ പ്രകടനമാണ് ബാംഗ്ലൂരിനെ ഫൈനലിലേക്കു നയിച്ചത്. മത്സരത്തില്‍ റണ്ണെടുക്കാതെ വിരാട് മടങ്ങിയിരുന്നു.
വിജയിച്ച ടീം നായകന് ഞാനെന്നത് അവിശ്വസനീയമെന്നു മത്സരശേഷം വിരാട് പറഞ്ഞു. ആരാണ് മികച്ച താരമെന്നു ചോദ്യമുയര്‍ന്നിരുന്നു. അതില്‍ സംശയമൊന്നുമില്ല. വലിയ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയയാള്‍ തന്നെ- വിരാട് വ്യക്തമാക്കി. ടീമിനു വേണ്ടി കളിക്കുന്നയാളാണ് ഡിവില്ലേഴ്സ്. ഇഖ്ബാല്‍ അബ്ദുള്ളയ്ക്കൊപ്പം അദ്ദേഹം പടുത്തുയര്‍ത്തിയ കൂട്ടുകെട്ടാണ് മത്സരഫലം നിര്‍ണയിച്ചതെന്നും വിരാട്.
മത്സരത്തില്‍ ഗുജറാത്തിനെ നാലു വിക്കറ്റിനു കീഴടക്കിയാണ് ബാംഗ്ലൂര്‍ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഡ്വെയ്ന്‍ സ്മിത്തിന്റെ മികവില്‍ 158 റണ്‍സെടുത്തു. മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിക്കും (21) ഇഖ്ബാല്‍ അബ്ദുള്ളയ്ക്കൊപ്പമാണ് (33 നോട്ടൗട്ട്) ഡിവില്ലേഴ്സ് ജയം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: