കല്‍പ്പറ്റ: കടുത്ത വരള്‍ച്ചയില്‍ വയനാടന്‍ കാര്‍ഷിക മേഖല കരിഞ്ഞുണങ്ങുന്ന സാഹചര്യത്തില്‍ ഇവിടുത്തെ കൃഷി നാശം വിലയിരുത്തി കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ നടപടി ഉണ്ടാവാത്തതില്‍ ആശങ്കയിലാണ് കര്‍ഷകര്‍. വരള്‍ച്ചയുടെ തോതും നഷ്ടങ്ങളും വിലയിരുത്താന്‍ കേന്ദ്ര- സംസ്ഥാന ഉചിതമായ നടപടി സ്വീകരിക്കണമെന്നുമാണ് കാര്‍ഷിക മേഖലയില്‍ നിന്നുയരുന്ന ആവശ്യം. കൊടും ചൂടില്‍ വെന്തുരുകുകയാണ് വയനാട്. വരള്‍ച്ച തൊട്ട് തീണ്ടാത്ത ഒരു പ്രദേശവും ജില്ലയിലില്ല. ഇടക്ക് വേനല്‍മഴ പെയ്തെങ്കിലും വരള്‍ച്ചക്ക് ആശ്വാസമായിട്ടില്ല. ദുര്‍ബലമായ മഴയാകട്ടെ വരള്‍ച്ചയുടെ ആക്കവും ചൂടും വര്‍ധിപ്പിക്കുകയാണ്. വേനലില്‍ ജലാശയങ്ങള്‍ വറ്റുകയും ജലസേചനത്തിന് മാര്‍ഗമില്ലാതാവുകയും ചെയ്തതോടെ കൃഷികള്‍ കരിഞ്ഞുണങ്ങി. വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങളാണ് വരള്‍ച്ചയുടെ കെടുതികള്‍ ഏറ്റവുമധികം പേറുന്നത്.
കര്‍ണ്ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമങ്ങളില്‍ പച്ചപ്പെല്ലാം മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവിടുത്തെ വേനലിന്റെ ദുരന്ത കാഴ്ചകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാണ്. മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മാത്രമായി ഈ വര്‍ഷം ഇതുവരെ വരള്‍ച്ചയില്‍ നൂറ് ഹെക്ടറോളം സ്ഥലത്തെ കുരമുളക് കാപ്പി തുടങ്ങിയ കൃഷി നശിച്ചിട്ടുണ്ട്. ഏതാണ്ട് ഒന്നരക്കോടിയോളം രൂപയുടെ നാശം സംഭവിച്ചിട്ടുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇത്രെയൊക്കായായിട്ടും കൃഷി നാശം കണക്കാക്കാനോ വരള്‍ച്ചയുടെ തോത് വിലയിരുത്താനോ സര്‍ക്കാരും ജില്ലാ ഭരണകൂടവും മുതിര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് ഇതിന് തടസ്സമായി ഭരണാധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ പ്രശ്നത്തിന്റെ ഗൗരവം തിരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തുകയും ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുവാനും സര്‍ക്കാറിനും ജില്ലാ ഭരണകൂടത്തിനും കഴിയുമെങ്കിലും ഇക്കാര്യത്തില്‍ അധികൃതര്‍ അയഞ്ഞമട്ട് തുടരുന്നു. ഇതോടെ കര്‍ഷകര്‍ വിഷമസന്ധിയിലായി. ഈ സാഹചര്യത്തിലാണ് വിദഗ്ദ്ധസംഘം വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന മുറവിളി ശക്തമാകുന്നത്.
വരള്‍ച്ചാ കെടുതികള്‍ വിലയിരുത്താനായി പതിമൂന്ന് വര്‍ഷത്തിനിടെ രണ്ട് തവണ കേന്ദ്രസംഘം വയനാട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേന്ദ്രസംഘം വന്നത് 2014 ജൂണ്‍ 14നാണ്. അന്ന് മഴ പെയ്ത് വരള്‍ച്ചയുടെ അടയാളങ്ങളെല്ലാം നീങ്ങിയിരുന്നു. കേന്ദ്രസംഘം വന്ന് പോയതല്ലാതെ കാര്യമായ ഗുണമൊന്നും വയനാടിനുണ്ടായില്ല. ഇന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കൃഷി മന്ത്രി കെ.പി. മോഹനന്, ജില്ലയിലെ മന്ത്രി പി.കെ. ജയലക്ഷ്മി എന്നിവരടങ്ങുന്ന സംഘം 2013 ഏപ്രില്‍ ആറിന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുഖ്യമന്ത്രി വന്ന സമയത്തും മഴപെയ്തിരുന്നതിനാല്‍ വരള്‍ച്ചയുടെ രൂക്ഷത കുറഞ്ഞിരുന്നു. എങ്കിലും പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യന്ത്രിക്ക് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും വരള്‍ച്ചയെ പ്രതിരോധിക്കാനായി വയനാട്ടില്‍ ഹ്രസ്വ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതൊന്നും യാഥാര്‍ത്ഥ്യമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: