ബത്തേരി : വയനാടിന്റെ കാര്‍ഷികമേഖലയിലെയും പാരിസ്ഥിതിക മേഖലയിലെയും ആശങ്കകള്‍ പങ്കുവെച്ച് നടത്തിയ സെമിനാര്‍ ശ്രദ്ധേയമായി. ബത്തേരി മിന്റ് ഫഌവര്‍ ഓഡിറ്റോറിയത്തില്‍ ജന്മഭൂമിയുടെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് നല്ല വയനാട് നമ്മുടെ വയനാട് കാര്‍ഷിക ശില്‍പ്പശാല സംഘടിപ്പിച്ചത്.
സെമിനാര്‍ മില്‍മ ചെയര്മാന് കെ.ഗോപാലകുറുപ്പ് ഉദ്ഘാടനംചെയ്തു. എം.ബാലകൃഷ്ണന്(ജന്മഭൂമി കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തി. പള്ളിയറ രാമന് പുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ സോഷ്യല്‍ സയന്റിസ്റ്റ് ടി.ആര്.സുമ വിഷയാവതരണം നടത്തുന്നു
അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. പി.സി.ഗോപിനാഥ് മോഡറേറ്ററായിരുന്നു. വയനാട് പ്രകൃതി സംരക്ഷണസമിതി ജില്ലാസെക്രട്ടറി തോമസ് അമ്പലവയല്‍, എംഎസ് സ്വാമിനാഥന് ഫൗണ്ടേഷനിലെ സോഷ്യല്സയി ന്റിസ്റ്റ് സുമ.ടി.ആര് തുടങ്ങിയവര്‍ ക്ലാസെടുത്തു. കര്‍ഷകമോര്‍ച്ച ദേശീയസെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, സുരേഷ് താളൂര്‍(ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി), പ്രകൃതി സംരക്ഷണസമിതി ജില്ലാ പ്രസിഡണ്ട് എന്‍.ബാദുഷ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ വിപിന്‍ പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ പി.ടി.ഗോപാലകുറുപ്പ്, സുരേഷ് താളൂര്‍, ടി.ആര്.സുമ, പള്ളിയറ രാമന്, തോമസ് അമ്പലവയല്‍, അഡ്വ പി.സി.ഗോപിനാഥ് എന്നിവര്‍ക്ക് ജന്മഭൂമിയുടെ ഉപഹാരം സമ്മാനിച്ചു.
ക്ഷീരമേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സെമിനാര്‍ ഉദ്ഘാടനംചെയ്ത മില്‍മ ചെയര്മാന് പി.ടി.ഗോപാലകുറുപ്പ് ആവശ്യപ്പെട്ടു. മില്‍മയുടെ ഇടപെടല്‍ വയനാടന്‍ കാര്‍ഷിക മേഖലക്ക് പുതുജീവന്‍ പകര്‍ന്നതായും വയനാടന്‍ കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് കരകയറ്റാന്‍ മില്‍മയ്ക്ക് കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷികമേഖലയില്‍ എന്നപോലെ ക്ഷീരമേഖലയിലും തൊഴിലാളിക്ഷാമം രൂക്ഷമാണ്. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാളില്നിന്നുള്ളവരുമാണ് കാര്‍ഷികമേഖലയില്‍ തൊഴില്വൃത്തി ചെയ്യുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി ക്ഷീരമേഖലയിലേക്ക് വ്യാപിപ്പിച്ചാല്‍ ഈ മേഖലയിലെ തൊഴിലാളിക്ഷാമത്തിന് പരിഹാരമാകും. തൊഴിലുറപ്പ് പദ്ധതി രാജ്യത്തെ കാര്‍ഷിക മേഖലയ്ക്ക് മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ 2496രൂപയുടെ കാര്‍ഷിക പാക്കേജ് 2012-13ല്‍ നടപ്പാക്കിയിരുന്നു. ഈ തുക കാര്‍ഷികമേഖലയ്ക്കോ കര്‍ഷകര്‍ക്കോ ഗുണകരമായില്ലെന്നും തുക നഷ്ടപ്പെട്ടതിന്റെ ഉറവിടം കണ്ടെത്തേണ്ടതാണെന്നും മുഖ്യപ്രഭാഷണം നടത്തിയ ജന്മഭൂമി കോഴിക്കോട് ബ്യൂറോചീഫ് എം.ബാലകൃഷ്ണ ന് അഭിപ്രായപ്പെട്ടു. കാര്ഷികമേഖലയെകുറിച്ച് സമ്പൂര്‍ണ്ണ വികസന പദ്ധതി തയ്യാറാക്കണമെന്നും വരുംതലമുറ എങ്ങനെ ജീവിക്കണമെന്ന് കരുതിയുള്ള വികസനമാതൃകയാണ് രൂപപെടുത്തേണ്ടത്. അതിന് ജന്മഭൂമിയുടെ എളിയ കാല്‍വെപ്പാണ് നാല്‍പ്പതാം വാര്‍ഷികത്തില്‍ വയനാട്ടില്‍ നടത്തുന്ന കാര്‍ഷിക സെമിനാറെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന കാര്‍ഷിക പദ്ധതികള്‍ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥവൃന്ദമാണെന്നും ഇതിന് ഒരുമാറ്റം ജന്മഭൂമി സെമിനാറിലൂടെ ഉണ്ടാവണമെന്നും ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭരണസമിതയംഗം സുരേഷ് താളൂര്‍ അഭിപ്രായപ്പെട്ടു. പദ്ധതി ആസൂത്രണത്തില്‍ നാട്ടറിവും കര്‍ഷകന്റെ താല്‍പ്പര്യവും മണ്ണറിവുകളുമെല്ലാം ആവശ്യമാണ്. ജില്ലയില്‍ ഏറ്റവുംനല്ല രീതിയി ല്‍ കൃഷി ചെയ്യുന്നത് ഗോത്രവിഭാഗമാണ്. നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ പ്രതിഷേധമുയരണമെന്നും തരിശുഭൂമിയെ ഉപയോഗപ്രദമാക്കിമാറ്റുകയാണ് ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി ചെയ്യുന്നതെന്നും അദ്ദേഹംപറഞ്ഞു. വന്‍കിട കമ്പനികള്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ തുച്ഛമായ രൂപക്ക് കര്‍ഷകരില്‍നിന്നും വാങ്ങിച്ച് മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളാക്കിമാറ്റി വിപണിയിലെത്തിച്ച് ലാഭം കൊയ്യുന്നു. ഈ ലാഭം കര്ഷകന് ലഭ്യമാക്കാന്‍ ആവശ്യമായ സാഹചര്യമാണ് ഉണ്ടാകേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചരിത്രത്തില്‍ ആദ്യമായി കാര്‍ഷിക ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. ഭാരതത്തിലെ കര്‍ഷക നേതാക്കളെ വിളിച്ചുവരുത്തി ഒരുമണിക്കൂര്‍ സംവാദം നടത്തിയാണ് അദ്ദേഹം കാര്‍ഷികനയം പ്രഖ്യാപിച്ചതെന്നും കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍ പറഞ്ഞു. അരി വില്‍പ്പനചരക്കായിരുന്നില്ല വയനാട്ടില്‍; എന്നാല്‍ ഇന്ന് അരിക്കുവേണ്ടി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ വനവാസി ജനസംഖ്യ 50ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞെന്നും വനവാസികളുടെ തനത് സംസ്ക്കാരനിലനില്പ്പിലൂടെ മാത്രമേ കാര്‍ഷിക അഭിവൃദ്ധി കൈവരിക്കാനാകൂ എന്നും പുത്തൂര്‍വയല്‍ സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ സോഷ്യല്‍ സയന്റിസ്റ്റ് ടി.ആര്.സുമ അഭിപ്രായപ്പെട്ടു. വനവിസ്തൃതി കുറഞ്ഞുവരുന്നു. നെല്‍പ്പാടങ്ങള്‍ തരിശ്ശിടങ്ങളാകുന്നു. പുരാതനകാലത്ത് 50 രൂപക്ക് ഒരേക്കര്‍ കരസ്ഥലവും 500 രൂപക്ക് ഒരേക്കര്‍ വയലും വാങ്ങിയ കര്‍ഷകന്റെ കഥയും അവര്‍ ഓര്‍മ്മിപ്പിച്ചു. ഭക്ഷ്യോത്പ്പാദനത്തിന് എത്രത്തോളം പ്രാധാന്യമാണ് അന്ന് നല്‍കിയത് എന്നതിനുള്ള സൂചികയാണ് ഇതെന്നും അവര്‍ പറഞ്ഞു.
വയനാട്ടിലെ പാരിസ്ഥിതിക ആഘാതങ്ങള്‍ ചെറുക്കുന്നതില്‍ വയനാട് പ്രകൃതിസംരക്ഷണ സമിതിയോടൊപ്പം ജന്മഭൂമിയും എക്കാലത്തും സഹകരിച്ചിരുന്നതായി സമിതി ജില്ലാസെക്രട്ടറി തോമസ് അമ്പലവയല്‍ പറഞ്ഞു. വനവാസികള്‍ കാര്‍ഷികവൃത്തി ചെയ്ത് ജീവിച്ചിരുന്നവരാണ്. അവരുടെ ഭക്ഷ്യക്രമവും സംസ്ക്കാരവുമായിരുന്നു നമ്മള് പകര്‍ത്തേണ്ടത്. അന്യാധീനപ്പെട്ട ആദിവാസിഭൂമി വീണ്ടെടുത്ത് അവര്‍ക്ക് നല്കുവാനുള്ള കോടതി വിധി ഇരുമുന്നണികളും അട്ടിമറിച്ചു. തനത് ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കുന്നതിന് പകരം കുടിയേറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ പരിണിതഫലമായി കുന്നുകളും മലകളും ഇടിച്ചുനിരത്തി. സമതലങ്ങള്‍ മണ്ണിട്ടുനികത്തി. പാരിസ്ഥിതികാഘാതം പ്രപഞ്ചനാശമാണെന്ന തിരിച്ചറിവ് കുടിയേറ്റക്കാര്ക്കില്ലാതെപോയി. വനവാസികളെ ചതിച്ച് റേഷനരിയും മറ്റും നല്കി പരമ്പരാഗത സംസ്ക്കാരത്തി ല്‍നിന്ന് അവരെ അകറ്റി. ഇത് അവരുടെ വംശനാശത്തിന് വഴിയൊരുക്കി. വനവാസികളുടെ നിര്‍ബന്ധിത വന്ധ്യംകരണത്തെ പ്രകൃതി സംരക്ഷണ സമിതി നേരിട്ട് ചെറുത്തുതോല്‍പ്പിച്ചിരുന്നു. എടയ്ക്കല്‍ ഗുഹയിലെ പാറ പൊട്ടിക്കലിനെതിരെ പ്രകൃതിസംരക്ഷണ സമിതി നടത്തിയ സമരത്തിന്റെ മുന്‍നിരയില്‍ മുണ്ട്മടക്കികുത്തി അന്നത്തെ ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ.ജി.മാരാര്‍ പങ്കെടുത്ത സംഭവം അദ്ദേഹം അനുസ്മരിച്ചു. ഭരണപക്ഷം പ്രതിപക്ഷത്താവുമ്പോള്‍ മാത്രമാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് സസ്യലതാദികളാല്‍ സമ്പന്നമായ വയനാട് ഇന്ന് ഊഷര ഭൂമിയായി മാറിയിരിക്കുന്നു. അതിന്റെ പരിണിതഫലമാണ് വനവാസികളുടെ ആയുര്‍ദൈര്‍ഘ്യം നൂറില്‍നിന്ന് 45 ആയി കുറയാനിടയായതെന്നും ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന് സ്വാഗതപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ശീതീകരണ കാലാവസ്ഥ പ്രദാനം ചെയ്തിരുന്ന വയനാട്ടില്‍ ഇന്ന് ശീതീകരണ മുറികളില്ലെങ്കില്‍ താമസിക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും അദ്ദേഹംപറഞ്ഞു.
വയനാടിന് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് വനവാസി വികാസ കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷനും മുന്‍ സംസ്ഥാന കര്‍ഷകജ്യോതി അവാര്‍ഡ് ജേതാവുമായ പള്ളിയറ രാമന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ പി.സി.ഗോപിനാഥ് മോഡറേറ്ററായിരുന്നു. ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍.അയ്യപ്പന് സ്വാഗതവും അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ വി.കെ.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: