പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി പുറത്തിറക്കിയ പ്രാഥമിക വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ 10,14,689 വോട്ടര്‍മാരുണ്ടെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍. പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലത്തില്ലാത്തവരും മരണപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്യുകയും പട്ടികയില്‍ പേര് ഉള്‍പ്പെടാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നു. നിയോജകമണ്ഡലങ്ങളില്‍ ശരാശരി രണ്ടുലക്ഷം വോട്ടര്‍മാരുണ്ടെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ജില്ലയുടെ പോളിംഗ് ശതമാനം സംസ്ഥാനശരാശരിയേക്കാള്‍കുറവായിരുന്നു. ഈ തെരെഞ്ഞെടുപ്പില്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്താനുള്ള ശ്രമമാണ്.സ്വീപ്പ് എന്ന പേരില്‍ പ്രത്യേക പരിപാടി ഇതിനായി ക്രമീകരിക്കും. 60 ശതമാനത്തില്‍ താഴെ പോളിംഗ് രേഖപ്പെടുത്തിയ 80 ഓളം ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടി നടത്തും. വിദേശത്തുള്ളവര്‍, പുറത്തു പഠിക്കുന്ന കുട്ടികള്‍ എന്നിവരുടെ വിവരശേഖരണം നടത്തി വോട്ടെടുപ്പിനെത്തുമോയെന്ന വിവരം ആരായും. ആദിവാസി, പട്ടികജാതി, വര്‍ഗ മേഖലകളില്‍ പോളിംഗ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണ പരിപാടികള്‍ കൂടുതലായി ക്രമീകരിക്കും.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിംഗ് മാത്രമാണ് ജില്ലയിലുണ്ടായത്. സംസ്ഥാന ശരാശരി 74 ശതമാനമായിരുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ പോളിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ധനയുണ്ടായില്ല. ശരാശരി 12 ലക്ഷം വോട്ടര്‍മാര്‍ മാത്രമേ ബൂത്തുകളിലെത്തുന്നുള്ളൂ. പട്ടികയില്‍ പേരുള്ളവരില്‍ മൂന്നുലക്ഷത്തോളം ആളുകള്‍ വിദേശത്താണ്.
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 891 പോളിംഗ് ബൂത്തുകള്‍ ക്രമീകരിക്കും. റാമ്പുകള്‍ ഇല്ലാത്ത 74 ബൂത്തുകള്‍ കണ്ടെത്തി. ഇവിടങ്ങളില്‍ താത്കാലിക റാമ്പ് സൗകര്യമോ, കസേരകളോ ക്രമീകരിക്കും. ഏറെ പടികള്‍ കയറേണ്ട പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ബൂത്തിലുള്‍പ്പെടെ നിരീക്ഷകരുടെ കൂടി അനുവാദത്തോടെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ക്രമീകരിച്ചതുപോലെ ഡോളി സൗകര്യം ഏര്‍പ്പെടുത്തു.
50 ബൂത്തുകള്‍ മാതൃക പോളിംഗ് സ്റ്റേഷനുകളായി ക്രമീകരിക്കും. വിവിധ രീതികളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനിടയുള്ളതും ഇതിലൂടെ പ്രശ്നങ്ങള്‍ക്കു സാധ്യതയുള്ളതുമായ 21 ബൂത്തുകള്‍ 14 സ്ഥലങ്ങളിലായി കണ്ടെത്തിയിട്ടുണ്ട്. പണം, മദ്യം തുടങ്ങിയവയുടെ സ്വാധീനം ഈ ബൂത്തുകളില്‍ ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം സ്ഥലങ്ങളിലെ ഓരോ ബൂത്തിലും നാല് പോലീസ് ഉദ്യോഗസ്ഥരെങ്കിലും ഡ്യൂട്ടിയിലുണ്ടാകും. 139 കേന്ദ്രങ്ങളിലായി 151 ബൂത്തുകള്‍ പ്രശ്നസാധ്യത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്.
ഗവി, കട്ടച്ചിറ, ആവണിപ്പാറ, കൊച്ചുപമ്പ പോളിംഗ് ബൂത്തുകള്‍ ഉള്‍പ്രദേശങ്ങളിലായതിനാല്‍ വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനു നിര്‍ദേശമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ട 45 പോളിംഗ് സ്റ്റേഷനുകളില്‍ ഇക്കുറി വനിത ഉദ്യോഗസ്ഥര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇത്തരം ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നാല് വനിത പോളിംഗ് ഓഫീസര്‍മാര്‍ക്കൊപ്പം ഇത്തരം ബൂത്തുകളില്‍ സുരക്ഷ ഡ്യൂട്ടിയില്‍ വനിത പോലീസ് ഓഫിസറുമായിരിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിര്‍ദേശപ്രകാരം വനിതകളെ മാത്രം ജോലിക്കു നിയോഗിക്കുന്ന ബൂത്തുകള്‍ നേരത്തെ തന്നെ കണ്ടെത്തി പട്ടിക നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന വനിതകളില്‍ നിന്ന് ഇത്തരം ബൂത്തുകളിലേക്കുള്ളവരെ ആദ്യമേ നിശ്ചയിക്കും.
അഞ്ച് നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളെ നിശ്ചയിച്ചു. തിരുവല്ലയില്‍ സബ്കളക്ടര്‍, അടൂരില്‍ ആര്‍ഡിഒയും വരണാധികാരികളായിരിക്കും. ആറന്മുള – ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍), റാന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ), കോന്നി – ഡെപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍).തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 4781 ഉദ്യോഗസ്ഥരെ ജില്ലയില്‍ നിയോഗിക്കും. ഇവരുടെ പട്ടിക തയാറായി വരികയാണ്. 1115 പേര് പ്രിസൈഡിംഗ് ഓഫീസര്‍മാരായിരിക്കും. 25 ശതമാനം ആളുകളെ റിസര്‍വായി കരുതും.തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് 313 വാഹനങ്ങളുടെ ആവശ്യം കണ്ടെത്തിയിട്ടുണ്ട്. ആവശ്യമുള്ള വാഹനങ്ങളുടെ പട്ടിക മോട്ടോര്‍ വാഹനവകുപ്പിനു നല്‍കുകയും ഇതനുസരിച്ച് ബസ്, മിനി ബസ്, ജീപ്പ് എന്നിവയുടെ നമ്പര്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും ഉദ്യോഗസ്ഥരെയും ബൂത്തുകളില്‍ എത്തിക്കുന്നതും മടക്കിക്കൊണ്ടുവരുന്നതും കൂടാതെ സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തിനും വാഹനങ്ങള്‍ ആവശ്യമായിട്ടുണ്ട്. മൂന്ന് ഫ്ളൈയിംഗ് സ്ക്വാഡുകള്‍, ചെലവു പരിശോധന വിഭാഗം എന്നിവ, വീഡിയോ റിക്കാര്‍ഡിംഗ് തുടങ്ങിയ സ്ക്വാഡുകളും 14 പ്രത്യേക വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
1442 വോട്ടിംഗ് യന്ത്രങ്ങളാണ് ജില്ലയിലെത്തിച്ചിരിക്കുന്നത്. ഇതില്‍ 1440 എണ്ണവും ഉപയോഗയോഗ്യമെന്ന് കണ്ടെത്തി.
1055 കണ്ട്രോള് യൂണിറ്റുകളും പ്രവര്‍ത്തനക്ഷമമായുണ്ട്. നിരീക്ഷകര്‍ കൂടി എത്തിക്കഴിഞ്ഞാല്‍ ഇവയുടെ പരിശോധന പൂര്‍ണമാകും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും പരാതികളും ഇ ഗവേണന്‍സിലൂടെയായിരിക്കും. വാഹനങ്ങളുടെ പാസ്, മൈക്ക് അനൗണ്‍സ്മെന്റ് അനുമതി എന്നിവയ്ക്കുള്ള അപേക്ഷകള്‍ നല്‍കേണ്ടതും അനുമതി നല്‍കുന്നതും ഇ ഗവേണന്‍സിലൂടെയാണ്. ഇ – അനുമതി എന്ന സൈറ്റാണ് ഉപയോഗിക്കേണ്ടത്.
ഇ പരാതി എന്ന സൈറ്റും തുറന്നിട്ടുണ്ട്. ഇതിലേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കും. പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികള്‍ ഇതിലൂടെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: