വണ്ടൂര്‍: ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി ഷിജിന്കുമാര് ചിത്രരചനയിലൂടെ സ്വന്തമാക്കിയത് നൂറുകണക്കിന് ട്രോഫികള്‍. പക്ഷേ ഈ ട്രോഫികള്‍ സൂക്ഷിക്കാന്‍ വീട്ടില്‍ സ്ഥലമില്ല.
മരപ്പണിക്കാരനായ മൂത്താട്ട് സുബ്രഹ്മണ്യന്റെ മകനായ ഈ പതിനഞ്ചുകാരന് തന്റെ ട്രോഫികള്‍ ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന സുബ്രഹ്മണ്യന് മകന് ലഭിച്ച പുരസ്കാരങ്ങള്‍ അനാഥമായി കിടക്കുന്നതില്‍ വിഷമമുണ്ട്. ചെറുപ്പം മുതല്‍ ചിത്രരചനയില്‍ വളരെ തല്പരനായിരുന്ന ഷിജിന്. ഇതിനോടകം നിരവധി മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു. ഇവയൊന്നും സൂക്ഷിക്കാന്‍ നല്ലൊരു അലമാര പോലും ഷിജിന്റെ വീട്ടിലില്ല. എളങ്കൂര്‍ പിഎംഎസ്എ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പത്താംതരം വിദ്യാര്‍ത്ഥിയായ ഷിജിന്റെ ഗുരു സ്കൂളിലെ ചിത്രകലാധ്യാപകനായ രാജന് കുറ്റിയാടിയാണ്. അടുത്തിടെ വനംവകുപ്പ് സംഘടിപ്പിച്ച മൈട്രീ പദ്ധതി മത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയത് ഷിജിനായിരുന്നു. എക്സൈസ് വകുപ്പ് സംഘടിപ്പിച്ച മത്സരത്തില്‍ ജില്ലയില്‍ ഒന്നാമനായി.
ചിത്രകലയില്‍ മികച്ചനേട്ടം കൈവരിക്കുമ്പോഴും മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന സങ്കടവും ഷിജിന് പങ്കുവെക്കുന്നു. ലോകമറിയുന്ന ചിത്രകാരനാകണമെന്നാണ് ഷിജിന്റെ ആഗ്രഹം. രമണിയാണ് അമ്മ ഷിബിന്‍കുമാര്‍ സഹോദരനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: