റിയാദ്: സൗദിയുടെ സാമ്പത്തിക, സാമൂഹിക രംഗങ്ങളില്‍ വന്‍ മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്ന സമഗ്ര വികസന രേഖയ്ക്കു സൗദി രാജാവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ അംഗീകാരം. സൗദി രണ്ടാം കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ‘വിഷന്‍ 2030’ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. കുറഞ്ഞ മുതല്‍ മുടക്കില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ മുഖ്യമായത് രാജ്യത്തെ ‘എണ്ണ അടിമത്തത്തില്‍’ നിന്നു മോചിപ്പിക്കുക എന്നതാണെന്ന് മുഹമ്മദ് രാജകുമാരന് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അറബ് വംശജര്‍ക്കും മുസ്ലിങ്ങള്‍ക്കും സൗദിയില്‍ ദീര്‍ഘകാലം താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രവാസികള്‍ക്കായി അഞ്ച് വര്‍ഷത്തിനകം ഗ്രീന്‍ കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തും. രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തുന്നതിനും വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും ഇത് സഹായകമാവും. 2020 ഓടെ നിലവിലെ എണ്ണ ആശ്രിത സമ്പദ്വ്യവസ്ഥയില് നിന്നു സൗദി അറേബ്യയ്ക്കു മോചനമുണ്ടാകുമെന്നും പുതിയ വികസന രേഖ വ്യക്തമാക്കുന്നു. അത്തരത്തിലുള്ള സാമ്പത്തിക പരിഷ്കരണത്തിനാണ് മുന്‍തൂക്കം. വിഷന്‍ 2030 പുതിയ ചരിത്രം സൃഷ്ടിക്കുമെന്നും സൗദി രാജകുമാരന്.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദിയുടെ ആരാംകോയെ വിവിധോദ്ദേശ്യ വ്യവസായ സമുച്ചയമാക്കി മാറ്റുമെന്ന സല്മാന് രാജാവിന്റെ പ്രഖ്യാപനം ലോകത്തുതന്നെ പുതിയ മാറ്റങ്ങളിലേക്ക് വഴിവെക്കുമെന്നാണ് പ്രതീക്ഷ. ആരാംകോയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കുമെന്നാണ് നിലവിലെ പ്രഖ്യാപനം. പത്തുലക്ഷം കോടി ഡോളറാണ് ഇതിന്റെ മൂല്യം. 26,000 കോടി ബാരല്‍ ക്രൂഡാണ് അവരുടെ കൈവശമുള്ള ശേഖരം. ഏതാണ്ട് നൂറ് എണ്ണപ്പാടങ്ങള്‍ സ്വന്തമായുള്ള ആരാംകോയെ ലോക വിപണിയില്‍ എണ്ണയ്ക്കുണ്ടായ തകര്‍ച്ച വളരെയധികം ബാധിച്ചിരുന്നു.
ബാരലിന് 130 ഡോളര്‍ വരെ ഉയര്‍ന്ന എണ്ണവില ഇപ്പോള്‍ 40 ഡോളറിനു താഴെ. ദേശീയ വരുമാനത്തിന്റെ എണ്പതു ശതമാനവും എണ്ണയെ ആശ്രയിച്ചായതിനാല്‍ എണ്ണയെ കൂടുതല്‍ കാലം ആശ്രയിക്കുന്നത് അബദ്ധമാകുമെന്ന തിരിച്ചറിവാണ് പുതിയ പരിഷ്കരണ പരിപാടിക്കു രൂപം നല്കാന് സൗദിയെ പ്രേരിപ്പിക്കുന്നത്. എണ്ണയെ ആശ്രയിക്കുന്നതില്‍ നിന്നു മാറി എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം. കഴിഞ്ഞവര്‍ഷം നല്കിയ സബ്സിഡിയില്‍ എഴുപതു ശതമാനവും സമ്പന്നര്‍ക്കാണ് ലഭിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സബ്സിഡികളും ഘട്ടംഘട്ടമായി നിര്‍ത്തുമെന്നും പ്രഖ്യാപനം.
നിതാഖത് നടപ്പാക്കുന്ന മേഖലകളിലുള്ള വിദേശീയര്‍ മറ്റു രംഗങ്ങളിലേക്കു മാറുകയോ, അല്ലെങ്കില്‍ രാജ്യം വിടുകയോ വേണമെന്നും നിര്‍ദ്ദേശമുണ്ട്. എണ്ണ വിലയില്‍ ഉണ്ടായിരിക്കുന്ന ഇടിവ് ഇനിയും തുടരുകയാണെങ്കില്‍ അഞ്ചു വര്‍ഷം കൊണ്ട് സൗദി ദരിദ്ര രാഷ്ട്രമാവുമെന്ന് ഐഎംഎഫ് ഇതിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വികസന രേഖ തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: