എറണാകുളം ജില്ലയില്‍ എറ്റവും ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് തൃപ്പൂണിത്തുറ. സ്ഥാനാര്‍ത്ഥിയുടെ മികവു കൊണ്ടും പ്രചരണ രംഗത്തുള്ള മേധാവിത്തം കൊണ്ടും ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ.തുറവൂര്‍ വിശ്വംഭരന് മുന്നേറുമ്പോള്‍ മുന്നണികള്‍ മുള്‍മുനയിലാണ്.
യുഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ കെ.ബാബു രംഗത്തുള്ളപ്പോള്‍ ഡിവൈഎഫ്ഐ നേതാവ് എം.സ്വരാജിനെ രംഗത്തിറക്കിയാണ് എല്‍ഡിഎഫ് പരീക്ഷണം നടത്തുന്നത്. കെ.ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സ്വന്തം പാര്‍ട്ടി പ്രസിഡന്റ് വരെ ശക്തമായ രംഗത്ത് വന്നതോടെ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് ഒറ്റപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തന് എന്ന ബാനറില്‍ മാത്രം സീറ്റ് ലഭിച്ച ബാബുവിനെതിരെ ശക്തമായ വികാരമാണ് മണ്ഡലത്തില്‍.
ബാര്കോഴയടക്കം നിരവധി ആരോപണങ്ങളില്‍പ്പെട്ട ബാബുവിനെ മാറ്റണമെന്ന പ്രദേശിക നേതൃത്വത്തിന്റെ വികാരം മറികടന്ന് പല സന്ദര്‍ഭങ്ങളിലും തന്റെ അവിഹിത ഇടപാടുകള്‍ക്ക് താങ്ങും തണലുമായ ബാബുവിന് വേണ്ടി ഉമ്മന്‍ ചാണ്ടി ഹൈക്കാമാന്റില് ഭീഷണി മുഴക്കി സീറ്റ് തരപ്പെടുത്തുകയായിരുന്നു.
പതിറ്റാണ്ടിലേറെയായി മണ്ഡലത്തെ പ്രതിനിധികരിക്കുന്ന, യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രി സ്ഥാനം ലഭിച്ചിട്ടും മണ്ഡലത്തെ മറന്ന ബാബുവിന് ഇനിയൊരവസരം നല്‍കേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലാണ് വോട്ടര്‍മാര്‍.
വിഷയത്തില്‍ ലക്ഷങ്ങളുടെ അഴിമതിയാരോപണം നേരിടുന്ന ബാബുവിനെ ഇതുവരെയും കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികളെ വിറപ്പിച്ച് ചരിത്ര വിജയമാണ് ബിജെപി നേടിയത്. ലോകസഭയില്‍ 24000 വോട്ടുകളാണ് ലഭിച്ചത്. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയില്‍ 13 സീറ്റുകള്‍ പിടിച്ചെടുത്ത് പ്രധാന പ്രതിപക്ഷമായി ബിജെപി മാറിയപ്പോള്‍ ഇരുമുന്നണികളുടെയും അടിത്തറ ഇളകി. നിരവധി വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി അവിടെയെല്ലാം തോറ്റത് നിസാര വോട്ടുകള്‍ക്കാണ്.
മന്ത്രി ബാബുവിന്റെ ഡിവിഷന് വരെ ബിജെപി പിടിച്ചെടുത്തിരുന്നു.
എല്‍ഡിഎഫിനെ സംബന്ധിച്ച് മത്സരിക്കാന്‍ കുപ്പായം തുന്നിയിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി.രാജീവിനെ കരയ്ക്കിരുത്തി വി.എസ്.വിരോധിയായ എം.സ്വരാജിനെ കളത്തിലിറക്കിയതോടെ മത്സര രംഗത്ത് നിന്ന് സിപിഎം പുറത്തായിക്കഴിഞ്ഞു. വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് പറഞ്ഞ യുവനേതാവിനെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. വി.എസിനെ പരസ്യമായി ആക്ഷേപിച്ച സ്വരാജിനെ പാഠം പഠിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് വി.എസ് അനുകൂലികള്‍.
ഉദയംപേരൂരില്‍ ഉയര്‍ന്നിട്ടുള്ള വിമത പ്രശ്നം പരിഹരിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. ബിജെപിയെ സംബന്ധിച്ച് ശക്തമായ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബിഡിജെഎസ് ഉള്‍പ്പടെയുള്ള എന്‍ഡിഎയിലെ ഘടകകക്ഷികളുടെ സാന്നിദ്ധ്യവും ബിജെപി സ്ഥാനാര്‍ത്ഥി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് തികഞ്ഞ ആത്മ വിശ്വാസം പകരുന്നു. മണ്ഡലത്തിലുടനീളമുള്ള ശിഷ്യസമ്പത്തും അദ്ദേഹത്തിന് ഗുണം ചെയ്യും.
സാമൂഹ്യ-സാംസ്്കാരിക രംഗത്ത് നിസ്വാര്‍ത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. 1943 സെപ്തംബര്‍ 4 ന് തുറവൂരിലാണ് ജനനം. മലയാളം,സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹം ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളും സ്വപ്രയത്നത്താല്‍ പഠിച്ചെടുത്തു. സാഹിത്യം, ഭാഷ, സംസ്കാരം എന്നീ മേഖലകളില്‍ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ള അദ്ദേഹം ഇന്ത്യന്‍ ഫിലോസഫിയെപ്പറ്റി പുസ്തകം രചിച്ചിട്ടുണ്ട്. ശ്രീരാമകൃഷ്ണന്, സ്വാമി വിവേകാനന്ദന്, സ്വാമി രംഗനാഥാനന്ദ എന്നിവരുടെ സംഭാവനകളെ കുറിച്ച് പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് എം.എ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കാസര്‍കോട്് സര്‍ക്കാര്‍ കോളജില്‍ മലയാളം വിഭാഗം ലക്ചററായാണ് ഔദേ്യാഗിക ജീവിതം ആരംഭിച്ചത്. എറണാകുളം മഹാരാജാസ് ഉള്‍പ്പെടെ ഒട്ടേറെ കലാലയങ്ങളില്‍ അധ്യാപകനായിരുന്ന അദ്ദേഹം കേരള സര്‍വകലാശാലയുടെ നിരവധി പാഠ പുസ്തകങ്ങള്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ പഠന സാമഗ്രികള്‍ തയാറാക്കുന്ന സമിതിയിലും അദ്ദേഹം അംഗമായിരുന്നു.
കുരുക്ഷേത്ര പ്രകാശന്റെ മാനേജിംഗ് ഡയറക്ടര്‍, കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ട്രസ്റ്റി, തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മഭൂമി ചീഫ് എഡിറ്റര്‍ ആയിരുന്നു. അദ്ദേഹം രചിച്ച മഹാഭാരത ദര്‍ശനം ഒരു പുനര്‍വായന എന്ന ഗ്രന്ഥം ഏറെ ശ്രദ്ധിക്കപ്പെട്ടു. അമൃത ടിവിയിലെ മഹാഭാരതത്തെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡ്, ഡോ. സി.പി.മേനോന് അവാര്‍ഡ്, അബുദാബി മലയാളി സമാജത്തിന്റെ കേരള സമാജം അവാര്‍ഡ്, മാതാ അമൃതാനന്ദമയീ മഠത്തിന്റെ അമൃതകീര്‍ത്തി പുരസ്ക്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: