പത്തനംതിട്ട: പ്രതികൂല കാലാവസ്ഥയിലും ജില്ലയില്‍ 72.8 ശതമാനം പോളിങ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 68.22 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ 3.15 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. അടൂര്‍ മണ്ഡലത്തിലാണ് കൂടുതല്‍ പോളിംഗ് നടന്നത്, 74.31 ശതമാനം. ആറന്മുളയില് 70.48 ശതമാനവും റാന്നിയില്‍ 70.57 ശതമാനവും കോന്നിയില്‍ 72.5 ശതമാനവും തിരുവല്ലയില്‍ 69.48 ശതമാനവും രേഖപ്പെടുത്തി.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു വോട്ടെടുപ്പ്. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയും ആയിരുന്നെങ്കിലും ക്രമാനുഗതമായ പോളിങാണ് മിക്ക ബൂത്തുകളിലും നടന്നത്. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7മണിമുതല്‍ ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ടനിരകാണാമായിരുന്നു. ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ കൂടുതല്‍ പ്രതികൂലമാകുമെന്ന പ്രതീക്ഷയില്‍ സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ രാവിലെതന്നെ പോളിങ്ബൂത്തുകളില്‍ എത്തി. വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകരും തങ്ങളുടെ വോട്ടര്‍മാരെ രാവിലെമുതല്‍ ബൂത്തുകലിലെത്തിക്കാന് ഉത്സാഹിക്കുന്നുണ്ടായിരുന്നു.
പെരുനാട്ടില്‍ ബിജെപി-ബിഡിജെഎസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദ്ദിച്ചു. ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും രാത്രി വൈകിയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ വിട്ടയയ്ക്കുകയോ ചെയ്യാതിരുന്നത് വ്യാപക പ്രതിഷേധത്തിടയാക്കി. ഇതൊഴിച്ചാല്‍ ജില്ലയില്‍ കാര്യമായ സംഘര്‍ഷമോ ക്രമസമാധാന പ്രശ്നങ്ങളോ കൂടാതെയാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. ആറന്മുള മണ്ഡലത്തില്‍ 70.48 ശതമാനമാണ് പോളിങ്.
72.5 ശതമാനം വോട്ട് രേഖപ്പെടുത്തിയ കോന്നി മണ്ഡലത്തില്‍ രാവിലെ മുതല്‍ പോളിങ് ബൂത്തുകളില്‍ സമ്മതിദായകരുടെ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ മിക്ക ബൂത്തുകളിലും 40 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിലെ അവസാന പോളിങ് സ്റ്റേഷനായ ആവണിപ്പാറ വനവാസി കോളനിയിലെ 169 ാം ബൂത്തില്‍ ആകെയുള്ള 67 വോട്ടര്‍മാരില്‍ 54 പേര് വോട്ടു ചെയ്തു. ആവണിപ്പാറയിലെ 42 വനവാസി കുടുംബങ്ങള്‍ക്കായാണ് ഇവിടെ അംഗന്‍വാടിയില്‍ പോളിങ് ബൂത്ത് ഒരുക്കിയത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ 40 കിലോമീറ്റര്‍ സഞ്ചരിച്ച് ഇവര്‍ കല്ലേലി തോട്ടത്തിലെ പോളിങ് ബൂത്തിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കൊക്കാത്തോട് ഗവ.സര്‍ക്കാര്‍ സ്കൂളിലെ 167 -ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തകരാര്‍കാരണം രണ്ടുമണിക്കൂര്‍ വോട്ടിംഗ് തടസ്സപ്പെട്ടത് പരാതികള്‍ക്കിടയാക്കി.
ശക്തമായ പോരാട്ടം നടന്ന തിരുവല്ല നിയോജകമണ്ഡലത്തില്‍ 69.48ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനത്തിലേറെ പോളിങ്ങാണ് ഇത്തവണ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. മണ്ഡലത്തില്‍ ആകെയുള്ള 207825 വോട്ടര്‍മാരില്‍ 144398 പേര് ഇത്തവണ വോട്ടവകാശം വിനിയോഗിച്ചു. 74985സ്ത്രീകളും 69503 പുരുഷന്മാരും വോട്ട് ചെയ്യാനെത്തി.
74.31 ശതമാനം പോളിങ് നടന്ന അടൂര്‍ മണ്ഡലത്തില്‍ ഉച്ചക്ക് 12 ആയപ്പോഴേക്കും 31.7 ശതമാനം പോളിങ് നടന്നിരുന്നു. ഏനാത്ത് ഗവ. യു.പി.എസിലെ 186ാം ബൂത്തിലെ ഒന്നാം പോളിങ് ഓഫിസര്‍ കൊല്ലം ഇരവിപുരം മേരീസ് വില്ലയില്‍ പ്രിന്‍സിന് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇടതു കൈക്ക് പെരുപ്പും തളര്‍ച്ചയും അനുഭവപ്പെട്ടതോടെ വിവരമറിഞ്ഞ് ഏനാത്ത് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുകയും പ്രിന്‍സിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടര്‍ന്ന് റിസര്‍വ് ഓഫിസര്‍ക്ക് ചുമതല കൈമാറി. തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് 58.7 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: