കോട്ടക്കല്‍: കാവതികളം മാറാക്കര ഭാഗങ്ങളിലായി തോടിന്റെ സുരക്ഷ ഭിത്തി നിര്‍മ്മാണവുമായി ബദ്ധപ്പെട്ട് ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനമായി.
ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് വില്ലേജിലെ എഫ്എബി രജിസ്റ്ററിലുള്ള പോലെ സ്ഥലം അളന്ന് സര്‍വ്വേകല്ലുകള്‍ സ്ഥാപിക്കുമെന്നും ഒരു കാരണവശാലും സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശം എത്തില്ലെന്നും സോയില്‍ സര്‍വേ ഓഫിസര്‍ സൂരജ് അറിയിച്ചു.
എന്നാല്‍ ഇതുകൊണ്ടൊന്നും പരിഹാരമാവില്ലെന്നും ഭാവിയില്‍ ഈ സ്ഥലം മറ്റു സ്വകാര്യ വ്യക്തികളുടെ കൈവശം എത്താന്‍ സാധ്യതയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.
തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും കര്‍ഷകര്‍ അറിയിച്ചു. കുറ്റിപ്പുറത്ത്കാവ് ക്ഷേത്രത്തിന് സമീപമുള്ള കുറ്റിപ്പുറം-ആലിക്കല്‍ കുടിവെള്ള പദ്ധതിയുടെ കിണര്‍ ഈ തോട്ടിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ മതില് കെട്ടിയത് മൂലം കിണറും പമ്പ് ഹൗസും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അകപ്പെട്ടിരുന്നു. നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടികാട്ടി ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: