വെളുവെളുത്ത ക്യാന്‍വാസിലേക്ക് ആദ്യം വരച്ചു തുടങ്ങിയത് അവളുടെ നീണ്ടുവിടര്‍ന്ന കുഞ്ഞിക്കണ്ണുകളായിരുന്നു. കടുത്തു നീലിച്ച ഒരലയാഴി തന്നെ ഞാനവയിലൊളിപ്പിച്ചുവച്ചു. നിന്റെ നിഗൂഢതയിലേക്ക് ആരും എത്തിനോക്കേണ്ടെന്നു പറഞ്ഞ് ഇടതൂര്‍ന്ന കണ്പീലികള് നല്കി. പിന്നെ കുലച്ചവില്ലുപോലെ മനോഹരമായ പുരികക്കൊടികളും പിച്ചകമൊട്ടുപോലെ നേര്‍ത്ത നാസികച്ചെരുവില് കരിവണ്ടുപോലൊരു കുഞ്ഞുമറുകിനെക്കൂടി തളയ്ക്കാന്‍ മറന്നില്ല. മുല്ലപ്പൂക്കവികളുകള് തീര്‍ത്തപ്പോ തോന്നി ഒരു നുണക്കൂഴികൂടിയാവാമെന്ന്. മനോഹരമായ അധരദ്വയങ്ങളില് ചെമപ്പു കുറഞ്ഞോന്നൊരു സംശയം. ഒരല്‍പ്പംകൂടി ചെമപ്പിച്ചു.
പളങ്കുമണിപോലുള്ള കുഞ്ഞിപ്പല്ലുകളെ അമ്പിളിക്കീറുപോലൊരു ചിരിക്കുള്ളിലൊളിപ്പിച്ചു. പിന്നെ, കറുത്തിരുണ്ട ക്രോപ്പു ചെയ്തിരുന്ന മുടിയിഴകളെ നനുനനുത്ത നെറ്റിത്തടത്തിലേക്ക് അലസമായി വകഞ്ഞിട്ടു. റോസാദളം കൊണ്ടൊരു പൊട്ടും തൊടീച്ചു. ഏറ്റവുമൊടുവില്‍, സ്വര്‍ണവര്‍ണം പൂണ്ട കഴുത്തിലേക്ക് ഒരു പവിഴമുത്തുകോര്ത്ത മാല കൂടി ചാര്‍ത്തി, ഇനി നിന്റെ നഗ്നതയിലേക്ക് ഞാനില്ലെന്നു പറഞ്ഞ്, ചുവപ്പില്‍ നിറയെ മഞ്ഞപ്പൂക്കളുള്ള ഒരു ഫ്രോക്കും ഇടുവിച്ചു.
~ഒക്കെ കഴിഞ്ഞപ്പോഴൊരു സംശയം. ഇവള്‍ക്ക് പാല്മണമുണ്ടോയെന്ന്. ഒന്നു മണത്തുനോക്കി. ഇല്ലെന്നുറപ്പുവരുത്തി. കവിള്മിനുപ്പിലൊന്നു തലോടി. അവളെ ഒരു പിഞ്ചുമ്മയിലേക്കാഴ്ത്താന് ഞാനാഗ്രഹിച്ചു.
നോക്കിനില്‍ക്കെ, ആ ചിരിത്തുമ്പില്‍ പരിഭവച്ചിന്തുകള്‍ പറ്റിപ്പിടിച്ചപോലെ. കണ്ണുകളില്‍ മിന്നല്‍പ്പിണര്‍ പുളഞ്ഞപോലെ. അല്‍പ്പം ദേഷ്യത്തോടെ. അവളൊന്നു ചിണുങ്ങിയോ. എന്നിട്ട് ചിരി വയ്പ്പിച്ച് കണ്ണുകള്‍ കൂര്‍പ്പിച്ച് ഒരു ചോദ്യം.
‘എന്തിനേ എന്നെയൊരു പെണ്കുട്ടിയാക്കീതെന്ന് ആണ്കുട്ടിയാക്കാരുന്നില്ലേന്ന്.”
ഒച്ചവയ്ക്കാതെ അവളൊന്നു കരഞ്ഞെന്നു തോന്നി.
ഞാനത്ഭുതത്തോടെ അവളെ നോക്കി. എന്റെ വാക്കുകള്‍ വറ്റി. ഉള്ളിലൊരാധിയായ് വിങ്ങി. ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിക്കേ, വീറോടെ അവള് തുടരുകയാണ്.
‘നോക്കസ്ത്രങ്ങളേറ്റു പിടഞ്ഞുവീഴാന്‍ എനിക്കാവതില്ലെന്ന്… നോട്ടംകൊണ്ട് നഗ്നയാക്കി മനസ്സുകൊണ്ട് ഭോഗിക്കപ്പെടാന്‍ തനിക്ക് മനസ്സില്ലെന്ന്… അന്യന്റെ വേര്‍പ്പും ഉമിനീരും തനിക്കറപ്പാണെന്ന്… ഓര്‍മയുടെ വേനല്പ്പറമ്പുകളില്പ്പോലും ആസക്തിയുടെ കൊടുമുടികളിലേക്ക് പടരാനെനിക്ക് പേടിയാണെന്ന്… പിന്നെ, ഉയിരിന്റെ വേദനകളെ ഉടലിലേക്ക് പടര്ത്താനെനിക്കാവില്ലെന്ന്… അവള് കണ്ണുകള്‍ ഇറുക്കെയടച്ചു. വല്ലാതെ ഒന്നണച്ചു. പിന്നെ ഒരു തേങ്ങലിലേക്കു വഴുതി വീണു.
ഒട്ടും തന്നെ അയവില്ലാത്ത അവളുടെ നിലപാടിലേക്ക് ഞാന്‍ തുറിച്ചുനോക്കി. എന്റെ നെഞ്ചിലേക്ക് കടലുപ്പു കിനിഞ്ഞിറങ്ങി. കുറ്റബോധത്തിന്റെ മേല്‍വിരിപ്പുള്ള ഒരു ചിരികൊണ്ട് ഞാനവളെത്തടഞ്ഞു. ആ വാക്കുകളില്‍ ഒരു നിലവിളി അമര്‍ന്നു തീരുന്നത് ഞാനറിഞ്ഞു.
ഭ്രാന്തുപിടിപ്പിക്കുന്ന ചില കാഴ്ചത്തുണ്ടുകളെ ചേര്‍ത്തുവയ്ക്കുമ്പോള്‍ നിന്നെക്കാണാനെനിക്കാകുന്നുവെന്ന് സ്വയം ആശ്വസിച്ചു. അമ്മിഞ്ഞമണമുള്ള കുഞ്ഞുകളിപ്പാട്ടങ്ങളില് പടരുന്ന ചോരച്ചുവപ്പ്… മാംസത്തിന്റെ താഴ്വാരങ്ങളിലൂടെ പുളഞ്ഞൊഴുകുന്ന ആസക്തിയുടെ വക്കുടഞ്ഞ മര്‍മ്മരങ്ങള്‍… മേലാകെ പൊള്ളിപ്പടര്‍ന്ന കാമത്തിന്റെ തീത്തരിച്ചൂട്… ഒക്കെ അറിയുന്നുണ്ട് കുഞ്ഞേ.
പൊട്ടിക്കരച്ചിലിന്റെ ഓളങ്ങള്‍ താണ്ടി, മയക്കത്തിന്റെ ആഴച്ചുഴികളിലേക്ക് വഴുതി വീഴുമ്പോള്‍, പാതിയടഞ്ഞ കണ്ണുകളില്‍ കുടുങ്ങിക്കിടന്ന ചില അവസാന ദൃശ്യങ്ങള്‍… അതും കാണുന്നുണ്ട്.
അവളുടെ വാക്കുകള്‍ എന്റെ മനസ്സില്‍ രൂപംപ്രാപിച്ചു തുടങ്ങിയപ്പോള്‍ കൃത്രിമമായ ശാന്തതയോടെ ഞാനവളെ ഒന്നുകൂടി നോക്കി. തുലാവര്ഷക്കരിമേഘങ്ങള് ഇരുള് മൂടിക്കഴിഞ്ഞ ക്യാന്‍വാസില്‍ അവളപ്പോള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുകയായിരുന്നു. കണ്ണീര് വീണ് ചായക്കൂട്ടുകള്‍ പടര്‍ന്നലിഞ്ഞു. പതിയെപ്പതിയെ അവള് മുഖമില്ലാത്തവളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: