കൊച്ചി: വിഎസിന്റെ ആദര്‍ശം പൊള്ളത്തരമെന്ന് സിപിഎം അഴീക്കോട് സ്ഥാനാര്‍ത്ഥി നികേഷ് കുമാര്‍. ഓഹരി തട്ടിപ്പ് കേസില്‍ നികേഷ് കുമാറിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഡി ജി പി ക്ക് വി. എസ്. അച്യുതാനന്ദന് കത്ത് നല്‍കിയതിന് പിന്നാലെയാണ് നികേഷിന്റെ കടന്നാക്രമണം. നികേഷിന്റെ തട്ടിപ്പിനെതിരെ വിഎസ് നല്കിയ കത്ത് വിവാദം സിപിഎമ്മിന്റെ പ്രചാരണത്തെ ബാധിക്കുമെന്നുറപ്പായി.
ഇതോടെ വിഎസിനെതിരെ രൂക്ഷ ആരോപണങ്ങളുമായി നികേഷിന്റെ റിപ്പോര്‍ട്ടര്‍ ചാനല്‍ ഇന്നലെ രംഗത്തെത്തി. വാര്‍ത്ത വന്നതോടെ അഴീക്കോടും മലമ്പുഴയിലും സിപിഎം പ്രചാരണം മന്ദഗതിയിലായി. വിഎസിന്റെ ആദര്‍ശം പൊള്ളത്തരമാണെന്ന് മലമ്പുഴ മണ്ഡലത്തിലേക്ക് ചെന്നാല്‍ ബോധ്യമാകുമെന്ന് ചാനല്‍ പറയുന്നു. സ്വന്തം മണ്ഡലത്തെ വിഎസ് അവഗണിച്ചതായും ചാനല്‍ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ അപ്പോസ്തലനായി സ്വയം പ്രഖ്യാപിച്ച് നടക്കുന്ന വിഎസ് സ്വന്തം മണ്ഡലത്തിലെ പരിസ്ഥിതി മലിനീകരണ കമ്പനിക്കൊപ്പമാണെന്ന് ചാനല്‍ കുറ്റപ്പെടുത്തുന്നു. വിഎസിന്റെ ഇരട്ടത്താപ്പ് നയത്തില്‍ പ്രതിഷേധിച്ച് 1800 കുടംബങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നുവെന്ന വാര്‍ത്ത ഇന്നലെ നിരന്തരം പ്രക്ഷേപണം ചെയ്താണ് ചാനല്‍ വിഎസിനെതിരെ ആഞ്ഞടിച്ചത്.
എംഎല്‍എ എന്ന നിലയില്‍ വിഎസ് വന്‍ പരാജയമാണെന്ന് ജനങ്ങളുടെ പ്രതികരണം ഉള്‍പ്പെടുത്തി വാര്‍ത്തയും നല്കി. മലമ്പുഴയിലെ ഒരു പ്രമുഖ ഇരുമ്പുരുക്ക് കമ്പനി നടത്തുന്ന മലിനീകരണം കാരണം സമീപവാസികള്‍ക്ക് വീട് വിടേണ്ട അവസ്ഥയാണെന്ന് ചാനല്‍ പറയുന്നു. നിരവധി തവണ ജനങ്ങള്‍ വിഎസിന് നിവേദനങ്ങള്‍ നല്‍കിയെങ്കിലും അവഗണിക്കുകയാണെന്ന് ജനങ്ങള്‍ പ്രതികരിക്കുന്ന വാര്‍ത്ത വന്നതോടെ സിപിഎമ്മില്‍ ഒരു വിഭാഗം വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.
മലമ്പുഴയിലെയും അഴീക്കോടിലെയും വിഎസ് വിഭാഗം പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രതിഷേധം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇതിന് ഒരു തീരുമാനമായിട്ടെ ഇനി തങ്ങള്‍ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകൂവെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചു. വിഎസ് നികേഷിനെതിരെ ഡിജിപിക്ക് പരാതി അയച്ചത് അനവസരത്തിലായിപ്പോയെന്ന് പിണറായിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ചാനലില്‍ വന്ന വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും ഇതിന്റെ പിന്നില്‍ നികേഷ് മാത്രമാകാന്‍ വഴിയില്ലെന്നും വിഎസ് വിഭാഗം ആരോപിച്ചു. ഏതായാലും വരുംദിവസങ്ങളില്‍ മലമ്പുഴയിലും അഴീക്കോടിലും സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നുറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: