ആലപ്പുഴ: ഒരുമയും മഹിമയുമാണ് ഹിന്ദുധര്‍മ്മത്തിന്റെ കാതലെന്നും ഒന്നിപ്പിക്കലിന്റെ ധര്‍മ്മ മാണ് സനാതന ധര്‍മ്മം പഠിപ്പിക്കുന്നതെന്നും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല. ചിന്മയ ജന്മശതാബ്ദിയുടെ ഭാഗമായി ആലപ്പുഴ എസ്ഡിവി സ്കള് ഗ്രൗണ്ടില്‍ നടക്കുന്ന ഗീതാജ്ഞാനസത്രവേദിയില് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
പ്രകൃതിയെ സംരക്ഷിക്കാനുള്ള നേരറിവുകള്‍ ആചാരത്തിലൂടെയും അനുഷ്ഠാനത്തിലൂടെയും പഠിപ്പിച്ച ധര്‍മ്മാണ് ഹിന്ദുധര്‍മ്മം. സൃഷ്ടിയെ പരിപാലിച്ചാല്‍ മാത്രമേ പ്രകൃതിയെ സംരക്ഷിക്കാന്‍ കഴിയൂ. പ്രകൃതിയെ പൂജിക്കാന്‍ പഠിപ്പിച്ച ആചാര്യന്മാര് ഹിന്ദുധര്‍മ്മത്തിന്റെ അന്തഃസത്ത ഉള്ക്കൊണ്ടവരായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതു വൈവിദ്ധ്യങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതമാണ് ഹിന്ദുമതം.യൂണിഫോമിറ്റിയല്ല, യൂണിറ്റിയാണ് ഹിന്ദുധര്‍മ്മം ഉദ്ഘോഷിക്കുന്നത്. ശാസനയും ശിക്ഷണവും നിബന്ധനയും നിര്‍ബ്ബന്ധവുമില്ലാത്ത സനാതനധര്‍മ്മം ശോഷണമില്ലാതെ നിലനില്ക്കുന്നു. നിബന്ധനയും ശാസനയും ശിക്ഷണവുമുള്ള മതങ്ങള്‍ നിലനില്പിനായി പോരാടുകയാണ്. സ്വാതന്ത്ര്യബോധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പല മതങ്ങളും ലോകത്തിനു തന്നെ നാശം വിതയ്ക്കുന്ന സ്ഥിതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചിന് എല്‍. ഗിരീഷ്കുമാര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: