കമ്മ്യൂണിസ്റ്റ് ശരീരത്തില്‍ കുടുങ്ങിപ്പോയ ഒരു ഭാരതീയ ഹൃദയം
പെണ്ണാവണേ’ എന്ന വീട്ടുകാരുടെ പ്രാര്‍ത്ഥനയ്ക്കിടയ്ക്ക് ഭാര്യ മൂന്നാമത് പ്രസവിച്ചതും ആണാണെന്നു കേട്ട് ചെറുകാട് പറഞ്ഞു-‘ആണായാലും വേണ്ടില്ല, പെണ്ണായാലും വേണ്ടില്ല, കമ്മ്യൂണിസ്റ്റായാ മതി’. അകലെനിന്ന് കാതോര്‍ക്കുന്നവര്‍ക്കു ഒരു നല്ല ഫലിതം! വാലിയക്കാരന് ഒച്ചയാട്ടുന്നതുകേട്ട് നമ്പൂതിരി വരുന്നുണ്ടെന്നു, വഴി മാറേണ്ട അയിത്തക്കാരന് ഗ്രഹിക്കാറുള്ളപോലെ, ഒരുകാലത്തു കമ്മ്യൂണിസ്റ്റുകാരെ ചില ബാഹ്യലക്ഷണങ്ങള്‍കൊണ്ട് തിരിച്ചറിയാമായിരുന്നു.
ദൈവധിക്കാരം, ജ്യോതിഷ നിഷേധം, സസ്യാഹാരി മാംസഭുക്കായി മാറുക തുടങ്ങിയ കീഴാളസ്തോഭം നടിയ്ക്കല്, മറ്റൊന്നിനുമല്ലെങ്കില്‍ ദുഃഖശാന്തിയ്ക്കെങ്കിലും ഉപകരിക്കാറുള്ള പിതൃകര്‍മം മുതലായ അനുഷ്ഠാനങ്ങളോട് പുച്ഛം, പ്രതിപക്ഷങ്ങളോട് അയുക്തികവും അനാഗരികവുമായ അസഹിഷ്ണുത, സ്വന്തം നേതൃത്വത്തിനോട് തിരുവായ്ക്കെതിര്വായില്ലാ നയം…. ഇവയൊക്കെ അവയില്‍പ്പെടും. ചുരുക്കിപ്പറഞ്ഞാല്‍ ആസ്തിക്യം, ആര്‍ദ്രത, സഹൃദയത്വം തുടങ്ങിയ ഹൃദയത്തിന്റെ ലോലഭാവങ്ങള്‍ കമ്മ്യൂണിസ്റ്റിനു നിഷിദ്ധമായിരുന്നു.
‘തനിയ്ക്കാകട്ടെ, പാര്‍ട്ടിയുടെ അച്ചടക്ക സംഹിത പാലിക്കാന്‍ കഴിയാറില്ല; തന്നെത്തുടര്ന്ന് വരുന്ന മക്കള്‍ക്കെങ്കിലും….” എന്നാണ് ചെറുകാടിന്റെ വാക്കുകളിലെ വിഷാദം. ജയിലില്‍ നിന്നു പുറത്തുവന്ന കെ.ദാമോദരന്‍, കുട്ടികൃഷ്ണമാരാരെക്കണ്ടപ്പോള് തടവറയില്‍ വെച്ചു താനൊരു പുസ്തകം എഴുതി–കാടത്തത്തില്‍നിന്നു കമ്മ്യൂണിസത്തിലേക്ക്’ എന്നു പറഞ്ഞു.
അതിനു മാരാരുടെ മറുപടി- ‘അവയ്ക്കിടയ്ക്ക് അത്ര ദൂരമൊന്നുമില്ലല്ലോ!’. മനോരോഗി ഒരിക്കലും സമ്മതിക്കില്ല തനിക്ക് ഭ്രാന്തുണ്ട് എന്ന്; കണ്ടറിഞ്ഞു കരുതലോടെ പെരുമാറേണ്ടത് മറ്റുള്ളവരാണ്. ആത്മകഥയാണ് ഒരു വ്യക്തിയുടെ നിലപാടിന്റെ സത്യവാങ്മൂലം. ചെറുകാടിന്റെ ‘ജീവിതപ്പാത’പോലെ അവനവനോട് സത്യസന്ധത പുലര്‍ത്തിയ എത്ര ആത്മകഥകള്‍ മലയാളത്തിലുണ്ട്? ഒരു കൈയിന്റെ വിരലുകളിലേക്കു പോലും എണ്ണാന്‍ വേണ്ടതില്ല.
തന്നെ, താന്‍ തന്നെ നിര്‍ദ്ദയം കീറിമുറിച്ചു, ഇറച്ചിക്കടയിലെന്നപോലെ കൊളുത്തില്‍ തൂക്കിയിട്ടു പ്രദര്‍ശിപ്പിക്കുകയാണ്, ചെറുകാട്. ‘ജീവിതപ്പാത’ വായിക്കുന്നതുവരെ (ഒരാഴ്ച മുമ്പുവരെ) എനിക്ക് ചെറുകാടിന്റെ വിശ്വരൂപത്തെക്കുറിച്ചു വ്യക്തമായ ധാരണയില്ലായിരുന്നു. ഇന്നു ഞാന്‍ ചെറുകാടിന്റെ ആരാധകനാണ്. ‘ജീവിതപ്പാത’ ഒരു മഹാകാവ്യമാകുന്നു.
എത്രത്തോളം ‘ജീവിതപ്പാത’ എന്നെ ചെറുകാടിനോട് അടുപ്പിച്ചുവോ അത്രത്തോളമോ അതിലധികമോ ആ കൃതി എന്നെ കമ്മ്യൂണിസത്തില്‍നിന്ന് അകറ്റുകയും ചെയ്തു കഴിഞ്ഞു.
പൂര്‍വാശ്രമത്തില്‍ ഇഎംഎസും ചെറുകാടുമടക്കം അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരായിരുന്നു എന്നതു രാഷ്ട്രീയ ചരിത്രത്തില്‍ സ്വതേ ഉദാസീനനായ ഞാന്‍ ശ്രദ്ധിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസുകാരോട് അങ്ങോട്ടു ചെന്ന് സംബന്ധാലോചന നടത്തുന്ന ഇന്നത്തെ അവസ്ഥ അതുകൊണ്ടു എനിക്ക് നല്ലപോലെ മനസ്സിലാവുന്നു. ‘ജീവിതപ്പാത’ ആവര്‍ത്തിച്ചു വായിച്ചിട്ടും എനിക്ക് മനസ്സിലാവാത്ത ചിലതില്‍ ഒന്നു, എന്തുകാരണത്തിനാണ് സ്വതന്ത്രഭാരതത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍, കമ്മ്യൂണിസ്റ്റുകാരെ, തങ്ങളും സ്വാതന്ത്ര്യത്തിനു സമരം ചെയ്തിരുന്നവരാണെന്ന്, സത്യമായോ അല്ലാതെയോ അവര്‍ അവകാശപ്പെട്ടിട്ടും ആട്ടിപ്പിടിച്ചു പീഡിപ്പിച്ചിരുന്നത് എന്നാണ്.
മുന്‍നിര നേതാക്കള്‍ ഒളിവില്‍; മധ്യനിര ഒളിഞ്ഞും തെളിഞ്ഞും; ബോക്സിങ് പരിശീലകര്‍ക്ക് ഇടിച്ചുകൊണ്ടേയിരിക്കാന് കെട്ടിത്തൂക്കിയ അറക്കപ്പൊടിച്ചാക്കുകളായി മാറിയ പിന്‍നിരക്കാരും. ഇത്തരം പെരുമാറ്റം അര്ഹിക്കാന് എന്തെന്തു ക്രൂരകൃത്യങ്ങളാണ് അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതും ചെയ്യാനാഗ്രഹിച്ചതും. മുദ്രാവാക്യം വിളി, ചുവരെഴുത്ത്, പോസ്റ്റര്‍ ഒട്ടിപ്പ്, പൊതുയോഗത്തില്‍ പ്രസംഗിക്കുന്നവരോട് സദസ്സിലിരുന്നു ചോദ്യങ്ങള്‍ ചോദിക്കല്‍…. ഇത്രയൊക്കെയേ ‘ജീവിതപ്പാത’യില്‍ കണ്ടെത്താനാവൂ.
ഇത്ര നിസ്സാര കാര്യങ്ങള്‍ക്കാണോ ഭീഷണിയും മര്‍ദ്ദനവും തടവും? എന്തൊക്കെ അഴിമതികളോ പോരായ്മകളോ ആരോപിച്ചു കേട്ടാലും, ജവഹര്‍ലാല്‍ നെഹ്റു, ജോസഫ്സ്റ്റാലിനെപ്പോലെ ക്രൂരനല്ലായിരുന്നു, തീര്‍ച്ച. ഒരുപക്ഷേ, അന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ സ്റ്റാലിന്റെ ഭരണം ഭാരതത്തിലേക്ക് അതേപടി പകര്‍ത്താന്‍ വേണ്ടിയായിരുന്നുവോ വാദിച്ചിരുന്നതും പ്രവര്‍ത്തിച്ചിരുന്നതും? നെഹ്റുവിന് അക്കാലത്തെ ‘കോണ്‍ഗ്രസ് സഖാക്കളുടെ’ ഉള്ളിലിരുപ്പ് അറിയാമായിരുന്നിരിക്കാം. കൂടെക്കിടന്നോര്ക്കല്ലേ രാപ്പനിയറിയൂ. ഇതാണ് സത്യാവസ്ഥയെങ്കില്‍, ചെറുകാട് ചില അത്യപകടങ്ങള് ഗൗനിക്കാതെ പോയിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
റഷ്യയിലെ മാധ്യമവര്ഗ്ഗത്തിനെ അപ്പാടെ ബൂര്‍ഷ്വാ എന്നു മുദ്രകുത്തി, സ്റ്റാലിന് കൊന്നുതള്ളിയ മനുഷ്യരുടെ കണക്കെടുത്താല്‍, ഹിറ്റ്ലര്‍ ചെയ്തതു നിസ്സാരം എന്നുപറയേണ്ടിവരും പോലും. അത്തരം ചോരപ്പുഴകള്‍ ഒഴുക്കേണ്ടതായ ഒരു വിപ്ലവത്തിനു കളമൊരുക്കുന്ന വ്യാമോഹത്തിലായിരുന്നുവോ ഭാരതത്തിലെ കമ്മ്യൂണിസ്റ്റു നേതൃത്വം? നടേ പറഞ്ഞ രാഷ്ട്രീയ ലക്ഷ്യം രഹസ്യമായി സൂക്ഷിക്കുന്നതോടൊപ്പം നിഗൂഢമായി പ്രചരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു താഴെത്തട്ടിലെ അണികളുടെ ദൗത്യങ്ങളിലാണു എന്ന് ഊഹിക്കാം. നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതു വിഭാവനം ചെയ്ത സമ്പൂര്‍ണ വിപ്ലവത്തിന്റെ ഒരു പരീക്ഷണ ഓട്ടമായി, അന്ന് മലബാറില്‍ അരങ്ങേറിയ മാപ്പിള ലഹളയെ കണ്ടിരുന്നിരിക്കാം. അന്നു കമ്മ്യൂണിസ്റ്റു നേതൃത്വത്തിനു വേണ്ടത് പ്രത്യയശാസ്ത്രപരമായ പ്രതിജ്ഞാബദ്ധതയേക്കാള് എന്തും കണ്ണടച്ചു ചെയ്യാന്‍ വേണ്ട സാഹസികതയെ ആയിരുന്നില്ല എന്ന് ഉറപ്പിക്കാനാവില്ല.
മാപ്പിളലഹളയെ കണ്ടില്ലെന്നു നടിച്ച് അതിനെ വിമര്‍ശനത്തില്‍ നിന്നൊഴിവാക്കി അതിലേര്‍പ്പെട്ടവരെ തങ്ങള്‍ ആസൂത്രണം ചെയ്യുന്ന സായുധ വിപ്ലവത്തിന്റെ മൂലധനത്തിലേക്കു മുതല്‍ക്കൂട്ടാക്കുക എന്നതാകാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മനസ്സില്‍ കണ്ടതന്ത്രം. ഈ പശ്ചാത്തലത്തില്‍, മാപ്പിളലഹളയെക്കുറിച്ചു പറയാന്‍ സര്‍വദാ യോഗ്യനായ ചെറുകാട് തന്റെ ആത്മകഥയില്‍ ആ സംഭവത്തിനെ അതിവിദഗ്ധമായി തമസ്കരിച്ചതിന്റെ കൗശലം കാണാതെ പോകരുത്. ചെറുകാട് എത്ര തന്നെ ആ ലഹളയെ വകഞ്ഞൊഴിഞ്ഞു നീങ്ങിയാലും ‘ജീവിതപ്പാത’യില്‍ ആ ഇല്ലാത്ത അദ്ധ്യായം അതിന്റെ അസാന്നിദ്ധ്യം കൊണ്ടു ശ്രദ്ധേയമാവുകയാണ്. ചെറുകാടിന്റെ ഈ ഒട്ടകപ്പക്ഷി നയം സ്വന്തം ജീവിത യാത്രയില്‍ ഉദ്ദേശശുദ്ധിയില്ലായ്മയുടെ ചളിക്കാല്പ്പാടുകള് പതിപ്പിച്ചിരിക്കുന്നു. ഈ പ്രവണതയെ ധൈഷണികമായ കാപട്യമെന്നുവേണം വിശേഷിപ്പിക്കാന്‍.
99 ലെ വെള്ളപ്പൊക്കത്തിനു ഒരു മുഴുവന്‍ അധ്യായം; അതിനു രണ്ടുവര്‍ഷം മുമ്പ് നടന്ന മാപ്പിളലഹളയ്ക്കോ മൂന്നോ മൂന്നരയോ വാക്യങ്ങളും. വെള്ളപ്പൊക്കക്കാലത്തെ ഒമ്പതു വയസ്സിന്റെ ഗ്രഹണശേഷി, ഏഴുവയസ്സിനു കാണില്ല എന്നു വാദിക്കാം. പക്ഷേ, ഒന്നോര്‍ക്കണം, അറിവും അനുഭവവും കണ്ടുതന്നെ വേണ്ട ആര്‍ജിക്കാന്‍; കേട്ടറിവു മതി. മനുഷ്യദുഃഖങ്ങളുടെ സംവേദന തീവ്രതയില്‍ അകലത്തെ കുമാനാശാനേക്കാളും അയലത്തെ ഉറൂബിനേക്കാളും വളരെയേറെ താഴെയൊന്നുമല്ല ചെറുകാട്.
വീടും നാടും ഇട്ടെറിഞ്ഞ്, സ്വന്തം അമ്മയും കൂടപ്പിറപ്പുകളും കൈയില്‍ കിട്ടിയതെടുത്തു പ്ലാമന്തോളില് നിന്ന് കുറുവട്ടൂരോളം അഭയം തേടി പലായനം ചെയ്തതു ഏഴുവയസ്സുകാരനായ ചെറുകാട് ഓര്‍മിക്കുന്നു. മാത്രമല്ല, തുടര്‍ന്നുവന്ന പതിറ്റാണ്ടുകള്‍ക്ക് നാലാള് കൂടുന്നിടത്തു സംസാരിക്കാന്‍ ആ ലഹള കഴിച്ചേ മറ്റു വിഷയമുണ്ടായിരുന്നുള്ളൂ. അതു കേട്ടുകേട്ടു തന്നെയാണ് ചെറുകാട് വളര്‍ന്നതും. എന്നിട്ടും സ്വന്തം ജീവിതകഥയില്‍ ചെറുകാടിനു അതൊരു പ്രമേയമേ അല്ല. വെള്ളക്കുതിരയെ പൂട്ടിയ തേരില്‍ ഇരുന്നു പുസ്തകങ്ങള്‍ വായിച്ച് സ്കൂളിലേക്കു പോയും വന്നുമിരുന്നിരുന്ന ഏലങ്കുളത്തെ നാലാം തമ്പുരാന് ആ കലാപം തമസ്കരിച്ചു കാണുന്നതായിരിക്കാം ഹിതം!
ഈ പ്രത്യേക സംഭവത്തിന്റെ മൂടിവയ്ക്കല്‍ യാദൃച്ഛികമെന്നു പറഞ്ഞു നില്‍ക്കാനാവില്ല. മറ്റൊരു കലാപത്തിനെ പരാമര്‍ശിക്കുന്നതു നോക്കൂ:
”ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ചു
നാടുവെട്ടിപ്പിടിച്ചു ഹിന്ദു
ക്കളെ വിറപ്പിച്ചു പറപ്പിച്ച
ചേലാ കലാപക്കെടുതി തീര്‍ന്നപ്പോള്‍
തിരുവിതാംകൂറില്‍ പോയി രക്ഷപ്പെട്ട
കുടുംബങ്ങള്‍ തിരിച്ചുവന്ന്
സ്വസ്ഥാനങ്ങളില്‍
കേന്ദ്രീകരിക്കുവാന്‍ തുടങ്ങി.”
(തിരുവേഗപ്പുറ)
ഇവിടെ, ആര്‍ക്കോ വേണ്ടി, ചെറുകാട് വാക്കുകള്‍കൊണ്ടും ചെപ്പും പന്തും കളിക്കുകയാണ്. മേലുദ്ധരിച്ച വാക്യത്തില്‍ ഏതു ശബ്ദമാണ് കര്‍ത്താവ്? ‘ചേലാകലാപക്കെടുതി!’ ആ ‘കെടുതി’യാണുപോലും നാടുവെട്ടിപ്പിടിച്ചതും ഹിന്ദുക്കളെ വിറപ്പിച്ചു പറപ്പിച്ചതും! വെള്ളപ്പൊക്കം പോലെ, വരള്‍ച്ചപോലെ ഒരു പ്രകൃതി ക്ഷോഭമമാണ് ആ ‘കെടുതി’ എന്നു മനസ്സിലാക്കിക്കൊള്ളുക എന്നാണ് വിവക്ഷ.
ടിപ്പു സുല്‍ത്താന്‍ എന്നെങ്ങാനും ശബ്ദിച്ചുപോയാല്‍ ചെറുകാടിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമായിരിക്കാം. പാവം, ചെറുകാടിന്റെ ധര്‍മബോധത്തിന് എന്നിട്ടും ചില സൂചനകള്‍ തരാതിരിക്കാനാവുന്നില്ല. ആമംവെച്ച കൈകള്‍കൊണ്ടാണ് ചെറുകാട് ‘ജീവിതപ്പാത’ വെട്ടിയിരിക്കുന്നത്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: