കല്‍പ്പറ്റ : വോട്ടുചെയ്യുക എന്ന പൗരധര്‍മ്മത്തോടൊപ്പം മരം നട്ട് പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാവുക എന്ന വയനാടിന്റെ നൂതന ആശയമായ ‘ഓര്‍മ്മ മരം’ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് പടര്‍ന്നു പന്തലിക്കുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നവര്‍ക്കും 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടിലും പോളിങ്ങ് സ്റ്റേഷന് പരിസരത്തോ പൊതു സ്ഥലത്തോ നടുന്നതിന് രണ്ടു മരത്തൈ വീതം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് ‘ഓര്‍മ്മ മരം’ പദ്ധതി വിഭാവനം ചെയ്തിരുന്നത്. സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം തുടങ്ങിയ ചെടികളുടെ 15,000 മുതല്‍ 20,000വരെ തൈകള്‍ വിതരണം ചെയ്യാനാണ് ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന ശരാശരിയോളം ഉയര്‍ന്ന ജില്ലയിലെ അന്തരീക്ഷ താപനിലയും മഴയുടെ കുറവും വരള്‍ച്ചയും കുടിവെള്ളക്ഷാമവുമെല്ലാം കണക്കിലെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരം നടാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം തീരുമാനിക്കുകയായിരുന്നു.
പദ്ധതി നടത്തിപ്പില്‍ ജില്ലയുടെ മുക്കും മൂലയും വരെ പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് പദ്ധതി നവീകരിച്ചിട്ടുള്ളത്. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പോളിങ്ങ് ബൂത്തുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തൈവിതരണ കൗണ്ടറുകളിലൂടെ 10 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്ത് നടാനാണ് തീരുമാനം. പുതിയ വോട്ടര്‍മാര്‍ ലഭിക്കുന്ന തൈകളിലൊന്ന് പോളിങ്ങ് സ്റ്റേഷനില്‍ നടും. കൂടാതെ എല്ലാ വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും എന്‍.സി.സി/ സ്കൗട്ട് -ഗൈഡ്/ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, തൊഴിലുറപ്പ് അംഗങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ശുചിത്വമിഷന് വളണ്ടിയര്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ പൗരന്മാര്ക്കും തൈകള്‍ നല്‍കും. സാമൂഹ്യ വനവല്‍ക്കരണ വിഭാഗം, എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന്, കേരള ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, ഫോറസ്റ്റ് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍നിന്നും ആര്യവേപ്പ്, കൂവളം, മന്ദാരം, ഗുല്‍മോഹര്‍, രാജമല്ലി, മഹാഗണി, മണിമരുത്, നീര്‍മരുത്, വിവിധ തരം മുളകള്‍, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, പ്ലാവ്, മാവ്, പേര, ഇലഞ്ഞി, ഞാവല്‍, ആല്, അത്തി, പോംഗ്രനേറ്റ്, സില്‍വറോക്ക് തുടങ്ങിയ ചെടികളുടെ തൈകള്‍ ലഭ്യമാക്കും. എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷന് 10,000 തൈകള്‍ സൗജന്യമായി നല്‍കും. തൈകള്‍ സ്പോണ്സര് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ സ്പോണ്സര് ചെയ്യുന്ന ഇനം, എണ്ണം, നടാനുദ്ദേശിക്കുന്ന പ്രദേശം തുടങ്ങിയ വിവരങ്ങളും തൈകള്‍ ആവശ്യമുള്ളവര്‍ അതിന്റെ വിശദവിവരങ്ങളും ീൃാാമാമൃമാ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ രണ്ടു ദിവസത്തിനകം അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 04936 204151 ലും 1077 എന്ന ടോള്‍ ഫ്രീ നമ്പറിലും അറിയിക്കാം.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്ലാന്റേഷന്- റിസോര്‍ട്ട് -ക്വാറി ഉടമകള്‍, ഇതര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കൂടിക്കാഴ്ച നടത്തി. സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എ. അബ്ദുല്‍ നജീബ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍. അനിത കുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇലക്ഷന് കോഡിനേറ്റര്‍ കെ.എം ഹാരിഷ് പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: