ചിലരെല്ലാം അങ്ങനെയാണ്. ചിലരെയെല്ലാം ചട്ടുകമാക്കാന്‍ ശ്രമിക്കും. ഏതെങ്കിലും ദൗര്‍ബല്യത്തിന്റെ പേരില്‍ ചിലരത് ചെയ്യും. എനിക്ക് പരിചയമുണ്ടായിരുന്ന തിരുവനന്തപുരത്ത് താമസിച്ചുവന്ന ഒരു സൈക്കോളജിസ്റ്റ് ജീവിതത്തെക്കുറിച്ച് ഒട്ടേറെ കാര്യങ്ങള്‍ പറയുകയുണ്ടായി. ഓരോ വ്യക്തിയും അനുവര്‍ത്തിക്കേണ്ട പലസംഗതികളും പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞു.
ജീവിതത്തില്‍ ‘യേസും’ ‘നോയും’ പറയാന്‍ പഠിക്കണം. അതില്ലാതായാല്‍ ഏറെ മനപ്രയാസത്തിനു കാരണമാകും. നമുക്ക് പറ്റാത്തത് പറ്റില്ല എന്നുറച്ചുപറയുന്നവര് വളരെക്കുറവാണ്. മറ്റുള്ളവര്‍ എന്തുകരുതും അല്ലെങ്കില്‍ അങ്ങനെ പറയാമോ എന്നൊക്കെയുള്ള ശങ്കകൊണ്ട് പലരും വേണ്ടത് പറയാറില്ല എന്നതാണ് സത്യം. അദ്ദേഹം ഒരു ചെറിയ ഉദാഹരണം കൂടി പറയുകയുണ്ടായി.
ഒരു തുണിക്കടയില്‍ കയറി നിങ്ങള്‍ ഇഷ്ടപ്പെട്ട വസ്ത്രം എടുത്തു. അത് പാക്കുചെയ്യാന്‍ തുടങ്ങുമ്പോഴായിരിക്കും അതിനേക്കാള്‍ യോജിച്ചതും വില അത്രത്തോളം വരാത്തതുമായ ഒരു വസ്ത്രം കണ്ടതെന്നിരിക്കട്ടെ. പാക്കുചെയ്യാന്‍ പോകുന്ന വസ്ത്രം വേണ്ടെന്നുപറഞ്ഞ് പുതുതായി കണ്ട വസ്ത്രം പകരം എടുക്കുവാന്‍ പറയുന്നവര്‍ എത്രപേരുണ്ട്. വളരെ കുറവായിരിക്കും. നിങ്ങളപ്പോള്‍ ആലോചിക്കുക എങ്ങനെ അത്പറയും എന്നായിരിക്കും. മറ്റു ചിലര്‍ പുതുതായികണ്ട വസ്ത്രം കൂടി വാങ്ങിക്കാനും വഴിയുണ്ട്. പിന്നീടാണ് മനസ്താപം. വേണ്ടായിരുന്നു. അതുമതിയായിരുന്നു എന്നൊക്കെയുള്ള തോന്നല്‍. ഈ മനസ്താപം ഒരു നോ പറയാന്‍ കഴിയാത്തതുകൊണ്ടല്ലെ?.
ഇതുപോലെ എത്രവേണമെങ്കിലും സ്വന്തം ജീവിതത്തില്‍ തന്നെ ഉദാഹരണം കണ്ടെത്താനായേക്കും. പത്തുപേര്‍ ഒരേ അഭിപ്രായം പറയുമ്പോള്‍ വ്യത്യസ്തമായൊരഭിപ്രായം തനിക്കുണ്ടെങ്കിലും അത് പലപ്പോഴും പറയാതിരിക്കാനാണ് പലരും ശ്രമിക്കാറ്. അത് ശരിയാവുമോ, അവര്‍ ആ അഭിപ്രായം കണക്കിലെടുക്കുമോ എന്നൊക്കെയാകാം സംശയം. പക്ഷെ, വേണ്ടതെന്ത്?
എല്ലാവരുടേയും അഭിപ്രായത്തേക്കാളും വ്യത്യസ്തമായി തനിക്കൊരഭിപ്രായമുണ്ടെങ്കില് അതു പറയാന്‍ മടിക്കരുത്. പക്ഷെ, അത് മറ്റുള്ളവര്‍ സ്വീകരിക്കണം എന്ന് വാശിപിടിക്കാനും വയ്യ. ഇങ്ങനെയെത്രയെത്ര സന്ദര്‍ഭങ്ങളിലാണ് യേസും നോയും പറയാതിരിക്കുന്നതുമൂലം കാര്യങ്ങള്‍ തന്നെ മാറിപ്പോകുന്നത്. ‘നോ’ പറയാന്‍ വയ്യാതായാല്‍ ചിലപ്പോള്‍ ചിലര്‍ കുഴിച്ചിടം തന്നെ കുഴിച്ചെന്നും ഇരിക്കും.
മേനോന് ചേട്ടന് പറ്റിയത് അതാണ്.
നല്ല കുടുംബത്തില്‍ പിറന്ന മേനോന്. സമൂഹവുമായി നല്ല ബന്ധം. ഭാരതത്തിലെ ഒരു മുഖ്യപാര്‍ട്ടിയിലെ അംഗം. കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ പ്രാപ്തന്‍. നല്ല പ്രാസംഗികന്, പ്രവര്ത്തകന്. നല്ല വ്യക്തിബന്ധമുള്ള മേനോനാണ് പാര്‍ട്ടി പരിപാടികള്‍ വരുമ്പോള്‍ പിരിവിന് പോകാറുള്ളത്. സത്യസന്ധനായ മേനോന് ചെന്നാല്‍ ആളുകള്‍ പിരിവ് നല്‍കും. മേനോന് ഇറങ്ങിയാല്‍ കാശുണ്ടാക്കാന്‍ വലിയ പ്രയാസമില്ല എന്ന് പാര്‍ട്ടിക്ക് ബോധ്യമായി. അതോടെ ഏത് പരിപാടി വന്നാലും മേനോനെയാണ് പാര്‍ട്ടി പിരിവിന് ഇറക്കുക. മറ്റുപലരംഗങ്ങളിലും ശോഭിക്കേണ്ട മേനോന് പിരിവിലെ കേമനായി.
മേനോന് പിരിച്ചുകൊണ്ടുവന്നിരുന്ന പണം കൃത്യമായി പാര്ട്ടിക്കുലഭിച്ചിരുന്നോ എന്തോ?. പക്ഷെ, അതൊന്നും മേനോന് ശ്രദ്ധിച്ചില്ല. പാര്‍ട്ടി പറഞ്ഞാല്‍ പിരിവിനിറങ്ങും. ആദ്യമൊക്കെ അതിലൊരു ആനന്ദവും കേമത്തവും മേനോന് കണ്ടിട്ടുമുണ്ടാകും.
‘ഇന്ദ്രിയാണാം ഹി ചരതാം യന്മനോളനുവിധീയതേ
തദസ്യ ഹരതി പ്രജ്ഞാം വായുര്നാവമിവാമ്ഭസി’
(സൈ്വര്യമായി വിഷയങ്ങളില്‍ സഞ്ചരിക്കുന്ന അവശീകൃതങ്ങളായ ഇന്ദ്രിയങ്ങളുടെ മധ്യേ യാതൊരു ഇന്ദ്രിയത്തെയാണോ മനസ് പിന്തുടരുന്നത് ആ ഒരിന്ദ്രിയം തന്നെ മനസ്സിന്റെ വിവേകത്തെ, സമുദ്രത്തില്‍ കാറ്റ് എന്നപോലെ വഹിച്ചുകൊണ്ടുപോകുന്നു.). അങ്ങനെ ചെയ്യുന്ന കര്‍മ്മം തന്നെ മേനോനെ വഹിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. തന്നെത്തന്നെ അറിയുന്നവന് മറ്റെല്ലാത്തിനേയും അറിയുന്നു എന്ന് തത്വജ്ഞാനികള്‍ പറയാറുണ്ട്. എപ്പോഴോ മേനോന് തന്നെത്തന്നെ അറിഞ്ഞുതുടങ്ങിയെന്നു തോന്നുന്നു. മേനോനെ കാണുമ്പോള്‍ പിരിവെന്നു കരുതി പരിചയക്കാര് പോലും വഴിമാറി നടന്നപ്പോഴാണോ ഇത് അറിഞ്ഞുതുടങ്ങിയതെന്ന് അറിയില്ല. പക്ഷെ, അപ്പോഴേക്ക് പാര്‍ട്ടിക്കാരോട് ‘നോ’ പറയാനുള്ള ശക്തി നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. പ്രമുഖമായ സ്ഥാനങ്ങളില്‍ എത്തേണ്ടിയിരുന്ന മേനോന് അപ്പോഴേക്ക് ‘പിരിവ് മേനോന്’ എന്ന പേര് നേടിക്കഴിഞ്ഞിരുന്നു.
പാര്ട്ടിക്കാര് പിരിവിനുവേണ്ടി മേനോനെ ചൂഷണം ചെയ്യുകയായിരുന്നു. ഭാഷയ്ക്ക് ഭാവമുണ്ടല്ലോ. അതുകൊണ്ടാണല്ലോ ഭാവത്തിന് തക്ക ഭാഷ എന്നുപറയുന്നത്. ഉപയോഗിക്കുന്നു, പ്രയോജനപ്പെടുത്തുന്നു, ചൂഷണം ചെയ്യുന്നു എന്നൊക്കെയുള്ള വാക്കുകള്‍ക്ക് അര്‍ത്ഥം ഒന്നുതന്നെയാകാം. പക്ഷെ, മേനോന്റെ കാര്യത്തില്‍ ചൂഷണം ചെയ്യുക എന്ന വാക്കാകുകയായിരിക്കും ഉചിതം. 1982 മേനോന് അന്തരിച്ചു. ഒന്നുമാകാതെ. പാര്‍ട്ടിയുടെ പിരിവിന് ചട്ടുകമായി നടന്ന മേനോന്റെ പ്രവര്‍ത്തനം കുട്ടികളേയും ബാധിച്ചു. ഇപ്പോഴും മേനോന്റെ കുട്ടികളെ ആളുകള്‍ പരിചയപ്പെടുത്തുന്നു, ‘പിരിവുമേനോന്റെ മകന്(മകള്‍) എന്ന്’!. പിരിവിന് പറ്റാതായപ്പോള്‍ മേനോനെ പാര്ട്ടിക്കാര് ഒഴിവാക്കുകയും ചെയ്തിരുന്നു.
അമേരിക്കന്‍ കവയത്രിയായ എല്ലാ വീലര്‍ വില്‍കോക്സ് 1883 ല്‍ എഴുതിയ സോളിറ്റിയൂഡ് എന്ന കവിതയില്‍ പറയുന്നു-
laugh and the world laughs with you
weep and you weep alone
അതിന്റെ മലയാളമാണ്
‘ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര് വരും
കരയുമ്പോള്‍ കൂടെ കരയാന്‍
നിന് നിഴല്‍ മാത്രം വരും.’..എന്നത്.
ഉപകാരങ്ങള്‍ തീര്‍ച്ചയായും ചെയ്യേണ്ടതാണ്. പാരസ്പര്യം കൊണ്ടാണ് ഈ ലോകംപോലും നിലനിന്നുപോകുന്നത്. പക്ഷെ, ചിലര്‍ക്ക് അത് ബാധ്യതയാക്കാനാണ് താല്പര്യം. ഒരര്‍ത്ഥത്തില്‍ ചട്ടുകമാക്കാന്‍ തന്നെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സുഹൃത്തായിരുന്ന എഴുത്തുകാരിയുടെ ജോലിസ്ഥലത്തെ സഹപ്രവര്‍ത്തക വീടുവിറ്റു. അവര്‍ക്ക് ഞാന്‍ താമസിക്കുന്ന നാട്ടില്‍ ഒരു വീടും സ്ഥലവും കിട്ടിയാല്‍ കൊള്ളാം. എന്റെ സുഹൃത്ത് അങ്ങനെയൊന്ന് ശരിയാക്കാമോ എന്നായി ചോദ്യം.
‘എനിക്ക് റിയല്‍ എസ്റ്റേറ്റ് ഏര്‍പ്പാടില്ലല്ലോ?. വേറെ ഏതെങ്കിലും ബ്രോക്കറോട് പറയാം’. ഞാന്‍ പറഞ്ഞു.
‘അതുവേണ്ട. അറിയാവുന്ന സ്ഥലമുണ്ടെങ്കില്‍ പറഞ്ഞാല്‍ മതി. പരിചയക്കാരാവുമ്പോള് അബദ്ധം പിണയില്ലല്ലോ?’.
‘നോക്കട്ടെ. അറിഞ്ഞാല്‍ പറയാം’. ഞാന്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു. പക്ഷെ, പിറ്റേന്ന് രാവിലെ ഏഴ് മണിയായപ്പോഴേക്കും സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവ് എന്റെ വീടുതേടിപ്പിടിച്ച് എത്തി. പി ആന്‍ഡ് ടിയില്‍ നിന്നും റിട്ടയര്‍ ചെയ്ത വാസുച്ചേട്ടന്.
‘എന്റെ അറിവില്‍ ഇപ്പോള്‍ ഇല്ല. ഏതെങ്കിലും ഉണ്ടെങ്കില്‍ വാസുവേട്ടനെ ഞാന്‍ വിളിച്ചുപറയം. ഫോണ്‍ നമ്പര്‍ തന്നേക്കു’. വാസുവേട്ടന് ഫോണ്‍ നമ്പര്‍ തന്നു. കൂടെ പറഞ്ഞു. ‘എനിക്ക് ബുദ്ധിമുട്ടില്ല. ഞാന്‍ നാളെ നേരിട്ടുവന്നോളാം’. ഷുഗറും പ്രഷറും ഒക്കെയുളള ആളാണ് വാസുവേട്ടന്. വാസുവേട്ടന് പോയി.
പിറ്റേന്ന് രാവിലെ വാസുവേട്ടന് എന്റെ മുന്നില്‍ ഹാജര്‍. ‘പതിനൊന്ന് മണിക്ക് എനിക്കൊരിടം വരെ പോണം വാസുവേട്ടാ’. ഞാന്‍ പറഞ്ഞു.
‘അതിനെന്താ. അതിനുമുമ്പ് രണ്ടുമൂന്ന് സ്ഥലമെങ്കിലും അന്വേഷിക്കാം’. എന്തുപറയാന്‍. ‘നോ’ പറയാന്‍ മറന്ന് വാസുവേട്ടനോടൊപ്പം ഞാന്‍ അലഞ്ഞു.
അപ്പോള്‍ ഏതോ ഒരു സ്ഥലത്തെപ്പറ്റി പരിചയക്കാരന് പറഞ്ഞു. ‘നാളെ എന്നാല്‍ വാസുവേട്ടന് അയാള്‍ക്കൊപ്പം പോയി സ്ഥലം കാണ്’.
‘അതുപറ്റില്ല. നമുക്കൊരുമിച്ച് പോകാം’. അതിനിടെ എനിക്ക് പതിനൊന്ന് മണിക്ക് എത്തിച്ചേരേണ്ട സ്ഥലത്ത് വൈകി.
പിറ്റേന്ന് വാസുവേട്ടന് റെഡി. ഉച്ചവരെ നടക്കണം. ഏതൊക്കയോ സ്ഥലം കണ്ടു. ഒന്നും ഇഷ്ടമായില്ല. പാമ്പ് ശല്യം, പ്രേതശല്യം എന്നൊക്കെയാണ് മൂപ്പരുടെ സംശയം. അന്ധവിശ്വാസം കുറച്ചു കൂടുതല്‍. വൈകുന്നേരമാകുമ്പോള്‍ എഴുത്തുകാരി സുഹൃത്തിന്റെ ഫോണ്‍, ‘എങ്ങനെയെങ്കിലും ഉടനെ ശരിയാക്കിക്കൊടുക്കണം. വിശ്വസിച്ചേല്പ്പിച്ചതാ- അവര്‍ക്ക് വിറ്റ വീട്ടില്‍ നിന്നും മാറേണ്ട സമയമായി’.
ഇതുകേട്ടാല്‍ തോന്നും ഞാനാണ് അവര്‍ക്ക് വേറെ വീട് നല്‍കാം എന്നുപറഞ്ഞ് വീട് വില്പ്പിച്ചത് എന്ന്!. എന്റെ ജോലികളൊക്കെ മുടങ്ങാന്‍ തുടങ്ങി. വാസുവേട്ടന് എന്നില്‍ കുറച്ച് അധികാരത്തിന്റെ ശബ്ദമായി. ‘അറിയാല്ലോ എനിക്ക് ഷുഗറും പ്രഷറും ഒക്കെയുള്ളതാ. എന്നെ അധികം നടത്തിച്ച് ബുദ്ധിമുട്ടിക്കരുത്’.
‘എനിക്കറിയാവുന്ന സ്ഥലങ്ങള്‍ ഞാന്‍ കാണിച്ചുതന്നില്ലെ’.
‘അതുകൊണ്ടെന്തുകാര്യം. എനിക്ക് ബോധിക്കണ്ടെ. എനിക്ക് പറ്റുന്ന സ്ഥലം ഉടനെ വേണം. അല്ലാതിങ്ങനെ രാവിലെ മുഴുവന്‍ അലഞ്ഞിട്ടെന്താ കാര്യം’.
‘വേറെ ഉണ്ടെങ്കില്‍ ഞാന്‍ പറയാം’. ‘അതെന്തിന്…ഞാന്‍ വരുന്നുണ്ടല്ലോ…നേരിട്ട് പോകാമല്ലോ…’
‘നല്ല ബ്രോക്കര്‍മാരുണ്ട്. അവരെ ഞാന്‍ പരിചയപ്പെടുത്തിത്തരാം’.
‘അതൊന്നും വേണ്ട. നിങ്ങള്‍ മതി. നമുക്കൊരുമിച്ച് കണ്ടുപിടിക്കാം’.
ഞാനാകെ വല്ലാതായി.
നോ പറയാന്‍ പറ്റാതെപോയവന്റെ വിധി. വാസുവേട്ടന് ജോലിയില്ലാത്തയാളാണ്. ആവശ്യക്കാരനാണ്. ഇങ്ങനെ രാവിലെ മുതല്‍ നടക്കുന്നതിന് ഒരുപ്രശ്നവുമില്ല. പക്ഷെ, എനിക്കോ- എന്റെ കാര്യങ്ങളെല്ലാം അവതാളത്തിലായിക്കൊണ്ടിരിക്കുന്നു. ഇതൊട്ട് എന്റെ ജോലിയുമല്ല. ഒരു സൗഹൃദം എന്നെ ചട്ടുകമാക്കുകയാണല്ലോ?.
അന്ന് റിയല്‍ എസ്റ്റേറ്റ് നടത്തിയിരുന്ന എന്റെ സുഹൃത്ത് പ്രവീണിനെ ഞാന്‍ കണ്ടു. പ്രശ്നങ്ങള്‍ വിശദമായി അവതരിപ്പിച്ചു.
‘ഇനീം ഒരു നടയ്ക്ക് പോയില്ലെങ്കില്‍ കേസ് എന്നെ എല്പ്പിച്ചേക്ക്. ഞാന്‍ ശരിയാക്കിയെടുക്കാം’. രാവിലെ ഏഴ് എന്നടിച്ചാല്‍ വാസുവേട്ടന് വീട്ടിലെത്തും. ലേശം കയര്‍ത്താണ് സംസാരം.
‘എന്താ ഇത്?. ഒരു കാര്യം ഏല്‍പ്പിച്ചാല്‍ നടത്താന്‍ പറ്റില്ലെ’. ഞാനെന്തോ വാസുവേട്ടന്റെ കൈയില്‍ നിന്നും പണം കൈപ്പറ്റിയതുപോലെയാണ് നില്പ്. വൈകുന്നേരമായാല്‍ എഴുത്തുകാരിയുടെ വിളി. ‘എന്താ നല്ല ഒരു സ്ഥലം കണ്ടെത്താന്‍ ഇത്രതാമസം. എങ്ങനെയെങ്കിലും ഒന്നു ശരിയാക്കിക്കൊടുക്ക്. അല്ലെങ്കില്‍ എന്നോട് പിണക്കമാകും. നാണക്കേടാട്ടോ?’
എങ്ങനുണ്ട് കാര്യം.
ഒടുവില്‍ ഞാന്‍ പ്രവീണിന്റെ അടുത്ത് വാസുവേട്ടനെ എത്തിച്ചു. പ്രവീണിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സാണെന്നൊന്നും പറഞ്ഞില്ല. ‘പ്രവീണിന്റെ സ്വന്തക്കാരുടെ ഒന്നുരണ്ടു സ്ഥലമുണ്ട്. വാസുവേട്ടന് പറ്റുന്നതാ. പ്രവീണ്‍ കാണിച്ചുതരും.’
‘നാളെ പോരെ വാസുവേട്ടാ. ഞാന്‍ ശരിയാക്കിത്തരാം’. പ്രവീണ്‍ ഏറ്റു.
‘നാളെ ഞങ്ങള്‍ രണ്ടുപേരും കൂടി വരാം’. വാസുവേട്ടന് എന്നെ വിടാനൊരുക്കമില്ല. ” ഞാന്‍ നാളെ തിരുവനന്തപുരത്തുപോകും. രണ്ടു ദിവസം കഴിഞ്ഞേ എത്തു’. ഞാന്‍ പറഞ്ഞു. അതുകേട്ടതോടെ വാസുവേട്ടന് ദേഷ്യം. ” അതെന്തൊരുപോക്കാണ്. എന്റെ കാര്യം ശരിയാക്കാതെ”. ‘അത് പോയിട്ടുവരട്ടെ. ഞാന്‍ ശരിയാക്കിത്തരാം എന്നുപറഞ്ഞില്ലെ’. പ്രവീണ്‍ കേറി ഏറ്റു.
എന്നിട്ടും വാസുവേട്ടന് അത്ര തൃപ്തിപോര. പക്ഷെ, പ്രവീണിന്റെ നയചാതുരിയില്‍ ഒരുവിധം വീണു.
‘ശരി, പറ്റുമെങ്കില്‍ തിരുവനന്തപുരത്തുനിന്ന് നാളെത്തന്നെ മടങ്ങാന്‍ നോക്ക്’ . എന്നോട് നിര്‍ദ്ദേശിച്ചു.
ഞാന്‍ വൈകിട്ട് സുഹൃത്തിനെ വിളിച്ചുപറഞ്ഞു.
”വാസുവേട്ടന് എന്റെ സുഹൃത്ത് സ്ഥലം ശരിയാക്കിക്കൊടുക്കുന്നുണ്ട്”. ”അതെങ്ങിനെ ശരിയാകും. ഞാന്‍ അവരോട് പറഞ്ഞ വാക്കിന് വിലയില്ലാതാവില്ലെ. ഞാനൊരു കാര്യം ഏല്‍പ്പിച്ചിട്ട്”.
എന്നോട് ചോദിച്ചിട്ടാണോ വാക്കുപറഞ്ഞത് എന്നു ഞാന്‍ ചോദിച്ചില്ല. എന്നാലും ഒരു നോ പറയാന്‍ കഴിയാത്തതിന്റെ ബദ്ധപ്പാടുകള്‍. പ്രവീണ്‍ ഒരുവിധം വാസുവേട്ടനെ നേരെയാക്കിയെന്നാണ് അറിവ്. സുഹൃത്ത് പരിഭവപ്പെട്ടു.
ചട്ടുകമാകാന്‍ നിന്നുകൊടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ. ഇങ്ങനെ എത്രയെത്ര അനുഭവങ്ങളാണ് നമുക്കൊക്കെ ജീവിതത്തില്‍ ഉണ്ടാകുന്നത്…ഒരു യേസും നോയും പറയാന്‍ മനപൂര്‍വ്വം മറന്നുപോകുന്നതുകൊണ്ട്…
പുതുമൊഴി
കരഞ്ഞാല്‍ കപട സ്നേഹി
കരഞ്ഞില്ലെങ്കിലോ കഠിനഹൃദയന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: