പത്തനംതിട്ട: കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തങ്ങളില്ലെന്ന് സിപിഎം അണികള്‍. ആറന്മുള നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിലെ തര്‍ക്കം നേതൃത്വത്തിനെതിരേയുള്ള പ്രതിഷേധ പോസ്റ്റര്‍ പ്രചരണങ്ങള്‍ക്കും പ്രകടനത്തിനും ശേഷം നോട്ടീസ് പ്രചരണമായി. ആറന്മുള മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ ഇന്നലെ പ്രചരിച്ച നോട്ടീസിലാണ് പോസ്റ്ററൊട്ടിക്കാനും ഫണ്ട് പിരിക്കാനും വിറകുവെട്ടാനും വെള്ളംകോരാനും മാത്രം അണികളെ ഉപദേശിക്കുന്ന നേതൃത്വത്തിന് തെറ്റിയെന്ന് പ്രവര്‍ത്തകര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആറന്മുളയില് ആളിനെ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കൊടിപിടിക്കാനും പോസ്റ്ററൊട്ടിക്കാനും തങ്ങളില്ലെന്നും സേവ് എല്‍ഡിഎഫ് ഫോറം നോട്ടീസിലൂടെ പറയുന്നു.
ആറന്മുള നിയോജകമണ്ഡലത്തിന് പുറത്തുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ ഒരു എക്സ് എംഎല്‍എയും ആറന്മുള മണ്ഡലത്തിലുള്പ്പെടുകയും സ്വന്തം വാര്‍ഡില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശുപോലും ലഭ്യമാക്കാത്ത തരത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തി ആ പ്രദേശമാകെ നശിപ്പിച്ച ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചേര്‍ന്നാണ് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും നോട്ടീസില്‍ ആരോപണമുണ്ട്.
ആറന്മുളയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നിലെ നാണംകെട്ട ഇടപാടില്‍ സിപിഐ എമ്മിന്റെ ചില ജില്ലാ നേതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുന്നതിനായി വ്യവസായ പ്രമുഖരെ ഇറക്കി പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ കളിക്കുന്ന അന്തര്‍നാടകത്തില്‍ ഇടതുപക്ഷ നേതാക്കളും അകപ്പെട്ടെന്നും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും നോട്ടീസില്‍ പറയുന്നു. ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പിന്നില്‍ ലക്ഷങ്ങള്‍ ഇടപാടുണ്ടെന്നും ജില്ലയിലെ ഇടതുപക്ഷ രാഷ്ട്രീയം ചീഞ്ഞുനാറുന്നതായും ആരോപിക്കുന്ന നോട്ടീസ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കുന്നതായാണ് സൂചന.
ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പേരില്‍ നേരത്തെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം അണികള്‍ പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഓമല്ലൂരില്‍ പാര്‍ട്ടി പതാകയുമായി സിപിഎമ്മുകാര്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധപ്രകടനത്തിനിടെ അതുവഴിയെത്തിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ തടഞ്ഞുനിര്‍ത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ലോക്കല്‍ കമ്മിറ്റിയംഗങ്ങളേയും ഒരു ബ്രാഞ്ച് കമ്മിറ്റി അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ജില്ലാ സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
ആറന്മുളയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് പുറമേ കോന്നിയിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും അണികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കോന്നിയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് സഹായകരമായ നിലപാട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ സിപിഎം നേതൃത്വം സ്വീകരിച്ചതായാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കോന്നി മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളിലും പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രചണവുമായി ബന്ധപ്പെട്ട യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കാതെ വിട്ടുനിന്ന് പ്രതിഷേധിക്കുകയും ചെയ്തു. ആറന്മുളയിലും കോന്നിയിലും യുഡിഎഫിന് അനുകൂലമായ നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊള്ളുന്നതെന്നാണ് അണികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: