കല്‍പ്പറ്റ : ഭാരതത്തിലെ മുഴുവന്‍ ഓട്ടോറിക്ഷാതൊഴിലാളികള്ക്കും ഇഎസ്ഐ പരിരക്ഷ നല്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതായി ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്.രഘുരാജ്. കേന്ദ്രം പ്രഖ്യാപിച്ച ഇഎസ്ഐ പരിരക്ഷ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും അവരുടെ കുടുംബത്തിനും പരിധിയില്ലാതെ ലഭിക്കുമായിരുന്ന ചികിത്സാസൗകര്യങ്ങളാണ് കേരളാ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ഇത് തൊഴിലാളിവിരുദ്ധ നടപടിയാണ്. ദില്ലി, ആസാം, ഹൈദരബാദ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി വിജയകരമായി നടപ്പാക്കിതുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഇഎസ്ഐ പദ്ധതിക്കായുള്ള സബ്സിഡിയറി കോര്പ്പറേഷന് രൂപീകരിക്കാത്തത് നിലവില്‍ തൊഴിലാളികള്‍ക്കും ഡിസ്പെന്‍സറികള്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം ഇതിലൂടെ നടഷ്ടമായിരിക്കുകയാണ്. നിലിവില്‍ മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡില്‍നിന്നും തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നുമാത്രമല്ല, ബോര്‍ഡിലെ കോടികള്‍ വകമാറ്റി ചെലവഴിക്കുകയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വയനാട് മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം(ബിഎംഎസ്) ജില്ലാപ്രസിഡണ്ട് ജി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി സി.കെ.സുരേന്ദ്രന്, ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്, വി.സി.രാഘവന്, കെ.വി.സനല്‍കുമാര്‍, കെ.ഹരിദാസ്, പി.എസ്.ശശിധരന്, ഷാജു, സുജിത്ത് കല്‍പ്പറ്റ, എ.കെ.വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: