പെരിന്തല്‍മണ്ണ: നിയോജകമണ്ഡലത്തില്‍ തോല്‍വി മുന്നില്‍ കാണുന്ന സിപിഎമ്മിന്റെ പുതിയ ശ്രമം ബിജെപിയെ ഏതുവിധേനയും താറടിച്ചു കാണിക്കുകയെന്നതാണ്.
ഇതിനായി ശക്തമായ അപവാദ പ്രചരണമാണ് സിപിഎം നടത്തുന്നത്. നാല് കമ്മ്യൂണിസ്റ്റുകാര്‍ കൂടുന്നിടത്തൊക്കെയും പ്രധാന ചര്‍ച്ചാ വിഷയം ബിജെപി എത്ര വോട്ട് നേടുമെന്നതാണ്. മാത്രമല്ല ബിജെപിക്ക് നിയോജകമണ്ഡലത്തില്‍ എത്ര വോട്ടുണ്ടെന്ന് തീരുമാനിക്കുന്നതും സിപിഎമ്മാണ് എന്ന നിലയിലാണ് കാര്യങ്ങള്‍.
സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വന്‍തോതില്‍ വോട്ട് മറിയും എന്ന് ഭയപ്പെടുന്ന സിപിഎം നേതാക്കള്‍ അത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് മണ്ഡലത്തില്‍ നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പോലും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ സിപിഎമ്മിനായില്ല. മുന്‍ എംഎല്‍എ വി.ശശികുമാറിന്റെ പേര് ആദ്യഘട്ടം മുതല്‍ പരിഗണനയിലുണ്ടെങ്കിലും ”തന്നെ ഉപദ്രവിക്കരുതേ” എന്ന അപേക്ഷയാണ് അദ്ദേഹത്തിനുള്ളത്.
ലീഗ് സ്ഥാനാര്‍ത്ഥിയായി മഞ്ഞളാംകുഴി അലിയെ വീണ്ടും പ്രഖ്യാപിച്ചതു മുതല്‍ സിപിഎം അങ്കലാപ്പിലാണ്. കാരണം, മുമ്പ് ഇടത് സഹയാത്രികനായിരുന്ന മഞ്ഞളാംകുഴി അലിക്ക് പാര്‍ട്ടി അണികള്‍ക്കിടയില്‍ നല്ല ബന്ധം തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ വോട്ട് ബാങ്കില്‍ നിര്‍ണ്ണായക ചോര്‍ച്ചയുണ്ടാകുമെന്ന് സിപിഎം കരുതുന്നു. അങ്ങനെ വന്നാല്‍ അത് തങ്ങള്‍ക്ക് നാണക്കേടാകുമെന്നും പാര്‍ട്ടി കരുതുന്നു.
സിറ്റിംഗ് എംഎല്‍എയായിരുന്ന വി.ശശികുമാറിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തോല്‍വി സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. താഴെ തട്ടുമുതല്‍ പാര്‍ട്ടി നടത്തിയ കണക്കെടുപ്പ് പ്രകാരം പതിനായിരത്തിലധികം വോട്ടുകള്‍ക്ക് ജയിക്കുമെന്ന് വിശ്വസിച്ച മണ്ഡലമായിരുന്നു പെരിന്തല്‍മണ്ണ. ഒരുപക്ഷേ, സംസ്ഥാന ഭരണം തന്നെ സിപിഎമ്മിന് നഷ്ടപ്പെടാന്‍ കാരണമായതും പെരിന്തല്‍മണ്ണയിലെ തോല്‍വിയായിരുന്നു. കാരണം ഇടതുപക്ഷ എംഎല്‍എ ആയിരുന്ന മഞ്ഞളാംകുഴി അലി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിപിഎമ്മിനെ തള്ളിപ്പറഞ്ഞ് ലീഗിലെത്തിയത്.
കേവലം ഒരു സീറ്റ് മാത്രമല്ല, ഭരണം തന്നെ ഈ മറുകണ്ടം ചാടലിലൂടെ സിപിഎമ്മിന് നഷ്ടമായി.
കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാകും ഇക്കുറിയും സംഭവിക്കുകയെന്ന് പാര്‍ട്ടി കരുതുന്നു. അങ്ങനെയെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യം വേണം.
അതിന് തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് ബിജെപിയുടെ മുകളില്‍ കുതിര കയറാനുള്ള സിപിഎം ശ്രമം. സ്വന്തം ദൗര്‍ബല്യം മറച്ചുവയ്ക്കാനുള്ള ഒരു തരം നാടകമാണ് പെരിന്തല്‍മണ്ണിയില്‍ അരങ്ങേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: