ഓരോ രണ്ടു വര്‍ഷത്തിനുശേഷവും ചൊവ്വയും ശനിയും ഒരേ രാശിയില്‍ ഏഴുമാസത്തോളം യോഗം ചെയ്യും. പൊതുവേ ‘അഗ്നിമാരുതയോഗം’ എന്നു പറയുന്ന ഈ സ്ഥിതി, ജ്യോതിശാസ്ത്ര രാശിസ്വഭാവം അനുസരിച്ച് ദൂരവ്യാപകമായ ഫലങ്ങള്‍ ലോകത്തുണ്ടാക്കുന്നു. കാലാവസ്ഥയിലും അതിന്റെ സ്വാധീനം കാണാം. ചില ഭാഗങ്ങളില്‍ അമിതോഷ്ണവും ചിലയിടത്ത് അതിവൃഷ്ടിയും, ഭൂകമ്പവും, വന്സ്ഫോടനങ്ങളും, കര-വായൂ യാത്രാ ദുരന്തങ്ങളും ഒക്കെ സാധാരണയിലും കവിഞ്ഞ് ലോകം അക്കാലങ്ങളില്‍ അനുഭവിക്കും. രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ തകരും, പുതിയവ ഉദയം കൊള്ളും.
ഇത്തവണ ഈ യോഗം വൃശ്ചികത്തിലാണ് ഉണ്ടായിരിക്കുന്നത്. വൃശ്ചികത്തിലെ കുജമന്ദയോഗം കഴിഞ്ഞ രണ്ടു തവണയും വലുതായ മാറ്റം ലോകചരിത്രത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്. 1927-ല്‍ ലിയോണ്ട്രോട്സ്കിയെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും നിഷ്കാസനം ചെയ്ത് സോവ്യറ്റ് റഷ്യയുടെ പൂര്‍ണ്ണ നിയന്ത്രണം ഇയോസോവിച് സ്റ്റാലിന് ഏറ്റെടുക്കുന്നത് അത്തരമൊരു വൃശ്ചിക, കുജമന്ദയോഗ കാലത്താണ്. തുടര്‍ന്നാണ് മുപ്പതുകളുടെ മദ്ധ്യത്തില്‍ കുപ്രസിദ്ധമായ ‘ശുദ്ധീകരണ’ ((the great purge) പ്രക്രിയയിലൂടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ പൈശാചിക മുഖം ലോകത്തിനു കാണിച്ചു കൊടുക്കുന്നത്. അക്കാലത്ത് ഹിറ്റ്ലര്‍ കൊന്നൊടുക്കിയതിലുമെത്രയൊ അധികം സാധാരണക്കാരെയാണ് സ്റ്റാലിന് ഉന്മൂലനം ചെയ്തത്.
ആ കാലത്തു തന്നെയാണ് ന്യൂറംബര്‍ഗ് റാലിയിലൂടെ ഹിറ്റ്ലര്‍ ജര്‍മ്മനിയുടെ സമ്പൂര്‍ണ്ണ അധികാരം നേടുന്ന പ്രക്രിയക്ക് തുടക്കമിടുന്നതും. മുപ്പതു വര്‍ഷത്തിനു ശേഷം, 1956 ജനുവരിയില്‍ ആവര്‍ത്തിക്കപെട്ട ആ യോഗം മാര്‍ക്സിസം ലെനിനിസത്തെ; അതിന്റെ പ്രയോഗപരതയില് സ്റ്റാലിനിസത്തെ, പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. വര്‍ഗ്ഗ സമരം എന്ന കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയത്തെ പിഴുതുമാറ്റി വര്‍ഗ്ഗ സഹകരണം എന്ന പുത്തന്ദര്ശനത്തെ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നതും അക്കാലത്താണ്.
സ്റ്റാലിന്റെ മൃതദേഹം അനാഥ യാചകന്റെ പരിഗണന പോലും കിട്ടാത്തവിധം ക്രംലിനിലെ ചേരികളിലെങ്ങോ കുഴിച്ചു മൂടപ്പെട്ടത് ചരിത്രം. കൃത്യം മുപ്പതു വര്‍ഷത്തിനുശേഷം അതേ രാശിയില്‍ അവരൊത്തു കൂടിയപ്പോള്‍ സംഭവിച്ചത് കുറേക്കൂടി ആഴത്തിലുള്ള മാറ്റമാണ്. കമ്മ്യൂണിസം എന്ന ലോക കണ്ടകനെ റഷ്യയുടെ ചരിത്രത്തില്‍നിന്നു മാത്രമല്ല ലോകത്തുനിന്നു തന്നെ നിഷ്കാസനം ചെയ്യുംവിധം മിഖായേല്‍ ഗോര്‍ബച്ചേവ് ഗ്ലാസ്നോസ്തും പെരിസ്ത്രോയിക്കയും പ്രഖ്യാപിക്കുന്നത് ആ വര്‍ഷമാണല്ലോ. തുടര്‍ന്ന് സോവ്യറ്റ് റഷ്യ എന്ന തൊഴിലാളിവര്‍ഗ്ഗ സാമ്രാജ്യം ചരിത്രത്തിന്റെ ഏടുകളിലേക്ക് പിന്‍വാങ്ങി. ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തകര്‍ച്ചയ്ക്കും അതു കാരണമായി എന്നത് നിസ്തര്‍ക്കം. വീണ്ടും മൂന്നു പതിറ്റാണ്ടുകള്‍ കഴിയുന്നു, ചൊവ്വയും ശനിയും വൃശ്ചികത്തില് ഒത്തുകൂടിയിരിക്കുന്നു. മാര്‍ക്സിസവും കമ്മ്യൂണിസവും ഇന്നു ചരിത്രത്തിലെ കറുത്ത ഹാസ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും പുനര്‍നിര്‍മ്മിക്കാനോ തുടച്ചു നീക്കാനോ ഇല്ലാത്തവിധം ആ പ്രസ്ഥാനം അഗണ്യകോടിയിലേക്ക് തള്ളപ്പെട്ടു കഴിഞ്ഞു.
ചൊവ്വ ഒരാഗ്നേയ ഗ്രഹം ആകുന്നു. പോലീസ്, പട്ടാളം തുടങ്ങിയ സൈനിക ശക്തികളെ അതു പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ അതു യുദ്ധത്തിന്റെയും, സായുധ ആക്രമണങ്ങളുടെയും ഗ്രഹമാണ്. ഹിംസാത്മകമായ ബലപ്രയോഗങ്ങള്‍, സൈനിക, രാഷ്ട്രീയ അട്ടിമറികള്‍, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ബലാല്‍സംഗം, എന്നു വേണ്ട കുറ്റകൃത്യങ്ങളുടെ എല്ലാ മേഖലകളും ചൊവ്വയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ആധുനിക കാലത്തെ മതഭീകരവാദവും ഗറില്ലായുദ്ധങ്ങളും ചാവേര്‍ സ്ഫോടനങ്ങളും അഗ്നിബാധകളും വൈമാനിക ദുരന്തങ്ങളും ചൊവ്വയുടെ കണക്കില്പ്പെടുത്തേണ്ടതുണ്ട്.
ശനി വായവ്യ (വായുവിനെ സൂചിപ്പിക്കുന്നത്) ഗ്രഹം ആണ്. മൂന്നു ‘ഡി’ കളുടെ ഗ്രഹം എന്നുകൂടി സാമാന്യമായി ശനിയെ ക്കുറിച്ച് പറയണം. ഡെത്ത് (മരണം), ഡിക്ടേറ്റര്‍ (ഏകാധിപതി), ഡെമോക്രസി (ജനാധിപത്യം). ദേശീയ ദുരന്തങ്ങളും കലാപങ്ങളും ജനകീയ സമരങ്ങളും തൊഴിലാളി സംഘടനകളും എന്നുവേണ്ട സാമാന്യ ജനതയ്ക്ക് ദുഃഖകരമായതെല്ലാം ശനിയുടെ സൂചകങ്ങളാണ്.
അങ്ങനെ ദുരന്തദുഃഖാദികളില് പരസ്പരപൂരകമാണ് ശനിയും ചൊവ്വയും. വൈദിക ജ്യോതിഷത്തില്‍ ചൊവ്വ, ഭൂമി പുത്രനാണ്. രാശിചക്രത്തിലെ ആദ്യരാശിമേടം ചൊവ്വയുടെതാണ്. അഷ്ടമം എന്ന (വൃശ്ചികം) ചൊവ്വയ്ക്ക് ആധിപത്യമുള്ളതാണ്. മേടം ശനിയുടെ നീചരാശിയാണ്. അഷ്ടമത്തിന്റെ,ആയുസ്സിന്റെ(അതുകൊണ്ടുതന്നെ മരണത്തിന്റെയും)കാരക ഗ്രഹമാകുന്നു ശനി.
ചൊവ്വ അഗ്നിയുടെയും അക്രമത്തിന്റെയും ഗ്രഹം ആണെന്ന് പറഞ്ഞുവല്ലോ. അതു വക്രാവസ്ഥയില് ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സന്ദര്‍ഭങ്ങളിലെല്ലാം കൊടും വരള്‍ച്ചക്ക് ഭൂമി വിധേയമാകുന്നു. രണ്ടായിരാമാണ്ടിന്റെ ആരംഭത്തില്‍ അത്തരമൊരു ഘട്ടത്തില്‍ ചരിത്രത്തില്‍ സമാനതകളില്ലാത്തവിധം യൂറോപ്യന്‍ രാജ്യങ്ങള്‍ വരള്‍ച്ചയിലും കാട്ടുതീയിലും വലഞ്ഞത് നമുക്കറിയാം. അതിനു മുമ്പ് സദ്ദാമിന്റെ കുവൈറ്റ് അധിനിവേശവും യുഎന്നിന്റെ ഇറാക്ക് ഉപരോധവും സംഭവിച്ചത് അത്തരമൊരു സമയത്താണ്. ഇപ്പോള്‍ നാം അനുഭവിച്ചു തുടങ്ങിയതും വരും മാസങ്ങളില്‍ ഇനിയും രൂക്ഷമായി അനുഭവിക്കാനിരിക്കുന്നതും ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തു വന്നിരിക്കുന്ന, ശനിയോട് വൃശ്ചികത്തില് യോഗം ചെയ്തിരിക്കുന്ന, ഈ വര്‍ഷമാണ്. വീണ്ടും, ആ ദുരന്തത്തിന്റെ വ്യാപ്തി എന്താകുമെന്നറിയാന്‍ റഷ്യയെത്തന്നെ കൂട്ടു പിടിക്കാം.
കൃത്യം മുപ്പതു വര്‍ഷം മുമ്പേ ഇത്തരമൊരു ഏപ്രിലിലാണ് ദശലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ച, ലോകമെങ്ങും വ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയ ചെര്‍ണോബില്‍ അണുനിലയ ദുരന്തം ഉണ്ടാകുന്നത്. ആ വര്‍ഷാദ്യം തന്നെ, വൃശ്ചികത്തിലെ കുജ-ശനിയോഗം ഭൂമിയെ ബാധിച്ചു തുടങ്ങിയിരുന്നു. അമേരിക്കയുടെ സ്പേസ് ഷട്ടില്‍, ചലഞ്ചര്‍ ദുരന്തവും ആ വര്‍ഷാദ്യമായിരുന്നു എന്നോര്‍ക്കുക.
വൃശ്ചികത്തിലെ അഗ്നിമാരുത (കുജ-ശനി)യോഗത്തെക്കുറിച്ച് അല്‍പ്പം ധാരണ നല്‍കാനാണ് ഇത്രയും ഉദാഹരിച്ചത്. ഇവിടെ അതുമാത്രമല്ല പരിഗണിക്കേണ്ടത്. ഈ കുജ-ശനി യോഗത്തിനു ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ കണ്ടെത്താനാവാത്ത വിധം ധാരാളം സവിശേഷതകളുണ്ട്. മുമ്പെങ്ങും അനുഭവിക്കാത്തത്രയും കൊടും ചൂടില്‍ വേവുന്ന നാം അതു മനസിലാക്കേണ്ടതുണ്ട്. ജ്യോതിഷം എന്നത് ഒരു വ്യക്തിയുടെ ജാതകം വിശകലനം ചെയ്യാനും ഭാവി അറിയാനും മാത്രമുള്ള ഉപാധിയല്ല. അതിന് മനുഷ്യകുലത്തെ തന്നെ വന്‍ദുരന്തങ്ങളില്‍നിന്നു രക്ഷിക്കാനുള്ള സൂചനകളും നല്‍കാനാവും, വേണ്ട രീതിയില്‍ സമീപിക്കുകയും ഉപയോഗിക്കുകയും ചെയ്യുമെങ്കില്‍.
വളരെ അപൂര്‍വ്വമായ ഒരു ഗ്രഹയോഗമാണ് വൃശ്ചികത്തിലെ കുജ-മന്ദയോഗത്തോടൊപ്പം ഇത്തവണ സംഭവിക്കാനിരിക്കുന്നത്. വൃശ്ചികത്തിലെ ആ യോഗകാലത്ത്, അതിന്റെ പത്താം ഭാവത്തില്‍ വ്യാഴവും രാഹുവും നാലില്‍ കേതുവും ഉണ്ട്. മെയ് 14 മുതല്‍ സൂര്യനും തുടര്‍ന്ന്! ബുധശുക്രന്മാരും അവക്കേഴില് വരും. ജൂണ്‍പത്തിന് ചിങ്ങത്തില് ചന്ദ്രന്‍കൂടി എത്തുന്നതോടെ നവഗ്രഹങ്ങളുടെയും പരസ്പര ചതുരശ്ര കേന്ദ്രസ്ഥിതിക്ക് ലോകം സാക്ഷിയാവും. മുന്‍കാലങ്ങളില്‍ ഇത്തരം ഒരവസ്ഥ ഉണ്ടായിരുന്നോ എന്നറിഞ്ഞുകൂടാ. അതുകൊണ്ടു തന്നെ അതെത്രമാത്രം ദുരന്തപൂര്‍ണ്ണം ആയിരുന്നു എന്നും പറയാന്‍വയ്യ. എങ്കിലും ഏതാണ്ടതിനു സമാനമായ സ്ഥിതി, 1945 ജനുവരിയിലെ സൂര്യസംക്രമത്തിനു തൊട്ടുമുമ്പ് സംഭവിച്ചിരുന്നു. അവിടെ ശുക്രനൊഴികെയുള്ള എട്ടുഗ്രഹങ്ങളും പരസ്പര കേന്ദ്രങ്ങളില്‍ ആയിരുന്നു. തുടര്‍ന്ന് സംഭവിച്ച ലോകയുദ്ധത്തിലെ മൃതികളുടെ കണക്ക് പോകട്ടെ, മറക്കാതിരിക്കേണ്ടത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും വന്സ്ഫോടനങ്ങള്ത്തന്നെയാണ്.
നാമനുഭവിച്ചറിഞ്ഞ മറ്റൊരുദാഹരണംകൊണ്ട് അതുകൂടുതല്‍ വ്യക്തമാക്കാം. 2015 ഏപ്രില്‍ 25നു നേപ്പാളിനേ തരിപ്പണമാക്കിയ ഭൂകമ്പം ഓര്‍ക്കുക. അന്ന് കൊല്ലപ്പെട്ടത് ലക്ഷത്തിലേറെപ്പേരാണ്. കണക്കാക്കാനാവാത്തത്ര സാമ്പത്തിക നാശനഷ്ടങ്ങളും, പൗരാണിക സാംസ്കാര ചിഹ്നങ്ങളുടെ തകര്‍ച്ചയും നേപ്പാളിന് നേരിടേണ്ടി വന്നു.2015 മെയ് 15ന് വക്രശനിയുടെ സപ്തമത്തിലെ മൗഢ്യത്തോടെയുള്ള കുജനെയും, സൂര്യനെയും നോക്കുക. ഈ ജൂണ്‍ മൂന്നിനു സംഭവിക്കാനിരിക്കുന്നത് അതിനേക്കാള്‍ ഭീതിദമായ ഗ്രഹയോഗമാണ്. മനുഷ്യന് നിസ്സഹായനാകുന്ന ചില നിമിഷങ്ങള്‍ ഇവിടെയാണ്, അത്തരം ഗ്രഹയോഗങ്ങള്‍ക്ക് മുമ്പോ ശേഷമോ അതു സംഭവിക്കാം. അതെങ്ങനെ കണ്ടെത്താം എന്നിടത്ത് വിപുലമായ,ആത്മാര്‍ത്ഥമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. പക്ഷേ വൈദികമായ, ഹൈന്ദവമായ, ഭാരതീയമായ എല്ലാറ്റിനേയും പുച്ഛിയ്ക്കുന്ന, നിസാരവല്‍ക്കരിക്കുന്ന ഒരു സമൂഹത്തോട് നാമത് പറയുന്നതുകൊണ്ട് എന്താണ് പ്രയോജനം എന്നതാണ് പ്രശ്നം.
മേയ് 22 നു ചൊവ്വയും, ജൂണ്‍ മൂന്നിനു ശനിയും സൂര്യനുമായി പരസ്പര ദൃഷ്ടിയില്വരുന്നതും, ജൂണ്‍18 മുതല്‍ ജൂലൈ ഒമ്പതുവരെ നവാംശകത്തില്‍, ധനുശനിയെ മിഥുന കുജന് പരസ്പരം ദൃഷ്ടിചെയ്യുന്നതും,ജൂണ്‍ 18 മുതല്‍ ശനിയുമായുള്ള ഗ്രഹയുദ്ധത്തില്‍ പരാജിതനാകുന്ന കുജന് ഭയാക്രാന്തം എന്ന അവസ്ഥയില്‍ തെക്കോട്ട് ഗമിക്കുന്നതും, ആഗസ്റ്റ് 24നു അവര്‍ വൃശ്ചികത്തില്, വര്‍ഗ്ഗോത്തമാംശകത്തില്‍ എത്തുന്നതും വളരെയേറെ നിരീക്ഷണം അര്‍ഹിക്കുന്ന കാര്യമാണ്.
എന്തായിരിക്കും അവ നമുക്ക് നല്കുന്ന പാഠങ്ങള്‍,അഥവാ അനുഭവങ്ങള്‍…? നേരത്തെ പറഞ്ഞ നവഗ്രഹങ്ങളുടെ ആ ‘മൃത്യുചത്വര’ത്തില്‍നിന്നും ഒരു രാജ്യവും മുക്തമാകുന്നില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ ഭൂകമ്പങ്ങളോ അതിവൃഷ്ടിയോ കൊടും വരള്‍ച്ചയോ ബാധിക്കാനിടയില്ലാത്ത രാജ്യത്തെ കണ്ടെത്തുക ശ്രമകരമാണ്. അമേരിക്കയിലെ കൊളറാഡോ യൂണിവേഴ്സിറ്റിയിലെ ഭൗമശാസ്ത്രജ്ഞനായ റോജര്ബില്ഹാം നല്കുന്ന മുന്നറിയിപ്പ് ശ്രദ്ധേയമാണ്. കഴിഞ്ഞ മാര്‍ച്ച് അവസാനവും ഈ ഏപ്രില്‍ ആദ്യത്തിലുമായി ഇക്വഡോറിലും ജപ്പാനിലുമുണ്ടായ ഭൂകമ്പവും തുടര്‍ചലനങ്ങളും നിരീക്ഷിച്ച അദ്ദേഹം പറഞ്ഞത് റിക്ടര്‍ സ്കെയിലില്‍ എട്ടിലേറെ തീവ്രതയുള്ള നാല് ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്നാണ്.
പ്രധാനമായും ഹിന്ദുകുഷ് മേഖലയിലേയും ശാന്തസമുദ്രത്തിനടിയിലേയും പ്ലേറ്റുകളിലുണ്ടാകുന്ന മാറ്റമാണ് ഭൂകമ്പത്തിലും അഗ്നിപര്‍വ്വത സ്ഫോടനങ്ങളിലും കലാശിക്കുന്നത്. അവരാരും തന്നെ ഈ സംഭവങ്ങളെ ജ്യോതിഷ/ജ്യോതിശാസ്ത്ര ദൃഷ്ട്യാ സമീപിച്ചിട്ടില്ല. ഗ്രഹചലനങ്ങളുടെ അടിസ്ഥാനത്തില്‍ അവയെ നിരീക്ഷികാനും ശ്രമിച്ചിട്ടില്ല. എങ്കിലും ധാരാളം ജ്യോതിഷികള്കേവലം കുജ-ശനിയോഗങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം ലോകത്തിനു മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. നമുക്ക് അതിന്റെ മതപരവും രാഷ്ട്രീയവുമായ തലത്തെകൂടി പരാമര്‍ശിക്കാം.
കമ്മ്യൂണിസത്തിന്റെ ബാഹ്യചിഹ്നങ്ങള്‍ നിലനിര്‍ത്തി മുമ്പോട്ടു പോകുന്ന ഉത്തരകൊറിയയാണ് ഈ ചരിത്ര സന്ധിയില്‍ നിരീക്ഷണം അര്‍ഹിക്കുന്നത്. വൃശ്ചികത്തിലെ കുജ-മന്ദ യോഗം കമ്മ്യൂണിസ്റ്റ് റഷ്യയെ എങ്ങനെ നാശകോശമാക്കി എന്നു നമ്മള് കണ്ടു.ആ യോഗം അധികവും ഭൂമിയുടെ കിഴക്ക്, വടക്കുകിഴക്കന്‍ മേഖലയെയാണ് സ്വാധീനിച്ചത് എന്നതില്‍ നിന്നും വ്യക്തമാണല്ലോ. രണ്ടു കൊറിയകളും ജപ്പാന് ദ്വീപസമൂഹവും ഉള്‍ക്കൊള്ളുന്ന ആ ഭാഗത്തെത്തന്നെയാണ് മുമ്പ് പറഞ്ഞ ‘മൃത്യുചത്വരം’ ഏറ്റവുമധികം ബാധി ക്കുക. അതോടൊപ്പം മറ്റൊരു കാര്യംകൂടി അറിയുക. സൂര്യചന്ദ്രന്മാരും പഞ്ചതാരാഗ്രഹങ്ങളും ഇവിടെ രാഹുകേതുക്കളുടെ പിടിയിലാണ്. ജ്യോതിഷത്തില്‍ മ്ലേശ്ച ജനവിഭാഗങ്ങളെയാണ് അവ പ്രതിനിധാനം ചെയുന്നത്.
മദ്ധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ മതഭീകരതയും അവരര്‍ഹിക്കുന്ന വിനാശത്തിലേക്ക് എത്തുവാന്‍ ഈ യോഗം കാരണമാവും. പക്ഷേ രണ്ടിടത്തും സംഭവിക്കാന്‍ സാധ്യതയുള്ള ഒരു വിഷയം സൂചിപ്പിക്കാനാണ് ഹിരോഷിമയുടേയും നാഗസാക്കിയുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചത്, അണുവിസ്ഫോടനം! ഉത്തരകൊറിയയുടെ കാര്യത്തിലായാലും ഇസ്ലാമിക് ജിഹാദികളുടെ കാര്യത്തിലായാലും പ്രാകൃതവും വിനാശകാരിയുമായ അത്തരം ആയുധങ്ങളുടെ പ്രയോഗം ജനതതികളുടെ നേരെ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവുകയില്ല, അത്രമേല്‍ പ്രാണനാശം വരുത്തിവെക്കുന്നതാണ് ഈ നവഗ്രഹങ്ങളുടെ മൃത്യുചത്വരം.
ദുരന്ത പ്രവചനവുമായിനോസ്ത്രദാമസ്സും
പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്രഞ്ച് പ്രവാചകനായ നോസ്ത്രദാമസ്സും ഇത്തരമൊരു അഗ്നിമാരുതയോഗക്കാലത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവചന സമാഹാരമായ ‘സെഞ്ച്വറീസി’ല്‍ നാലാമത്തെ സെഞ്ച്വറിയില്‍ അറുപത്തി ഏഴാം ശ്ലോകത്തിലാണ് അത് പറയുന്നത്:
The year that Saturn and Mars are equal fiery,
The air very dry parched long meteor:
By secret fires, many places shall be burnt with heat,
There shall be scarcity of rain, hot winds, wars, wounds.
ശനിയും ചൊവ്വയും ഒരേപോലെ ആഗ്നേയമായിരിക്കുന്ന വര്‍ഷത്തില്‍ വരണ്ട ആകാശത്തെ തപിപ്പിച്ചുകൊണ്ട് ഒരു വാല് നക്ഷത്രം കടന്നു പോകും. നിഗൂഢാഗ്നികള്, ഉഷ്ണാധിക്യത്താല്‍ എരിയുമിടങ്ങള്, അനാവൃഷ്ടികള്, ഉഷ്ണമാരുതന്, യുദ്ധങ്ങള്‍,മുറിവുകള്‍…
ലേഖനത്തില്‍ പറയുന്ന അഗ്നിമാരുതയോഗം അഥവാ കുജ-ശനിയോഗത്തെയാണ് ആദ്യവരിയില്‍ നോസ്ത്രദാമസ് സൂചിപ്പിക്കുന്നത്. ചൊവ്വ മെയ് 22നും ശനി ജൂണ്‍ മൂന്നിനും ഭൂമിയോടേറ്റവും അടുത്തു വരുന്നു. തെക്കന്‍ ചക്രവാളത്തില്‍ പുലരും മുമ്പേ, അവയെ നഗ്ന ദൃഷ്ടിയാല്‍ കാണുകയും ചെയ്യാം. ലോകം മുമ്പെങ്ങുമനുഭവിക്കാത്തത്രയും വരള്‍ച്ചയും, മഴക്കുറവുമാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നോര്‍ക്കുക. പൊതു സ്ഥലങ്ങളിലെ അഗ്നിബാധ അനുഭവിച്ചുകൊണ്ടുമിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രവചനത്തെ സാധൂകരിക്കുംവിധം, മൂന്നു പതിറ്റാണ്ടിനിപ്പുറം, ഭൂമിയോടേറ്റവും അടുത്തായി, ലീനിയര്‍ എന്ന വാല് നക്ഷത്രം(Comet 252P/LINEAR-) മാര്‍ച്ച് അവസാനം, കടന്നുപോയതും. അതും കുജ-ശനികളുടെ അതേ സഞ്ചാര വഴിയില്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: