കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 22 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. പുറത്താകാതെ 52 റണ്‍സെടുത്ത യൂസഫ് പഠാനും 48 റണ്‍സെടുത്ത മനീഷ് പാണ്ഡെയും മികച്ച ബാറ്റിങ് നടത്തി് മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
51 റണ്‍സെടുത്ത ശിഖര്‍ ധവാന് മാത്രമാണ് സണ്‍റൈസേഴ്സ് നിരയില്‍ മികച്ചുനിന്നത്. സണ്‍റൈസേഴ്സ് നേരത്തെ തന്നെ പ്ലേ ഒാഫില്‍ കടന്നിരുന്നു. 14 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയത്തോടെ 16 പോയിന്റുമായാണ് കൊല്‍ക്കത്ത പ്ലേ ഓഫില്‍ കടന്നത്. യൂസഫ് പഠാനാണ് മാന്‍ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട കൊല്‍ക്കത്തക്ക് ഭേദപ്പെട്ട തുടക്കം ഓപ്പണര്‍മാരായ റോബിന് ഉത്തപ്പയും (17 പന്തില്‍ 25) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (15 പന്തില്‍ 16) ചേര്‍ന്ന് നല്കി. 3.4 ഓവറില്‍ സ്കോര്‍ 33 എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഗംഭീറിനെ ഹൂഡയുടെ പന്തില്‍ ഹെന്റിക്വസ് പിടികൂടി. തുടര്‍ന്നെത്തിയ മണ്‍റോ 10 റണ്‍സെടുത്ത് ഹൂഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഓജക്ക് ക്യാച്ച് നല്കി മടങ്ങി. അധികം കഴിയും മുന്നേ ഉത്തപ്പയെ സരണും മടക്കിയതോടെ കൊല്‍ക്കത്ത മൂന്നിന് 57 എന്ന നിലയില്‍. നാലാം വിക്കറ്റില്‍ മനീഷ് പാണ്ഡെയും യൂസഫ് പഠാനും ഒന്നിച്ചതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് നീങ്ങി.
87 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ 30 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത പാണ്ഡെയെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ വില്ല്യംസണ് പിടികൂടി. തുടര്‍ന്നെത്തിയ ഹോള്‍ഡര്‍ (3), ഷാക്കിബ് അല്‍ ഹസ്സന് (7) എന്നിവര്‍ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. ആറ് റണ്‍സെടുത്ത സൂര്യകുമാര്‍ യാദവായിരുന്നു യൂസഫ് പഠാനൊപ്പം ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. 34 പന്തില്‍ നിന്ന് മൂന്ന് ഫോറും രണ്ട് സിക്സറുമടക്കമാണ് യൂസഫ് പഠാന് പുറത്താകാൂതെ 52 റണ്‍സെടുത്തത്. സണ്‍റൈസേഴ്സിന് വേണ്ടി ഭുവനേശ്വര്‍കുമാര്‍, ദീപക് ഹൂഡ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
172 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സണ്‍റൈസേഴ്സിനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ശിഖര്‍ ധവാനും (30 പന്തില്‍ 51), ഡേവിഡ് വാര്‍ണറും (18) ചേര്‍ന്ന് 3.3 ഓവറില്‍ 28 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വാര്‍ണറെ പുറത്താക്കി നരേയ്ന് ഈ കൂട്ടുകെട്ട് പിരിച്ചതാണ് സണ്‍റൈസേഴ്സിന് തിരിച്ചടിയായത്.
തുടര്‍ന്നെത്തിയവര്‍ക്കൊന്നും മികച്ച ബാറ്റിങ് നടത്താന്‍ കഴിഞ്ഞില്ല. നമന്‍ ഓജ (15), യുവരാജ് സിങ് (19), വില്ല്യംസണ് (7), ഹൂഡ (2), ഹെന്റിക്വസ് (11), ഭുവനേശ്വര്‍കുമാര്‍ (5) എന്നിങ്ങനെയാണ് പുറത്തായ മറ്റുള്ളവരുടെ സ്കോര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി സുനില്‍ നരെയ്ന് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: