കല്‍പ്പറ്റ : തപസ്സിലേക്ക് തിരിച്ചുതിരിച്ചുവരണമെന്ന ആഹ്വാനവുമായി കാശ്യപാശ്രമം ഏപ്രില്‍ മൂന്നിന് പ്രജ്ഞാനം ബ്രഹ്മ സംഘടിപ്പിക്കുന്നു. കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ കാശ്യപാശ്രമത്തിന്റെ കീഴില്‍ വേദം അഭ്യസിച്ച ഒന്നരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്പത്രസമ്മേളനത്തില് അറിയിച്ചു. തപസാണ് ഭാരതീയ ധര്‍മത്തിന്റെ അടിസ്ഥാനമെന്നും തപസിലേക്ക് തിരിച്ചുവരണമെന്നുള്ള ആഹ്വാനമാണ് പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള വിവിധ ചടങ്ങുകള്‍ക്ക് കടപ്പുറം വേദിയാകും. സംസ്ഥാനത്തെ ആദ്യ സ്ത്രീ വൈദിക പുരോഹിതയെ ചടങ്ങില്‍ അഭിഷിക്തയാക്കും. വേദവും വൈദികകര്മ്മകാണ്ഡവും അഭ്യസിച്ച ധന്യ ഷിനോജിനെയാണ് അഭിഷിക്തയാക്കുന്നത്. 2500 സ്ത്രീകള്‍ ഋഗ്വേദ യജുര്‍വേദ മന്ത്രങ്ങള്‍ ചൊല്ലും. 15 വര്‍ഷത്തോളം കാശ്യപാശ്രമത്തില്‍ വേദം അഭ്യസിച്ച ഏഴുപേര്‍ക്ക് വൈദികബിരുദം സമ്മാനിക്കും. വേദാധികാര വിളംബരം ആചാര്യ എം.ആര്.രാജേഷ് നിര്‍വഹിക്കും. വൈകിട്ട് നാലിന് കാശ്യപാശ്രമത്തില്‍ നിന്ന് കടപ്പുറത്തേക്ക് വേദഘോഷയാത്ര നടക്കും. കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും വാദ്യഘോഷങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും. 4.30ന് ഹിന്ദുസ്ഥാനി സംഗീതകച്ചേരി നടക്കും. കലാമണ്ഡലം രതീഷ് ഭാസിന്റെ നേതൃത്വത്തില്‍ മിഴാവില്‍ തായമ്പക അരങ്ങേറും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഒ.ബാബുരാജ് വൈദിക്, എം.സുന്ദരന്‍, വി.ശ്രീവത്സന്‍, സുഭാഷിണി, മനോജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: