ഇരിട്ടി (കണ്ണൂര്‍) : കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോത്ത് ആദിവാസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവം വിവാദമായതോടെ ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും എന്‍ഡിഎ സുല്‍ത്താന്‍ ബത്തേരി സ്ഥാനാര്‍ഥിയുമായ സി.കെ.ജാനു മരണപ്പെച്ച കുട്ടിയുടെ വീട് സന്ദര്‍ശിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ചെങ്ങോത്തു പൊരുന്നന്‍ രവിയുടെയും മോളിയുടെയും മകള്‍ ശ്രുതി(15) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേളകം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം തരാം വിദ്യാര്‍ത്ഥിനി ആയിരുന്നു ശ്രുതി. ശ്രുതി മരിക്കുന്നതിനു മുന്‍പ് എഴുതിവെച്ച കത്ത് കേളകം പോലീസിനു ലഭിച്ചിരുന്നു.
ശ്രുതി മരിക്കുന്ന സമയത്ത് വീട്ടില്‍ പിതാവിന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിതാവും മാതാവും കശുവണ്ടി തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കുന്ന തൊഴിലിനായി പോയിരിക്കുകയായിരുന്നു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടു നാട്ടില്‍ വിവിധ തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുകയും വിശപ്പ് സഹിക്കാനാവാതെയാണ് ആദിവാസി വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചതെന്ന രീതിയില്‍ ചില പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെച്ച് ജാനു കേളകത്ത് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തിയത്. സംഭവം സംബന്ധിച്ച് കേളകം പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. നിത്യ ജീവിതത്തിനും ഭക്ഷണ കാര്യങ്ങളിലും വീട്ടില്‍ യാതൊരു സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലെന്നും മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകളെ മരിക്കാന്‍ പ്രേരിപ്പിച്ച സാഹചര്യം എന്താണെന്നറിയില്ലെന്നും മാതാപിതാക്കള്‍ നേതാക്കളോട് പറഞ്ഞു.
വൈകുന്നേരം 5 മണിയോടെ കണിച്ചാറിലെ ശ്രുതിയുടെ വീട്ടില്‍ എത്തിയ സി.കെ. ജാനുവിനൊപ്പം പേരാവൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട്, വയനാട് ജില്ലാ ബിജെപി വൈസ് പ്രസിഡന്റ് വി.മോഹനന്, മഹിളാ മോര്‍ച്ച വയനാട് ജില്ലാ സിക്രട്ടറി രാധാസുരേഷ്, ബിജെപി കണ്ണൂര്‍ ജില്ലാ സിക്രട്ടറി കൂട്ട ജയപ്രകാശ്, മറ്റു നേതാക്കളായ എന്‍.വി. ഗിരീഷ്, പി.ജി. സന്തോഷ് എന്നിവരും ഉണ്ടായിരുന്നു. മരണമടഞ്ഞ വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി ഉള്‍പ്പെടെയുളള സംഘപരിവാര്‍ നേതാക്കളും ഇന്നലെ വൈകുന്നേരം സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: