പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ സെന്‍സിറ്റീവായ 91 ബൂത്തുകളും 21 വള്‍നറബിള്‍ ബൂത്തുകളും ഉള്‍പ്പെടെ 112 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എസ്. ഹരികിഷോര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സുരക്ഷാ നടപടിക്രമങ്ങള്‍ വിലയിരുത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആകെ 106 സെന്‍സിറ്റീവ് ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 15 ഇടത്ത് ബിഎസ്എന്‍എല്‍ കണക്ടിവിറ്റി ഇല്ലാത്തതിനാല്‍ നിരീക്ഷണത്തിനായി ഒരു മൈക്രോ ഒബ്സര്‍വറെയും വീഡിയോഗ്രാഫറെയും നിയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളെയും അടൂര്‍, പത്തനംതിട്ട, തിരുവല്ല എന്നിങ്ങനെ മൂന്നു പോലീസ് സബ് ഡിവിഷനുകളായി തിരിച്ച് സുരക്ഷ ഉറപ്പുവരുത്തുത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ടി. നാരായണന് പറഞ്ഞു. പ്രശ്നസാധ്യതയുള്ള സ്ഥലങ്ങളില്‍ നിരീക്ഷണവും പട്രോളിംഗും നടത്തി വരുകയാണ്. പട്രോളിംഗിനായി പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് സുരക്ഷ ഉറപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള ലഘുലേഖ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കും. സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലയില്‍ എത്തിയിട്ടുള്ള കേന്ദ്ര സേനയുടെ സേവനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ സുരക്ഷാ പദ്ധതി ജില്ലാ പോലീസ് മേധാവി വിശദീകരിച്ചു.
സുരക്ഷ സംബന്ധിച്ച് അലംഭാവവും മുന്‍വിധിയും പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോലീസ് നിരീക്ഷകന് പി.കെ. മിശ്ര നിര്‍ദേശിച്ചു. . മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ക്കൊണ്ടു വരണമെന്നും പോലീസ് നിരീക്ഷകന് പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിരീക്ഷകരായ ഡോ.എന്‍. വിജയലക്ഷ്മി, റാം കെവാല്‍, ഇലക്ഷന് ഡെപ്യുട്ടി കളക്ടര്‍ ഐ. അബ്ദുള്‍ സലാം, കേന്ദ്ര സേനയുടെ പ്രതിനിധി പരസ്, റിട്ടേണിംഗ് ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: