ല്‍പ്പറ്റ : മത്സ്യകൃഷിയുടെ മറവിലും മറ്റും ജില്ലയില്‍ നടന്നതും തുടരുന്നതുമായ മണല്‍ക്കൊള്ളകള്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിക്ക് പരാതി നല്കി.
സര്‍ക്കാരിനു കോടിക്കണക്കിനു രൂപയുടെ വരുമാനനഷ്ടത്തിനു കാരണമാകുന്ന മണല്‍ക്കൊള്ളകള്‍ കൊടിയ പരിസ്ഥിതിനാശത്തിനും കാരണമാകുന്നതായി പരാതിയില്‍ പറയുന്നു. മണല്‍ക്കൊള്ളയുമായി ബന്ധപ്പെട്ട മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ജനപ്രതിനിധികളില്‍ ചിലരുടേയും ഉദ്യോഗസ്ഥരുടേയും ഒത്താശയോടെയാണ് ജില്ലയില്‍ മണല്‍ക്കൊള്ള നടക്കുന്നത്. ബത്തേരി മുന്‍സിപ്പാലിറ്റിയിലെ അമ്മായിപ്പാലത്തും മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ കൊളവയല്‍ നെന്മേനിയിലും നടന്ന മണലൂറ്റ് ഇതിനുദാഹരണമാണ്. ഭരണാധികാരികളേയും ഉദ്യോഗസ്ഥരേയും സ്വാധീനിച്ചും വന്‍തുക കൈക്കൂലി കൊടുത്തും നിയമവിരുദ്ധമായി സമ്പാദിക്കുന്ന രേഖകള്‍ ഉപയോഗപ്പെടുത്തിയാണ് മണലൂറ്റ്.
അഴിമതിയുടെ ദുര്‍ഗന്ധം വമിക്കുന്നതാണ് റവന്യൂ, ജിയോളജി, മുന്‍സിപ്പല്‍, പഞ്ചായത്ത് കാര്യാലയങ്ങളില്‍നിന്നു മണല്‍ ഖനനത്തിനു നല്‍കിയിട്ടുള്ള അനുമതികള്‍.
കൊളവയലില്‍ പുഴയോരത്താണ് മണല്‍ ഖനനം നടന്നത്. പുഴയുടെ തിണ്ട് തകര്‍ത്താണ് മണല്‍ കടത്തുന്നതിനുവഴി വെട്ടിയത്. ഇതിനെതിരായ പോലീസ് നടപടികള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം തകൃതിയിലാണ്.
മണല്‍ ഖനനത്തിനുള്ള അനുമതികളും ഇതുമായി ബന്ധപ്പെട്ട അഴിമതിയും സംബന്ധിച്ച നിജസ്ഥിതി വെളിച്ചത്തുവരാന്‍ കുറ്റമറ്റ അന്വേഷണം ആവശ്യമാണെന്ന് പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: