തത്ത്വചിന്തകന് നഷ്ടപ്പെട്ട കവിയൊ, കവിക്ക് നഷ്ടപ്പെട്ട തത്വചിന്തകനൊ ആയിരുന്നു കുഞ്ഞുണ്ണി. ഗുരുവായും കവിയായും ചിന്തകനായും സന്യാസിയായും സ്വന്തം വരിയില്‍ ഒരേ സമയം മാഷ് പ്രത്യക്ഷപ്പെടുന്നു. കിറുക്കും കുറുക്കും തന്നെയാണ് കുഞ്ഞുണ്ണിയുടെ വരിവിദ്യാരഹസ്യം. ‘ആഫറിസം’ എന്ന് ഇംഗ്ലീഷില്‍ പറയുന്ന സൂക്തം, നീതിവാക്യം, സുഭാഷിതം എന്നെല്ലാം വിളിക്കാവുന്ന മൂല്യാന്തര്‍ഗതമായ ആശയങ്ങളാണ് ആ വരികളെ ‘സുചരിത’മാക്കുന്നത്.
ഓര്‍മിക്കാനും ഓമനിക്കാനും ഉദ്ധരിക്കാനും പാകത്തിലാണ് അവയുടെ ചേതന. ആത്മീയതയും ലൗകികതയും അവിടെ ഒന്നുതന്നെ. വേദാന്തവും ഉപനിഷദ് ദര്‍ശനവും ഗീതയും ബുദ്ധസൂക്തവും ബൈബിള്‍ പ്രകാശവും സൂഫിസത്തിന്റെ സത്യനാദവും വിതച്ച നന്മയുടെ നറുമണ്ണിലാണ് കുഞ്ഞുണ്ണിക്കവിതയുടെ വിത്ത് വിളയുന്നത്. ആ കവിതയിലെ ‘രാഷ്ട്രീയ വിത’ നാടിന്റെ ഉര്‍വരതയെ ഉണര്‍ത്തിനിര്‍ത്തുന്നു.
”സ്വയം സേവനമാണ് രാഷ്ട്രസേവനം. ഞാനും എന്റെ രാഷ്ട്രവും ഒന്നാണ്. ഞാനെന്നെ സേവിച്ചും സ്വയം നന്നാക്കിയും കഴിയണം.” ഇതത്രെ കുഞ്ഞുണ്ണിയും രാഷ്ട്രീയവും രാഷ്ട്ര സങ്കല്‍പ്പവും. ‘എന്‍ രാഷ്ട്രമെന് ശില്‍പ്പം’ എന്ന വരിയില്‍ ഈ അര്‍ത്ഥതലമുണ്ട്. ‘രാഷ്ട്രീയം’ എന്ന പേരിലുള്ള കവിയുടെ പുസ്തകം ദേശീയതയും ദേശസ്നേഹവും ദേശസങ്കല്പ്പവും പുനഃസൃഷ്ടിക്കേണ്ടതിന്റെ ആശയഘടകം ആരായുന്നു.
ആക്ഷേപഹാസ്യവും ഉപഹാസവും നര്‍മസരണിയും കാലവിചിന്തനവും ഇതില്‍ മാര്‍ഗം തെളിക്കുന്നു. ‘യഥാ നാട്ടാര്/തഥാ സര്‍ക്കാര്‍’ എന്ന വരി ഉണര്‍ത്തുന്ന ചിത്രം സാധാരണമെങ്കിലും വര്‍ത്തമാന പരിപ്രേക്ഷ്യത്തില്‍ അസാധരണ ദര്‍ശനമായി മാറുന്നു. സമകാലിക ഭരണവും കക്ഷിരാഷ്ട്രീയ പിത്തലാട്ടങ്ങളും കൊണ്ട് പാരതന്ത്ര്യമനുഭവിക്കുന്ന നാടിനെ നോക്കിയാണ് കുഞ്ഞുണ്ണി രാഷ്ട്രീയ കവിതകള്‍ രചിക്കുന്നത്.
”രാക്ഷസനില്‍ നിന്ന് രാ
ദുഷ്ടനില്‍നിന്ന് ഷ്ട്
പീറയില്‍ നിന്ന് റ
ഈച്ചയില്‍നിന്ന് ഈ
മായത്തില്‍നിന്ന് യം- രാഷ്ട്രീയം”
എന്ന നിര്‍വചനം രൂപപ്പെടുന്നതിങ്ങനെയാണ്.
”രാഷ്ട്രീയമില്ലിന്ന്
കാഷ്ടീയമേയുള്ളു കേരളത്തില്‍”
കാഷ്ടീയം എന്ന പദം തന്നെ ഇവിടെ പ്രതിരോധശക്തിയായി രാഷ്ട്രീയത്തെ നേരിടുന്നു. ”ധൃതരാഷ്ട്രന്മാരല്ലോ രാഷ്ട്രീയ നേതാക്കന്മാര്” എന്നാണ് കുഞ്ഞുണ്ണി പ്രമാണം.
”ഓട്ടു ചെയ്തോട്ടു ചെയ്തോട്ടക്കലമായി നമ്മള്”
”ഓട്ടിന്റെ വട്ടത്തില്‍ ചുറ്റിക്കറങ്ങുന്ന രാഷ്ട്രീയം നാടോട്ടയാക്കുന്നു” എന്നു കവി ഉച്ചത്തില്‍ പാടുന്നു.
”പത്രോസേ നീ മനുഷ്യനെ പിടിക്കുന്ന പണി ഉപേക്ഷിച്ച് എന്റെ കൂടെ വരിക ഞാന്‍ നിന്നെ ഓട്ടുപിടിക്കുന്നവനാക്കാം”
എന്ന മുദ്രാവാക്യ സൂത്രത്തില്‍ വിപ്ലവസങ്കല്‍പ്പങ്ങളും കേരള രാഷ്ട്രീയവും എത്രമാത്രം മലിനപ്പെട്ടു എന്നു വരച്ചുകാട്ടുകയാണ്.
”ഇങ്കുലാബിലും
സിന്ദ ബാദിലും
ഇന്ത്യ തോട്ടിലും” എന്ന മൊഴി കനിമൊഴി തന്നെ. ”ഇത്രകാലവും നമ്മള് മുഷ്ടി കൊണ്ടിടിച്ചിട്ടുമിങ്കുലാബെന്ന വാക്ക് മലയാളമായില്ല” എന്നാണ് കവിയുടെ കണ്ടെത്തല്‍. ‘വിപ്ലവ’ത്തെ വരികളില്‍ ‘ഉപരിപ്ലവസന്ദേശ’മായി വരയ്ക്കുന്നത് കാണാം-
”നക്സലേറ്റു പോലുമീക്കേരള നാട്ടില്‍ കഷ്ടം
എക്സലേറ്ററായിപ്പോയി”,
”വിപ്ലവം വിരുന്നായ് വരികില്ലൊരേടത്തും,”
”വിപ്ലവം സര്‍വ്വരുമുത്സാഹപൂര്‍വം
നടത്തേണ്ടൊരുത്സവമല്ലേ” എന്നീ സൂക്തികളും വിപ്ലവത്തിന്റെ ശുദ്ധലക്ഷ്യവും മാര്‍ഗ്ഗവുമാണ് വരച്ചുവെക്കുക. വ്യക്തിയെയും സമൂഹത്തെയും രാഷ്ട്രത്തെയും പുനഃസൃഷ്ടിക്കുന്ന കര്‍മമാണ് കവിയെ സംബന്ധിച്ച് രാഷ്ട്രീയം.
”സൊറയ്ക്കുന്നോര്‍ സൊറക്കാര്‍
സൊറക്കാര്‍ സൊര്‍ക്കാരായി
സൊര്‍ക്കാരാണ് പിന്നെ സര്‍ക്കാരായത്”
എന്ന ആക്ഷേപഹാസ്യ വീക്ഷണം സര്‍ക്കാരിന്റെ മുഖംമൂടി വലിച്ചുകീറുന്നു. തത്ത്വദീക്ഷയില്ലാത്ത കാലുമാറ്റവും പ്രത്യയശാസ്ത്രബോധമില്ലാത്ത കക്ഷിരാഷ്ട്രീയ കര്‍മങ്ങളും ചിത്രണം ചെയ്യാന്‍ കുഞ്ഞുണ്ണിക്ക് അക്ഷരം കുറച്ചുമതി.
”പട്ടി പെറും/പാര്‍ട്ടി പിളരും”
”പണ്ടത്തെയാള്‍ക്കാര്‍ കുടക്കീഴില്
ഇന്നത്തെയാള്‍ക്കാര്‍ കൊടിക്കീഴില്‍,”
”മഞ്ഞച്ചെങ്കൊടി പാറുകകൊണ്ടീ
നാടിനു മഞ്ഞപ്പിത്തം,”
”പ്ലേഗു പരന്നാലുണ്ടു നിവൃത്തി
ഫ്ളേഗു പരന്നാലില്ല നിവൃത്തി”
എന്നീ മൊഴികള്‍ ‘കുഞ്ഞുണ്ണി രാഷ്ട്രീയ’ത്തിന്റെ കൊടിയടയാളങ്ങളായി മാറുന്നു.
”പൊളിറ്റിക്സ്ങ്ങനെയെന്നെന്നും
പൊളിയാനെന്തു കാരണം
പൊളിയാവുക കാരണം,”
”മിനിഞ്ഞാന്ന് രാഷ്ട്രീയം
ഇന്നലെ മായം ചേര്‍ത്ത രാഷ്ട്രീയം
ഇന്ന് രാഷ്ട്രീയം ചേര്‍ത്ത മായം
നാളെയോ”
എന്ന് രാഷ്ട്രീയ കുത്സിതങ്ങളും പരാജയങ്ങളും ഉത്കണ്ഠയേകുന്ന ധര്‍മരോഷപ്പൊരികളായി കവിയില്‍ പിരിമുറുക്കം സൃഷ്ടിക്കുന്നു. ”മരണ ഭയത്തേക്കാള്‍/ഭരണഭയം ഘോരം” എന്നെഴുതി കേരള രാഷ്ട്രീയപ്പിത്തലാട്ടങ്ങളെ നിര്‍ഭയം നേരിടുകയാണ് കുഞ്ഞുണ്ണി.
”കുഴിവെട്ടി മൂടുകീ രാഷ്ട്രീയങ്ങള്‍
കുതികൊള്ക രാഷ്ട്രത്തിനായി നമ്മള്”
എന്ന ആശയ രാഷ്ട്രീയം ദേശീയതയുടെ കനല്‍പ്പാട്ടായി മാറുന്നു.
”മതം മയക്കുമരുന്നാണെങ്കില്‍
രാഷ്ട്രീയം കറക്കുമരുന്നാണ്” എന്ന വരി ‘മൂലധന രാഷ്ട്രീയ’ത്തിനുള്ള മറുമരുന്നാണ്.
‘ഭാരതത്തില്‍ രാഷ്ട്രീയക്കാര്‍ മാത്രമാണുള്ളത്, ഇല്ലാത്തത് രാഷ്ട്രീയവും’ എന്ന വിചിന്തനം പകരുന്ന വരി ധര്‍മരാഷ്ട്രീയത്തെ പിന്‍പറ്റുന്നു. കപടരാഷ്ട്രീയത്തെ പ്രതിരോധിക്കുമ്പോള്‍ മാത്രമാണ് കുഞ്ഞുണ്ണിയുടെ ഭാഷ തീപ്പാറുന്നതും തീവ്രമാകുന്നതും.
സാംസ്കാരിധിനിവേശത്തെയും കപടസേവന യത്നങ്ങളെയും കവി പ്രതിരോധിക്കുന്നുണ്ട്. നാടിന്റെ സാമൂഹ്യ രാഷ്ട്രീയമേഖലകളുടെ സംശുദ്ധീകരണവും സാംസ്കാരിക സന്തുലനവുമാണ് കുഞ്ഞുണ്ണിയുടെ രാഷ്ട്രീയ കവിത സ്വപ്നം കാണുന്നത്. മനുഷ്യനെ ധര്‍മ്മപരിസരങ്ങളില്‍ നര്‍മം വിടാതെ വിചാരണ ചെയ്യുകയാണ്, ആ വരിയത്രയും. സമൂഹ മനഃസാക്ഷിയെ ഉണര്‍ത്തി നിര്‍ത്താനും നന്മയിലേക്കുള്ള തിരുത്തല്‍ ശക്തിയായി മാറി മാനവികതയെ അപചയങ്ങളില്‍നിന്ന് സ്വതന്ത്രമാക്കുകയുമാണ് കുഞ്ഞുണ്ണിയുടെ രാഷ്ട്രീയ കവിതയുടെ സാമൂഹ്യബോധവും സാമൂഹ്യപ്രത്യയശാസ്ത്രവും.
‘ജ്ഞാനപ്പാന’യാണ് കുഞ്ഞുണ്ണിക്കവിത. ”ഞാന്‍ പോയേ ജ്ഞാനം വരൂ” എന്ന അദൈ്വതാമൃതമാണ് കുഞ്ഞുണ്ണിയെ ‘കവി ഗുരു’വാക്കുന്നത്. ‘ഗുരുതന്നെയെഴുത്തെല്ലാം’ എന്ന് ആ സാഹിത്യവിദ്യയെ വിശേഷിപ്പിക്കാം. ജ്ഞാനയോഗത്തിന്റെ ചിന്താനക്ഷത്രമാണ് കുഞ്ഞുണ്ണിയുടെ വരികള്‍. ഗുരുവിന്റെ കര്‍മനിയോഗമാണ് ആ കവിതയിലൂടെ നിര്‍വഹിക്കപ്പെടുന്നത്. വള്ളുവരുടെ സൂക്തമാണ് കുഞ്ഞുണ്ണിക്കവിതയെന്ന് വൈലോപ്പിള്ളി കണ്ടെത്തുന്നു.
സ്നേഹത്തിന്റെ ഗുളികച്ചെപ്പായ കുഞ്ഞുണ്ണിക്കവിതയില്‍ മാനവതയുടെ മഹാസംഗീതമുണരുന്നു. പ്രണയം, ചിരി, കരച്ചില്, സ്വപ്നം സ്വാതന്ത്ര്യം, മോഹം, മരണം, കാലം, പ്രകൃതി, അറിവ് തുടങ്ങി മനുഷ്യാസ്തിത്വത്തിന്റെ ഘടകങ്ങളേറെയും സ്വന്തം ദര്‍ശന സമീക്ഷയില്‍ പകരാനുള്ള നിയോഗമാണ് കവി നിറവേറ്റിയത്. അനശ്വരതയുടെ ഒരല ആ കുറുമൊഴിയുടെ അന്തര്‍നാദമായുണ്ട്. ഗോകുലബാലന്മാര്‍ക്ക് സാന്ദീപനിയായും മലയാള സ്വത്വത്തിന് പൂന്തേന്‍ പകര്‍ന്ന പൂന്താനമായും കുഞ്ഞുണ്ണി പ്രഭ കാലങ്ങളില്‍ പൂത്തിറങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: