കാണ്‍പൂര്‍: നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തകര്‍ത്ത് ഗുജറാത്ത് ലയണ്‍സ് പ്ലേ ഓഫ് യോഗ്യതക്കരുകില്‍. ഡ്വെയ്ന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ബൗളിങും ക്യാപ്റ്റന്‍ സുരേഷ് റെയ്നയുടെ ബാറ്റിങുമാണ് നിര്‍ണായക പോരാട്ടത്തില്‍ ലയണ്‍സിനെ വിജയത്തിലേക്ക് നയിച്ചത്. ആറ് വിക്കറ്റിനായിരുന്നു ലയണ്‍സ് നൈറ്റ് റൈഡേഴ്സിനെ കീഴടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എട്ട് വിക്കറ്റിന് 124 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സ് 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 125 റണ്‍സെടുത്ത് വിജയം നേടി. ജയത്തോടെ 16 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒപ്പം തന്നെ പ്ലേ ഓഫിലേക്ക് യോഗ്യതയും നേടി. ശനിയാഴ്ച മുംബൈക്കെതിരെയാണ് ഗുജറാത്തിന്റെ അവസാന ലീഗ് മത്സരം. 14 പോയിന്റുമായി നൈറ്റ് റൈഡേഴ്സ് നാലാം സ്ഥാനത്ത്.
ഇന്ന് നടക്കുന്ന അവസാന മത്സരത്തില്‍ ലയണ്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. കൊല്‍ക്കത്ത അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സുമായി ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സിനും നൈറ്റ് റൈഡേഴ്സിനും ഏറെ നിര്‍ണായകമാണ് അവസാന മത്സരം. ഈ മത്സരത്തില്‍ ജയിച്ചാല്‍ മുംബൈക്കും നൈറ്റ് റൈഡേഴ്സിനും 16 പോയിന്റാകും.
ടോസ്നേടി ഗുജറാത്ത് ക്യാപ്റ്റന്‍ നൈറ്റ് റൈഡേഴ്സിനെ ബാറ്റിംഗിന് അയച്ചു. ക്യാപ്റ്റന്‍ റെയ്നയുടെ വിശ്വാസം കാക്കുന്ന രീതിയില്‍ ഡ്വെയ്ന്‍ സ്മിത്ത് ബോള്‍ ചെയ്തതോടെ കൊല്‍ക്കത്തന്‍ ബാറ്റ്സ്മാന്മാര് നിലംപൊത്തുകയായിരുന്നു. സ്മിത്ത് നാല് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ധവാല്‍ കുല്‍ക്കര്‍ണി, ബ്രാവോ, ഷദാബ് ജകാതി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 36 റണ്‍സെടുത്ത യൂസഫ് പത്താനാണ് അവരുടെ ടോപ്പ് സ്കോറര്‍. ഉത്തപ്പ 25 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ലയണ്‍സിനും തുടക്കത്തില്‍ പിഴച്ചു. റണ്‍സ് ഒന്നും എടുക്കാതെ സ്മിത്തും ആറ് റണ്‍സുമായി മക്കല്ലവും മടങ്ങി. ദിനേശ് കാര്‍ത്തിക് 12 റണ്‍സെടുത്തും മടങ്ങിയതോടെ ലയണ്‍സ് മൂന്നിന് 38 എന്ന നിലയില്‍.എന്നാല്‍ ക്യാപറ്റന് റെയ്ന ക്രീസില്‍ നിലയുറപ്പിച്ചു. പതുക്കെ തുടങ്ങിയ റെയ്ന പിന്നീട് ആക്രമണത്തിന് മുതിര്‍ന്നു. 36 പന്തില്‍ ഒരു സിക്റും ഏഴ് ഫോറും അടക്കം പുറത്താകാതെ 53 റണ്‍സ് നേടി ലയണ്‍സിനെ വിജയത്തിലെത്തിച്ചു. 26 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് റെയ്നക്ക് മികച്ച പിന്തുണ നല്കി. 17 റണ്‍സുമായി ജഡേജയും പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: