അതെ, ശീർകാഴി ഒരിക്കൽ സ്വർഗ്ഗത്തിന്റെ വാതായനം തന്നെയായിരുന്നു. ചോളസാമ്രാജ്യം സ്വർഗ്ഗസമാനമായ ലോകം പടുത്തുയർത്തിയ കാവേരി പും പു കാറിലേക്കുള്ള വാതായനം തന്നെയായിരിക്കണം നാഗപട്ടണത്തെ “ശീർകാഴി”.
എന്തു തന്നെയായാലും കടൽ കവർന്നെടുത്ത ഈ അതിപ്രാചീന നാഗരികതയുടെ അവശേഷിക്കുന്ന ഭൂപ്രദേശമാണ് ശീർകാഴി എന്നതിൽ ആർക്കും സംശയമില്ല. വളരെ കുറച്ചു ചരിത്രതെളിവുകളിലൂടെ ഈ പ്രദേശം അതിലേക്ക് വിരൽ ചൂണ്ടുന്നത് നമുക്ക് കണ്ടെത്താൻ കഴിയും. അവയിൽ പ്രധാനമാകട്ടെ ശീർകാഴിയിലും സമീപ പ്രദേശങ്ങളിലും തലയുയർത്തി നിൽക്കുന്ന അതിപ്രാചീന ക്ഷേത്രസമുച്ചയങ്ങൾ തന്നെ. അവ നൽകുന്ന ചരിത്ര ചരിത്രാതീത കഥകളും.
ദക്ഷിണ ദേശത്ത് അതിപ്രാചീനകാലത്തേ ഉദയം ചെയ്ത അതിശക്തമായ രാജ്യങ്ങളിലൊന്ന്, ചോള രാജ്യം. അവർ വിദേശ വ്യാപാരത്താലും പ്രകൃതി വിഭവങ്ങളാലും പടുത്തുയർത്തിയ സ്വഗ്ഗസമാനമായൊരു രാജധാനി – കാവേരി പൂം പുകാർ. പല സംഘകാല കൃതികളിലും ഇതിന്റെ സ്വർഗ്ഗസമാനമായ (ചിലപ്പതികാരം….) വിവരണം കാണുവാൻ കഴിയും. അതിവിശാലമായ ക്ഷേത്രസമുച്ചയങ്ങളും ബുദ്ധ ജൈന വിഹാരങ്ങളും പണ്ഡിത സഭകളും, അവയിൽ ചുരുക്കം ചില വിവരണങ്ങൾ മാത്രം.
ഈ സംസ്കാരത്തിന്റെ അധ:പതനത്തെ പറ്റി പല കഥകളുണ്ടെങ്കിലും അവശേഷിക്കുന്ന ശീർകാഴി ഭൂപ്രദേശത്തെ ക്ഷേത്രസമുച്ചയങ്ങളാകട്ടെ ഈ അതിപ്രാചീനകാലഘട്ടത്തിന്റെ സാമുഹിക സാംസ്കാരിക ബൗദ്ധിത തലങ്ങളിലേക്ക് ഇന്നും നമ്മെ കൊണ്ടു പോകുന്നതായി പറയുവാൻ കഴിയും. ഇതിൽ പ്രധാനമാകട്ടെ ശീർകാഴി ബ്രഹ്മപുരേശ്വരം ക്ഷേത്രം, തിരുമൺകാടു ശ്വേതനാരായണ ക്ഷേത്രം, വൈതീശ്വരൻ കോവിൽ, പിന്നെ സ്വല്പം അകലെയുള്ള ചിദംബരം ക്ഷേത്രം മുതലായവ.
വൈതീശ്വരൻ കോവിലാകട്ടെ നമ്മുടെ പരമ്പരാഗത ചിന്താധാരക്കൊപ്പം ചികിത്സക്കും പ്രാധാന്യം നൽകുന്നതായി കാണുവാൻ കഴിയും. ഇവിടുത്തെ സിദ്ധാമൃത തീർത്ഥത്തിലെ ജലവും ജഡായു കുണ്ഡത്തിലെ (രാമലക്ഷമണൻമാർ ജഡായുവിന്റെ ഭൗതിക ശരീരം സംസ്കരിച്ചെന്നു കരുതുന്ന സ്ഥലം)മണ്ണും പിന്നെ ചില പച്ചിലകളും ഇന്നും ഇവിടെ സിദ്ധ ഔഷധം തന്നെ.
വൈദ്യശാസ്ത്രത്തിന്റെ കുല ഗുരു ധന്വന്ത്വരി മഹർഷിയുടെ സമാധിയും ഇവിടെ തന്നെ. അത്യപൂർവ്വമായ നാഡീ ജ്യോതിഷവും ഇവിടുത്തെ പ്രത്യേകത തന്നെ!
ശീർകാഴിക്ഷേത്രമാകട്ടെ അതിപ്രാചീന പ്രളയ കഥയെ സൂചിപ്പിക്കുന്നതിനൊപ്പം ഈ ഗ്രാമം ശൈവ നായൻമാരിൽ പ്രമുഖനായ “തിരുജ്ഞാനസമ്പന്ധ “രുടെ ജന്മദേശവെന്നും ഓർമിപ്പിക്കുന്നു. തിരുമൺകാടുക്ഷേത്രമാകട്ടെ നവഗ്രഹങ്ങളിൽ പ്രധാനിയായ ബുധ നിലേക്ക് നമ്മെ കൊണ്ടു പോകുന്നു. മാത്രമല്ല ആദി ചിദംബരമെന്നും അറിയപ്പെടുന്നു.
അതെ സമയം ചിദംബരം ക്ഷേത്രം അതിപ്രാചീന തത്ത്വശാസ്ത്രമായ “യോഗ”യുടെ അത്യഗാധതലങ്ങളെ പറ്റിയും സൂചിപ്പിക്കുന്നു.
തീർച്ചയായും ചോള കാലത്ത് ഉദയം ചെയ്ത ഈ ക്ഷേത്ര സമുച്ചയങ്ങൾ അക്കാലത്തെ അതി ബ്രഹത്തായ ബൗദ്ധിക തലത്തെയാണ് സൂചിപ്പിക്കുന്നതെന്നു പറയുവാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: