കോന്നി: വനത്തില്‍ പാതയോരത്ത് ഒറ്റപ്പെട്ട നിലയില്‍ കണ്ടെത്തിയ കുട്ടിയാനയെ കോന്നി ആനത്താവളത്തിലെത്തിച്ചു. കോന്നി വനം ഡിവിഷനിലെ മണ്ണാറപ്പാറ റേഞ്ചില്‍പെട്ട കടമ്പുപാറ ഭാഗത്താണ് കുട്ടിക്കൊമ്പനെ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ അച്ചന്‍കോവില്‍ പാതയുടെ സമീപം എത്തിപ്പെട്ട ആനക്കൂട്ടി അതിലേപോയ വാഹനം കണ്ട് റോഡിലേക്ക് ഓടിയെത്തുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ നാട്ടുകാര്‍ കയറുകൊണ്ട് ഇതിനെ ബന്ധിക്കുകയും നപാലകരെ വിവരം അറിയിക്കുകയുമായിരുന്നു. ഉദ്ദേശം നാലുമാസം പ്രായംവരുന്ന കുട്ടിക്കൊമ്പന്റെ വാലിന് താഴെയായി ചെറിയ മുറിവുകളുമുണ്ട്. ഇതേത്തുടര്‍ന്ന് കോന്നി ഡിഎഫ്ഒ മോഹനന്‍പിള്ള, വനം വെറ്ററിനറി സര്ജന് ഡോ. സി.എസ്. ജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളേത്തുടര്ന്ന് കുട്ടിയാനയെ ആനത്താവളത്തിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. വൈകുന്നേരം 6.30ഓടെ കോന്നി ആനത്താവളത്തിലെത്തിച്ച കുട്ടിയാനയെ പ്രത്യേകം സജ്ജീകരണങ്ങളൊരുക്കി പാര്‍പ്പിച്ചു. കൂടിനുള്ളില്‍ പ്രാഥമിക ചികിത്സയും കരിക്കിന്‍വെള്ളവും ഗ്ലൂക്കോസും നല്കിയ ആനക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് വനപാലകര്‍ പറഞ്ഞു. ഇതോടെ കോന്നി ആനത്താവളത്തിലെ ആനകളുടെ എണ്ണം ഒന്‍പതായി ഇതില്‍ ഏറ്റവും പ്രായംകുറഞ്ഞ ആനയാണ് ഇന്നലെ കൊണ്ടുവന്നത്. തൊട്ടുമുകളിലുള്ളത് എട്ടുമാസം പ്രായമുള്ള പിടിയാനക്കുട്ടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: