റാന്നി: മത ന്യൂനപക്ഷങ്ങളുടെ വോട്ടു തട്ടാനാണ് ഇടതു, വലതു മുന്നണികള്‍ മതേതരത്വം പറയുന്നതെന്ന് ബിഡിജെഎസ് ദേശീയ അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി പറഞ്ഞു. റാന്നി നിയമസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. പത്മകുമാറിന്റ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇടതു-വലതു മുന്നണികളുടെ കപട രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയും. മത തീവ്രവാദം പറയുന്ന മദനിയെയടക്കം ഒപ്പമിരുത്തിയാണ് സിപിഎം മതേതരത്വം പറയുന്നത്. മുസ്ളീം ലീഗിനെയും കേരള കോഗ്രസുകളെയും കൂടെക്കൂട്ടുകയാണ് കോണ്‍ഗ്രസിന്റെ മതേതരത്വം. എന്നാല്‍ എല്ലാവര്ക്കും തുല്ല്യനീതിയെന്നതാണ് എന്‍ഡിഎ യുടെ നയം. നരേന്ദ്രമോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പാക്കുന്നതുമായ പദ്ധതികള്‍ എല്ലാവര്ക്കും വേണ്ടിയാണ്. കേരളത്തിന്റെ കൃഷിയും സമ്പത്തുമെല്ലാം തകര്‍ത്ത ഇടതു, വലതു മുന്നണികള്‍ക്ക് ശക്തമായ മറുപടി കൊടുക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പ്. കേരളം ഭരിക്കാനാവശ്യമായ ഭൂരിപക്ഷം സീറ്റുകള്‍ ഇത്തവണ എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ആറുപതിറ്റാണ്ടിലേറെ ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടുണ്ടായ നേട്ടം 25 ലക്ഷം പേര്‍ക്ക് കേറിക്കിടക്കാന്‍ കൂരയില്ല എന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആറന്മുള നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എം.ടി.രമേശ് പറഞ്ഞു. റാന്നിയിലെ എന്‍ഡിഎ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചാല്‍ മൃതദേഹം അടക്കം ചെയ്യാന്‍ സ്വന്തമായി ആറടി മണ്ണ് എല്ലാവരുടേയും സ്വകാര്യ ആവകാശമാണ്. എന്നാല്‍ കേരളത്തില്‍ അതും നിഷേധിക്കുന്ന സ്ഥിതിയാണ്. പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏറെപ്പേരും ഇന്നും കേറിക്കിടക്കാന്‍ കൂരയില്ലാതെ കടത്തിണ്ണകളേയും റോഡ് പുറമ്പോക്കുകളേയും ആശ്രയിക്കുന്നു. മരിച്ചാല്‍ അടക്കം ചെയ്യാന്‍ അടുക്കള പൊളിക്കേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ ആറുപതിറ്റാണ്ടുകൊണ്ട് സിപിഎമ്മും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന ഇടതു വലതു മുന്നണികളുടെ ഭരണം കേരളത്തിന് നല്കിയ നേട്ടം ഇതാണ്. പെരുമ്പാവുരില്‍ ദളിത് പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും കേരളത്തിലെ സാംസ്കാരിക നേതാക്കന്മാര് ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ ആരും പ്രതികരണവുമായി രംഗത്ത് എത്തിയില്ല. താമ്രപത്രങ്ങളാരും തിരിച്ചു നല്കി കണ്ടില്ല. ഈ സംഭവം ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നെങ്കില്‍ കേരളത്തിലുണ്ടാകുന്ന രാഷ്ട്രീയ പുകിലുകളൊന്നും ഇപ്പോള്‍ കാണാനില്ല. ഈ രാഷ്ട്രീയ തട്ടിപ്പ് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: