തിരുവനന്തപുരം : ചെറിയ തുകയ്ക്കുള്ള മുദ്രപ്പത്രങ്ങള്‍ കിട്ടാനില്ലെന്ന പരാതിയില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് കെ.ബി.കോശി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
20, 50, 100 രൂപയ്ക്കുള്ള മുദ്രപ്പത്രങ്ങളാണ് കിട്ടാനില്ലാത്തത്. ജനന മരണ സര്‍ട്ടിഫിക്കറ്റിന് 20 രൂപയുടെ പത്രമാണ് വേണ്ടത്. ഇവ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടിലാണ് ആവശ്യക്കാര്‍.
ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് മുദ്രപ്പത്രങ്ങള്‍ ട്രഷറി വഴിയും താഴെയുള്ളവ വെണ്ടര്‍മാര്‍ വഴിയുമാണ് വിതരണം ചെയ്യാറുള്ളത്. സാധാരണക്കാര്‍ മുദ്രപ്പത്രങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കാറുള്ളത് വെണ്ടര്‍മാരെയാണ്. കാസര്‍ഗോഡ് മുതലുള്ള വെണ്ടര്‍മാര്‍ സ്റ്റോക്കെടുക്കാന്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റാമ്പ് ഡിപ്പോയിലെത്തണമെന്ന വ്യവസ്ഥ കാരണം വെണ്ടര്‍മാര്‍ സ്റ്റോക്കെടുക്കാന്‍ മടിക്കുന്നു.
ജില്ലാ ഭരണാധികാരികളുടെ മേല്‍നോട്ടത്തില്‍ സ്റ്റാമ്പ് ഡിപ്പോകള്‍ വഴി മുദ്രപ്പത്രവും സ്റ്റാമ്പ് വിതരണവും നടത്തിയാല്‍ പരാതിക്ക് പരിഹാരമാകുമെന്നാണ് പറയുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: